Tuesday, September 3, 2013

ഹൈക്കോടതി ചോദിക്കുന്നു: സര്‍ക്കാര്‍ എന്തിനിങ്ങനെ തരംതാഴുന്നു?

മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെതിരായ ഭൂമി ഇടപാട് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. കേസില്‍ മലയാളത്തിലുള്ള രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ ഹാജരാക്കാത്തതിനാണ് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്. രജിസ്ട്രേഷന്‍വകുപ്പില്‍നിന്ന് രേഖകള്‍ ലഭിക്കാന്‍ സര്‍ക്കാരിന് സംവിധാനമുണ്ടെന്നിരിക്കെ സര്‍ക്കാര്‍ എന്തുകൊണ്ടാണ് സാധാരണ വ്യവഹാരിയെപ്പോലെ തരംതാഴുന്നതെന്ന് കോടതി ചോദിച്ചു. സലിംരാജ് ഉള്‍പ്പെടെയുള്ള ആരോപണവിധേയരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പിടിച്ചെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അഡ്വക്കറ്റ് ജനറല്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ വിനോദ്ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍.

ഇടപ്പള്ളി സ്വദേശി ഷെരിഫയുടെ ഹര്‍ജിയില്‍ ഫോണ്‍വിശദാംശങ്ങള്‍ പിടിച്ചെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് വിധിക്ക് സ്റ്റേ സമ്പാദിക്കാനാണ് രേഖകളുടെ ഇംഗ്ലീഷ് പരിഭാഷയില്ലാതെ തിടുക്കത്തില്‍ അഡ്വക്കറ്റ് ജനറല്‍ അപ്പീല്‍ ഫയല്‍ചെയ്തത്. പരിഭാഷ ഹാജരാക്കാത്തതിനാല്‍ അപ്പീലിന് കോടതി രജിസ്ട്രി നമ്പര്‍ അനുവദിച്ചില്ല. പരിഭാഷ ഹാജരാക്കാന്‍ സാവകാശം അനുവദിക്കണമെന്ന് രണ്ടാംവട്ടവും സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. സമാനമായ മറ്റൊരു കേസില്‍ അഡ്വക്കറ്റ് ജനറല്‍ നേരത്തെ സ്റ്റേ സമ്പാദിച്ചിരുന്നു.

സര്‍ക്കാരിനെ നേരിട്ട് ബാധിക്കാത്ത വിധിക്കെതിരെ അഡ്വക്കറ്റ് ജനറല്‍ നേരിട്ട് ഹാജരായി സ്റ്റേ സമ്പാദിച്ചത് നേരത്തെ വിവാദമായിരുന്നു. സലിംരാജിനെ രക്ഷിക്കാനാണ് അഡ്വക്കറ്റ് ജനറല്‍തന്നെ നേരിട്ട് ഹാജരായതെന്ന വിമര്‍ശവും ഉയര്‍ന്നിരുന്നു. ഇടപ്പള്ളി വില്ലേജിലെ പത്തടിപ്പാലത്ത് ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്നും ഇതിന്റെ അന്വേഷണം അട്ടിമറിക്കുന്നതിന് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള സലിംരാജ് ശ്രമിച്ചെന്നും പരാതികള്‍ നല്‍കിയിട്ടും നടപടിയില്ലെന്നുമാണ് ഷെരിഫയുടെ ആരോപണം. കടകംപള്ളി വില്ലേജിലെ സമാന കേസടക്കം രണ്ടു കേസുകളിലും സലിംരാജിന്റേതടക്കമുള്ള മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ പിടിച്ചെടുക്കാന്‍ സിംഗിള്‍ ബെഞ്ച് ഐജിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ആദ്യ കേസിലാണ് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചത്.

deshabhimani

No comments:

Post a Comment