Monday, September 16, 2013

ബാങ്ക് ജീവനക്കാരുടെ അവധികള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം

 ബാങ്ക് ജീവനക്കാരുടെ അവധിദിനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിന്റെ തുടക്കമെന്നോണമാണ് ഓണനാളിലും ജീവനക്കാര്‍ ജോലിചെയ്യണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശം. അര്‍ധവാര്‍ഷിക കണക്കെടുപ്പിന് മുന്നോടിയായി കോര്‍പറേറ്റ് നികുതി സ്വീകരിക്കാനെന്ന പേരിലാണ് ഉത്രാടദിവസമായ ഞായറാഴ്ച ബാങ്കുകളുടെ അവധി റദ്ദാക്കി റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരമുള്ള അവധിയാണ് പിന്‍വലിച്ചത്.

എന്നാല്‍, ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകളുടെ സംയുക്തവേദി ആഹ്വാനമനുസരിച്ച് ഞായറാഴ്ച ആരും ജോലിക്ക് ഹാജരായില്ല. സെപ്തംബര്‍ 30നാണ് അര്‍ധവാര്‍ഷിക കണക്കെടുപ്പ്. കോര്‍പറേറ്റ് കമ്പനികളും സ്ഥാപനങ്ങളും 15 ദിവസം മുമ്പ് നികുതി സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് ഞായറാഴ്ചയായിരുന്നു കോര്‍പറേറ്റ് നികുതി പിരിവിനുള്ള അവസാന തീയതി. ഇക്കാര്യം കാണിച്ചാണ് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍. എന്നാല്‍, ശനിയാഴ്ചവരെയും നികുതി സമര്‍പ്പിക്കാമായിരുന്നുവെന്നും ഭൂരിഭാഗവും ഈ സമയം ഉപയോഗപ്പെടുത്തിയെന്നും ജീവനക്കാര്‍ പറയുന്നു.

കഴിഞ്ഞ ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളിലും വാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ച് അവധി റദ്ദാക്കിയിരുന്നു. ഈ ദിവസങ്ങളിലാകട്ടെ കാര്യമായ ഇടപാടും നടന്നില്ല. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി തുടങ്ങിയ ദിവസങ്ങള്‍ ഒഴികെ ബാക്കിയെല്ലാ അവധിദിവസങ്ങളും വെട്ടിച്ചുരുക്കാനുള്ള ശ്രമവും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്. അവധിദിനങ്ങള്‍ റദ്ദാക്കിയും അസമയത്ത് ജോലിചെയ്യിച്ചും ബാങ്ക് ഇടപാടുകള്‍ സ്വകാര്യകമ്പനികളുടെ കൈയിലെത്തിക്കുക എന്ന രഹസ്യ അജന്‍ഡയും സര്‍ക്കാരിനുണ്ടെന്നാണ് ജീവനക്കാരുടെ ആക്ഷേപം.

പുതുതായി ആവിഷ്കരിച്ച സിടിഎസ് (ചെക്ക് ട്രങ്കബിള്‍ സിസ്റ്റം) ചെക്കുകളുടെ മറപിടിച്ചാണ് ബാങ്കുകളിലേക്ക് കുത്തകകളെ ക്ഷണിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന എംഐസിആര്‍ ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്നത് ഇപ്പോള്‍ സ്വകാര്യ കമ്പനികളാണ്. പ്രമുഖ കുത്തകയായ ബെന്നറ്റ് ആന്‍ഡ് കോള്‍മാനാണ് ഇതിന്റെ കരാര്‍. ഇവര്‍ക്ക് കീഴില്‍ മറ്റ് സ്വകാര്യ ഏജന്‍സികളുമുണ്ട്. രാത്രി ഒമ്പത് മുതലാണ് ഇവരുടെ ജോലി. ഈ സമയത്ത് ബാങ്കിലെ ഒരുവിഭാഗം ജീവനക്കാരും ജോലി ചെയ്യേണ്ടി വരും. ജോലിസമയം കഴിഞ്ഞ് ചെക്കുകള്‍ എത്തിക്കാനും മറ്റും ബാങ്കുകളിലെ ജീവനക്കാര്‍ക്ക് പ്രയാസമാണെങ്കില്‍ അത് പുറംകരാര്‍ നല്‍കാമെന്നാണ് കുത്തകകളുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാട്.

ഓണദിവസം അവധി റദ്ദാക്കിയതിനെക്കുറിച്ച് സംഘടനകള്‍ കേന്ദ്ര ധനമന്ത്രി, മുഖ്യമന്ത്രി, റിസര്‍വ് ബാങ്ക്, രാജ്യത്തെ ബാങ്കുകളുടെ സംഘടനയായ ഐബിഎ, കേരളത്തിലെ ലീഡ് ബാങ്കായ കാനറാ ബാങ്ക് എന്നിവക്ക് പരാതി നല്‍കിയിരുന്നു. റിസര്‍വ് ബാങ്കും ഐബിഎയും അനുകൂലമായി പ്രതികരിച്ചെങ്കിലും കേന്ദ്ര ധനകാര്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് അവധി നല്‍കേണ്ടതില്ല എന്ന് തീരുമാനമായത്. ഈ തീരുമാനത്തെയാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ചെറുത്തത്.

deshabhimani

No comments:

Post a Comment