രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തില്‍ തുടരുന്ന വ്യാപക അഴിമതിയും തലവരിവാങ്ങല്‍ ഉള്‍പ്പെടെ അനീതികളും തടയാന്‍ പാര്‍ലമെന്റ് നിയമം നിര്‍മിക്കണമെന്ന് സുപ്രീംകോടതി. കോളേജുകളും ടെക്നിക്കല്‍ കോളേജുകളും വിദ്യാര്‍ഥികളില്‍നിന്ന് തലവരി വാങ്ങുന്നത് നിയമവിരുദ്ധവും അധാര്‍മികവുമാണ്. ഇത് തടയാന്‍ നിയമനിര്‍മാണം അനിവാര്യം. സമൂഹം അതാവശ്യപ്പെടുന്നുണ്ടെന്നും കോടതി പറഞ്ഞു.
2013-14 വര്‍ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് തടയുന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കത്ത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ റോഹില്‍ഖണ്ഡ് മെഡിക്കല്‍ കോളേജ് നല്‍കിയ ഹര്‍ജി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, എ കെ സിക്രി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. സ്വാശ്രയസ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍നയം ഈ മേഖലയില്‍ നീതിരഹിതമായ കീഴ്വഴക്കങ്ങളും നിയമലംഘനവും വ്യാപകമാക്കി. കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ തലവരി നിരോധിച്ച് നിയമം പാസാക്കി. പക്ഷേ, അവ ദുര്‍ബലമാണ്. നിയമലംഘകര്‍ തുച്ഛമായ പിഴയൊടുക്കി രക്ഷപ്പെടുന്നു.
പഠനമികവുള്ളവരും എന്നാല്‍, ദരിദ്രരുമായ കുട്ടികള്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത് അവസാനിപ്പിക്കണം. സ്വാശ്രയസ്ഥാപനങ്ങളിലെ വിദ്യാഭ്യാസനിലവാരം തകര്‍ന്നു. അവ ധനകാര്യസ്ഥാപനങ്ങളായി മാറിയ സാഹചര്യത്തില്‍, സര്‍ക്കാര്‍ ഉചിതമായ നിയമനിര്‍മാണം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കണം. സാങ്കേതിക, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നീതിരഹിതമായ കീഴ്വഴക്കങ്ങള്‍ തടയുന്ന ബില്‍ 2010ല്‍ പാര്‍ലമെന്റിന്റെ ഇരുസഭയിലും അവതരിപ്പിച്ചു. സംസ്ഥാനങ്ങള്‍ അതിനെ സ്വാഗതംചെയ്തു. എന്നാല്‍, തുടര്‍നടപടികളുണ്ടായില്ല. എംബിബിഎസിനും ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്കും സ്വാശ്രയസ്ഥാപനങ്ങള്‍ ഫീസായും സംഭാവനയായും കോടികള്‍ വാങ്ങുന്നു. കൂടുതല്‍ സീറ്റിനായി ഈ സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന സമ്മര്‍ദം വിദ്യാര്‍ഥിസമൂഹത്തിന്റെ ക്ഷേമത്തിനോ സാമൂഹ്യസേവനത്തിനോ അല്ല. മറിച്ച് സ്വന്തം നേട്ടത്തിനാണ്.
തലവരിപ്പണം സ്വീകരിക്കാനോ അതുവഴി ലാഭമുണ്ടാക്കാനോ പാടില്ലെന്ന ടി എം എ പൈ ഫൗണ്ടേഷന്‍ കേസിലെ വിധി നിലനില്‍ക്കെ കോടതിക്ക് കണ്ണടയ്ക്കാനാകില്ല. കേന്ദ്രസര്‍ക്കാരും ആരോഗ്യ കുടുംബക്ഷേമമന്ത്രാലയവും സിബിഐയും ഇന്റലിജന്‍സ് വിഭാഗവും ഇതൊക്കെ തടയാതിരുന്നാല്‍ സ്വാശ്രയസ്ഥാപനങ്ങള്‍ വന്‍കിട ധനകാര്യസ്ഥാപനങ്ങളായി മാറും. സിബിഐ നടത്തിയ അന്വേഷണങ്ങള്‍ ഈ മേഖലയിലെ ദയനീയസ്ഥിതി വെളിച്ചത്തുകൊണ്ടുവന്നു. ചില പരിഹാരമാര്‍ഗങ്ങള്‍ അടിയന്തിരമായി കൊണ്ടുവരേണ്ടതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി രാംദാസിനെ സിബിഐ കുറ്റപ്പെടുത്തിയത് വിദ്യാഭ്യാസസമ്പ്രദായം ദുഷിച്ചതിന്റെ തെളിവാണ്-കോടതി പറഞ്ഞു.
deshabhimani
No comments:
Post a Comment