കേരളത്തിലെ പാഠ്യപദ്ധതി അട്ടിമറിക്കാന്‍ പി കെ അബ്ദുള്‍ അസീസ് കമ്മിറ്റി റിപ്പോര്‍ട്ട് മറയാക്കി അണിയറനീക്കം. മറ്റു സംസ്ഥാനങ്ങളിലെ സിലബസുമായി താരതമ്യത്തിന് പോലും തയ്യാറാകാതെയാണ് പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ദേശീയശ്രദ്ധ നേടിയ ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം ഉപേക്ഷിച്ച് അധ്യാപക കേന്ദ്രീകൃത പഠനം തിരികെകൊണ്ടുവരാനാണ് പരോക്ഷമായി കമ്മിറ്റി നിര്‍ദേശിക്കുന്നത്. ഇത് ഗൈഡ് ലോബികളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും മുമ്പേ ഈ മാതൃകയിലുള്ള പാഠപുസ്തക രചനയും ആരംഭിച്ചു. ഇതോടെ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരമില്ലാതെ പാഠപുസ്തകം പരിഷ്കരിക്കുകയെന്ന തെറ്റായ കീഴ്വഴക്കവും സൃഷ്ടിച്ചു.
ദേശീയ നിലവാരമനുസരിച്ച് പാഠ്യപദ്ധതി മാറ്റാന്‍ ശുപാര്‍ശ സമര്‍പ്പിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചത്. പ്രൊജക്ടുകള്‍ ആധാരമാക്കിയുള്ള പഠനം, പ്രശ്ന പരിഹാര പഠനം, ഐടി അധിഷ്ഠിത പഠനം, ചിന്താനൈപുണി വികസിപ്പിക്കുന്ന അധ്യാപനം, സഹവര്‍ത്തിത പഠനം, കുട്ടികളെ വിലയിരുത്തല്‍, സ്വയം വിലയിരുത്തല്‍, പരസ്പരം വിലയിരുത്തല്‍, യഥാസമയം ഫീഡ്ബാക്ക് നല്‍കല്‍, വിഷയങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചു പഠിക്കല്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാവണം പുതിയ പഠനരീതിയെന്നാണ് കമ്മിറ്റിയുടെ പ്രധാന കണ്ടെത്തല്‍. എന്നാല്‍ കേരളത്തില്‍ നിലവിലുള്ളത് ഈ പാഠ്യപദ്ധതിയാണ് എന്ന കാര്യം മറച്ചുവച്ചാണ് ഈ നിര്‍ദേശം. ഭാഷാപഠനത്തില്‍ അലങ്കാരം, ചമത്കാരം, വൃത്തം എന്നിവ തിരികെകൊണ്ടുവരണമെന്നും കമ്മിറ്റി പറയുന്നു. മനഃപാഠ പഠനരീതി പ്രോത്സാഹിപ്പിക്കുന്ന ശുപാര്‍ശകളാണ് സമിതി നിര്‍ദേശിക്കുന്നത്. നിരന്തര മൂല്യനിര്‍ണയത്തെ തഴഞ്ഞ് അഞ്ചിലും എട്ടിലും പൊതുപരീക്ഷ നടത്തണമെന്നും നിര്‍ദേശമുണ്ട്. നിലവിലുള്ള പരീക്ഷകള്‍തന്നെ കൃത്യമായി നടത്താനാകാത്ത വിദ്യാഭ്യാസ വകുപ്പ് രണ്ട് പൊതുപരീക്ഷകള്‍ കൂടി ഏറ്റെടുക്കേണ്ടി വരും. ഈ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ എന്ത് നടപടിയെടുക്കണമെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാംതരംവരെ ഒരു ക്ലാസിലും പരാജയപ്പെടുത്തരുത് എന്നിരിക്കെ അഞ്ചിലെയും എട്ടിലെയും പരീക്ഷയുടെ അടിസ്ഥാനത്തില്‍ എന്ത് വിധിനിര്‍ണയമാണ് നടത്തുക എന്നതിലും വ്യക്തതയില്ല. പാഠപുസ്തകങ്ങളില്‍ ഉള്ളടക്കം കുറവാണെന്നും സാമൂഹ്യപ്രശ്നങ്ങള്‍ പരിഗണിച്ചില്ലെന്നും പറയുന്ന കമ്മിറ്റി പാഠ്യപദ്ധതി എട്ടു സാമൂഹിക പ്രശ്നങ്ങളെ മാത്രമാണ് പരിഗണിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നു. അതേസമയം സ്ത്രീ വിവേചനം, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ അവസ്ഥ, പരിസ്ഥിതി പ്രശ്നം, വികസനപ്രശ്നം തൊഴിലിന്റെ മഹത്വം, ഉപഭോഗാസക്തി, കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യപ്രശ്നങ്ങള്‍ കുട്ടികള്‍ അറിയേണ്ടതില്ലെന്ന് വാദിക്കുന്നവര്‍ ലക്ഷ്യമിടുന്നത് അരാഷ്ട്രീയവല്‍ക്കരണമാണെന്നും വ്യക്തം. 2005ല്‍ എന്‍സിഇആര്‍ടി കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ കേരളം പാഠ്യപദ്ധതിയുടെ നിലവാരത്തില്‍ ഒന്നാമതാണെന്ന് കണ്ടെത്തിയിരുന്നു. ഈ വസ്തുത മറച്ചുവച്ചാണ് കേരളം നിരാകരിച്ച പരമ്പരാഗത അധ്യാപനത്തിലേക്ക് തിരിച്ചുപോകാനുള്ള ശ്രമം.
(ബിജു കാര്‍ത്തിക്) deshabhimani
No comments:
Post a Comment