Saturday, September 4, 2010

ഐസക്കിന്റെ വെല്ലുവിളി; ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒഴിഞ്ഞുമാറി

അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച് പരസ്യസംവാദത്തിന് മന്ത്രിടി എം തോമസ് ഐസക്കിന്റെ വെല്ലുവിളി സ്വീകരിക്കാതെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തടിയൂരി. ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗത്തിനു പകരം നേരിട്ട് സംവാദത്തില്‍ പങ്കെടുക്കാന്‍ തയ്യാറുണ്ടോയെന്ന് ഐസക് ചോദിച്ചു.

ഒമ്പതിന് കോഴിക്കോട്ട് കേളു ഏട്ടന്‍ സ്മാരക പഠനകേന്ദ്രമാണ് സംവാദം സംഘടിപ്പിക്കുന്നത്. ലോട്ടറിവിവാദവുമായി ബന്ധപ്പെട്ട് ഐസക് എഴുതിയ 'ലോട്ടറി വിവാദം മറ്റൊരു ചൂതാട്ടം' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന്റെ ഭാഗമായാണ് സംവാദം. സംവാദത്തില്‍ ആര്‍ക്കും ചോദ്യമുന്നയിക്കാമെന്ന് ഐസക് വ്യക്തമാക്കി. ഒരു സ്വതന്ത്രപാനല്‍ സംവാദം നിയന്ത്രിക്കും. ലോട്ടറി വിവാദത്തിലെ കള്ളക്കളികള്‍ സംവാദം പുറത്തുകൊണ്ടുവരും. കേന്ദ്രഗവമെന്റ് എന്തുചെയ്തു എന്ന ചോദ്യവും സംവാദത്തില്‍ ഉയരും. മുന്‍ യുഡിഎഫ് ഗവമെന്റിന്റെ കള്ളക്കളിയും ലോട്ടറിമാഫിയക്കുള്ള കേന്ദ്രഗവമെന്റിന്റെ ഒത്താശയും മറനീക്കി പുറത്തുവരുമെന്നും ഇത് തുറന്നുകാണിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും ഉറപ്പുള്ളതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒഴിഞ്ഞുമാറിയത്. ലോട്ടറിവിഷയത്തില്‍ കോണ്‍ഗ്രസും മാധ്യമങ്ങളും സൃഷ്ടിക്കുന്ന പുകമറയാണ് ഇതുവഴി വ്യക്തമായത്. ലോട്ടറി മറയാക്കി യുഡിഎഫ് ആസൂത്രണംചെയ്ത രാഷ്ട്രീയചൂതാട്ടത്തിന്റെ കള്ളി പുറത്താകുമെന്നു കണ്ടാണ് സംവാദത്തെ ഇക്കൂട്ടര്‍ ഭയക്കുന്നത്. സംവാദമല്ല നടപടിയാണ് വേണ്ടതെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടി പിന്മാറിയപ്പോള്‍ യുഡിഎഫിന്റെ ഒരു പ്രതിനിധി പങ്കെടുക്കുമെന്നു പറഞ്ഞ് ചെന്നിത്തലയും തടിയൂരി.

ലോട്ടറി നിരോധനത്തിന് കേന്ദ്രഗവമെന്റ് അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ആയിരിക്കെ കേന്ദ്രസര്‍ക്കാരിനയച്ച കത്തുകളെക്കുറിച്ചും സര്‍വകക്ഷിനിവേദനത്തില്‍ പ്രതിപക്ഷനേതാവ് എന്ന നിലയ്ക്ക് ഒപ്പിട്ടതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടി മൌനം തുടരുകയാണ്. ഇതിനും ലോട്ടറിക്കാര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനുമൊക്കെ ജനമധ്യത്തില്‍ മറുപടി പറയേണ്ടിവരുമെന്ന ഭീതി ഉമ്മന്‍ചാണ്ടിയെ അലട്ടുന്നതിന്റെ തെളിവാണിത്. അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ അധികാരം നല്‍കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ നിരന്തരമായ ആവശ്യം ചെവിക്കൊള്ളാത്ത കേന്ദ്രഗവമെന്റ് നിലപാട് ഒളിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും മനോരമയടക്കമുള്ള ചില മാധ്യമങ്ങളും കള്ളപ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യാഥാര്‍ഥ്യം തുറന്നുകാട്ടാന്‍ സംവാദത്തിന് ഐസക് തീരുമാനിച്ചത്. ലോട്ടറിരാജാവും കോണ്‍ഗ്രസ് മുന്‍ എംപിയുമായ മണികുമാര്‍ സുബ്ബയടക്കമുള്ളവരുടെ സമ്മര്‍ദത്തിനു കീഴടങ്ങിയാണ് അന്യസംസ്ഥാന ലോട്ടറികളുടെ കൊള്ളയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അവസരം ഒരുക്കുന്നത്. ലോട്ടറികളെ നിയന്ത്രിക്കാനും നിരോധിക്കാനുമുള്ള അധികാരം കേന്ദ്രഗവമെന്റില്‍മാത്രം നിക്ഷിപ്തമാക്കിയ നിയമം കോടതികളിലും ലോട്ടറിമാഫിയക്ക് തുണയാവുകയാണ്. സംസ്ഥാനസര്‍ക്കാര്‍ എടുത്ത എല്ലാ നടപടിയും കോടതികള്‍ തടയുന്ന സ്ഥിതി നിലനില്‍ക്കുന്നു.

ലോട്ടറി: മന്ത്രി ഐസക്കുമായി സംവാദം 9ന്

ലോട്ടറി വിവാദം ഉയര്‍ത്തുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കുമായി ജനങ്ങള്‍ക്ക് സംവാദം നടത്താന്‍ അവസരം. കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രമാണ് ഇതിനായി വേദിയൊരുക്കുന്നത്. ഒമ്പതിന് കോഴിക്കോട് ടൌഹാളില്‍ വൈകിട്ട് നാലുമുതല്‍ ആറുവരെയാണ് പരിപാടി. ചടങ്ങില്‍ ഐസക്ക് രചിച്ച 'ലോട്ടറി-വിവാദങ്ങളുടെ ചൂതാട്ടം' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ലോട്ടറി വിവാദം ഒളിപ്പിക്കുന്ന വസ്തുതകളും അന്യസംസ്ഥാന ലോട്ടറിക്കെതിരെ നിയമ നടപടികള്‍ അസാധ്യമാക്കുന്ന കേന്ദ്ര നിയമവും ചിദംബരം മുതല്‍ മണികുമാര്‍ സുബ്ബ വരെയുള്ളവര്‍ പാവപ്പെട്ടവരെ പിഴിഞ്ഞൂറ്റാനായി നടത്തിയ ഭരണകൂട ഗൂഢാലോചനകളും തുറന്നുകാട്ടുന്ന പരിപാടിയില്‍ ജനങ്ങള്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ അറിയിച്ചു.

deshabhimani 04092010

4 comments:

  1. അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച് പരസ്യസംവാദത്തിന് മന്ത്രിടി എം തോമസ് ഐസക്കിന്റെ വെല്ലുവിളി സ്വീകരിക്കാതെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തടിയൂരി. ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗത്തിനു പകരം നേരിട്ട് സംവാദത്തില്‍ പങ്കെടുക്കാന്‍ തയ്യാറുണ്ടോയെന്ന് ഐസക് ചോദിച്ചു.

    ReplyDelete
  2. ഐസക് നിലവിളിക്കുന്നതു ആര്‍ക്കുവേന്ദി????

    ReplyDelete
  3. കേളു ഏട്ടന്റെ സ്മരണക്കായി നാദാപുരത്ത് സിപിഐ എമ്മിന് ആസ്ഥാനമന്ദിരം ഞായറാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. എ കണാരന്‍, ഇ വി കുമാരന്‍ സ്മാരക ഓഡിറ്റോറിയം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇഎംഎസ് സ്മാരക ലൈബ്രറി പി മോഹനനും കേളു ഏട്ടന്റെ ഫോട്ടോ അനാച്ഛാദനം വി പി കുഞ്ഞികൃഷ്ണനും നിര്‍വഹിക്കും

    ReplyDelete
  4. നാദാപുരം: ആയിരങ്ങളെ സാക്ഷിനിര്‍ത്തി നാദാപുരത്ത് കേളുഏട്ടന്‍ സ്മാരകമന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പാര്‍ടി പ്രവര്‍ത്തകര്‍ക്കൊപ്പം കക്ഷിരാഷ്ട്രീയത്തിനധീതമായ ബഹുജനപങ്കാളിത്തവും പരിപാടിയെ ശ്രദ്ധേയമാക്കി. നാദാപുരം ടൌണില്‍നിന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെയാണ് നേതാക്കളെ സ്വീകരിച്ചത്. എ കണാരന്റെയും ഇ വി കുമാരന്റെയും സ്മരണയ്ക്കായി നിര്‍മിച്ച ഓഡിറ്റോറിയം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഇ എം എസ് സ്മാരക ഓഡിറ്റോറിയം ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്‍ ഉദ്ഘാടനംചെയ്തു. കേളുഏട്ടന്റെ ഫോട്ടോ ജില്ലാ കമ്മിറ്റിയംഗം വി പി കുഞ്ഞികൃഷ്ണനും എ കണാരന്റെ ഫോട്ടോ സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവിയും ഇ വി കുമാരന്റെ ഫോട്ടോ കെ കെ ലതിക എംഎല്‍എയും അനാഛാദനംചെയ്തു. ഏരിയാ സെക്രട്ടറി പി കെ ബാലന്‍ അധ്യക്ഷനായി. സി എച്ച് മോഹനന്‍ സ്വാഗതവും നെരോത്ത് ഫൈസല്‍ നന്ദിയും പറഞ്ഞു. കൈരളി പട്ടുറുമാല്‍ ടീമിന്റെ ഗാനമേളയും അരങ്ങേറി.

    ReplyDelete