Thursday, September 2, 2010

ദൈവവിശ്വാസികളേ ഇതിലേ... ഇതിലേ....

ലോകചരിത്രത്തില്‍ മധ്യകാലഘട്ടങ്ങളെ അന്ധകാരയുഗം എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നു. യൂറോപ്പില്‍ ക്രൈസ്തവസഭ പ്രാചീനവും പരമ്പരാഗതവും മസ്തിഷ്ക പ്രക്ഷാളിതവുമായ യാഥാസ്ഥിതിക ചിന്താഗതിയില്‍ സാധാരണക്കാരെ തളച്ചിട്ടിരുന്നതിനാല്‍ അജ്ഞാനത്തിന്റെ അന്ധകാരത്തില്‍ നൂറ്റാണ്ടുകള്‍ കടന്നുപോയി. യുക്തിചിന്തകളും ശാസ്ത്രീയ പുരോഗതിയും അന്യമായിരുന്ന അന്ധകാരയുഗത്തിലേക്ക് കേരളത്തിലെ ക്രൈസ്തവ വിശ്വാസികളെ മാറ്റിനിര്‍ത്തുവാന്‍ ചില ക്രൈസ്തവ മേലധ്യക്ഷന്മാര്‍ പരോക്ഷമായി നടത്തുന്ന ശ്രമങ്ങള്‍ വര്‍ത്തമാനകാല സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതായിട്ടുണ്ട്.

അനീതിയിലും അഴിമതിയിലും ധൂര്‍ത്തിലും അടിസ്ഥാനപ്പെട്ടിട്ടുള്ള മതനേതാക്കന്മാര്‍ക്കും ഭരണാധികാരികള്‍ക്കും വിമര്‍ശന ചിന്തകളെയും സര്‍ഗ്ഗാത്മക സാധ്യതകളേയും തളര്‍ത്തേണ്ടതായിട്ടുണ്ട്. കപട ആത്മീയതകൊണ്ടും വിശ്വാസതന്ത്രങ്ങള്‍കൊണ്ടും മാത്രം ജനങ്ങളെ സംശയത്തിന്റെയും തെറ്റിദ്ധാരണകളുടെയും ഇരുട്ടറകളിലേക്ക് മാറ്റിനിര്‍ത്തുവാന്‍ സാധിക്കാതെ വരുമ്പോള്‍, സ്വജനപക്ഷപാതം നിഷിദ്ധമല്ലെന്ന് കരുതുന്ന രാഷ്ട്രീയ നേതാക്കളേയും അവരുടെ പാര്‍ടിയെയും കൂട്ടുപിടിക്കുക സ്വാഭാവികമാണ്.

"നമ്മുടെ കുട്ടികള്‍ നമ്മുടെ സ്കൂളില്‍ മാത്രം പഠിക്കുക'' എന്ന ആശയം പ്രത്യക്ഷമായി വലിയ പ്രശ്നമുള്ളതല്ല എന്നു തോന്നുന്നവരുണ്ടാകാം. 'ജാതി, മതം, വര്‍ണ്ണം, ജീവിത നിലവാരം എന്നിവയുടെപേരില്‍ മനുഷ്യനോട് വിവേചനം കാണിക്കുന്നതിനേയും മനുഷ്യനെ ഞെരുക്കുന്നതിനേയും അപലപിക്കുന്ന (1965-ല്‍ പാസാക്കിയ സഭാരേഖ) സഭയുടെ ഉത്തരവാദിത്വസ്ഥാനത്തുനിന്ന് ഉണ്ടാകുന്ന മേല്‍പ്പറഞ്ഞ സൂചന അതീവ ഗൌരവമര്‍ഹിക്കുന്നതാണ്. "ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്'' എന്ന് പ്രതിജ്ഞയെടുക്കുന്ന കുഞ്ഞുങ്ങളില്‍ മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും വളര്‍ത്തുവാന്‍ അത് ഉപകരിക്കുമോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

മനുഷ്യാവകാശങ്ങള്‍ ഒരിക്കലും അവഗണിക്കപ്പെടാതിരിക്കാന്‍വേണ്ടി ഭരണഘടന നല്‍കിയ ന്യൂനപക്ഷാവകാശങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയോടെയല്ലെങ്കില്‍ അത് ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങള്‍ക്കിടവരുത്തുന്നു. ഇന്ന് ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി മാത്രം ഭരണഘടനയെ ഉപയോഗിക്കുകയും മതേതരത്വവും ജനാധിപത്യവും സമത്വവും അവഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിക്കൊണ്ടിരിക്കുന്നു.

2010 ജൂലൈമാസം 18-ാം തീയതി പള്ളികളില്‍ വായിച്ചു വിശദീകരിച്ച ഇടയലേഖനത്തില്‍ ഇങ്ങനെ കാണുന്നു... "തങ്ങളുടെ പാര്‍ടിക്ക് ജയസാധ്യത കുറഞ്ഞ മേഖലകളില്‍ വോട്ടുനേടാന്‍ പറ്റുന്ന വ്യക്തികളെ പിന്‍തുണച്ച് സ്വതന്ത്രന്മാരായി മത്സരിപ്പിച്ച് പരോക്ഷമായി വിജയംനേടുക...

....വിജയിച്ചുകഴിഞ്ഞാല്‍ ഇവര്‍ക്ക് സ്വതന്ത്രരായി പ്രവര്‍ത്തിക്കുവാന്‍ പറ്റുമോ എന്ന കാര്യം സംശയമാണ്. വ്യക്തിപരമായ മേന്മയും നന്മയും തത്വദീക്ഷയുമൊക്കെ പിന്‍താങ്ങിയ പാര്‍ടിക്ക് അടിയറവയ്ക്കേണ്ടിവന്ന ഗതികേടാണ് പല സ്വതന്ത്രന്മാര്‍ക്കും നേരിടേണ്ടി വന്നിട്ടുള്ളത്. ദൈവവിശ്വാസികളും നല്ലവരുമായ പലരും നിരീശ്വര പ്രത്യയശാസ്ത്ര പാര്‍ടികളുടെ പിന്‍തുണയോടെ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചെങ്കിലും പിന്നീട് അവര്‍ സ്വതന്ത്രരല്ലാതായിത്തീര്‍ന്ന അനുഭവം ഏറെയുണ്ടല്ലോ... അത്തരം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതും അപകടകരമായിരിക്കും.''

നിരീശ്വരവാദികള്‍ക്കോ, അവര്‍ പിന്‍തുണയ്ക്കുന്നവര്‍ക്കോപോലും വോട്ടുചെയ്യുന്നത് വലിയ അപകടമാണെന്ന് അനുസ്മരിപ്പിക്കുന്ന ഈ ഇടയലേഖനം ചില രാഷ്ട്രീയകാര്യ പരിപാടികള്‍ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തം.

നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ദൈവവിശ്വാസികള്‍ ആരെല്ലാമാണ്? ജനങ്ങള്‍ തെരഞ്ഞെടുത്ത നിരീശ്വരവാദികള്‍ എന്തുചെയ്യുന്നു?

പതിനഞ്ചാം ലോക്സഭയില്‍ 535 പാര്‍ലമെന്റംഗങ്ങളുടെ സത്യവാങ്മൂലം പരിശോധിച്ചപ്പോള്‍ 153 പേര്‍ ക്രിമിനല്‍ കുറ്റാരോപണത്തിന് വിധേയരായവരാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവര്‍ 74. ഇതില്‍ ഭൂരിഭാഗം പേരും ദൈവവിശ്വാസികളായ കോണ്‍ഗ്രസുകാര്‍. പിന്നീട് അടുത്തസ്ഥാനം ഈശ്വരവിശ്വാസികളായ ബിജെപിക്കാര്‍ക്ക്. ഇവരോട് എതിര്‍ത്തുതോറ്റ പലരും നിരീശ്വരവാദികളും. ഇന്ത്യയിലെ പരമോന്നത ജനപ്രതിനിധിസഭയിലേക്ക് ക്രിമിനലുകള്‍ തെരഞ്ഞെടുക്കപ്പെടുന്നതെന്തുകൊണ്ടാണ്? ചീത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യരുതെന്ന് ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് നെഹ്റു ഉപദേശിച്ചിരുന്നു. അതിനുശേഷം ഏതുമാര്‍ഗ്ഗവും സ്വീകരിച്ച് അധികാരത്തിലെത്തിച്ചേരുക എന്ന സാഹചര്യം വരുത്തിയതാരാണ്? ജനാധിപത്യത്തില്‍ ജനക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിക്ക് വോട്ടുനല്‍കുക എന്ന പാവനമായ കര്‍മ്മം ഇന്ന് മറ്റു പ്രലോഭനങ്ങള്‍ക്ക് വശംവദരായി കണ്ണടച്ചു നിര്‍വ്വഹിക്കുകയാണ്. എന്റെ മതക്കാരന്‍, എന്റെ ജാതിക്കാരന്‍, എന്റെ കക്ഷിക്കാരന്‍ എന്ന പരിഗണനയില്‍ വോട്ടുചെയ്തു വിജയിപ്പിക്കുന്ന പരിപാടിയാണ് ഇന്ന് നടക്കുന്നത്. വിജയിച്ചുകഴിഞ്ഞാല്‍ അവര്‍ ജനപ്രതിനിധികളല്ല. മതപ്രതിനിധികളാണ്, ജാതിപ്രതിനിധികളാണ്, വര്‍ഗ്ഗ പ്രതിനിധികളാണ്.

നല്ലവരും ദൈവവിശ്വാസികളുമായ ഭരണാധികാരികളുടെ കാലത്ത് ഒറീസയില്‍ കുഷ്ഠരോഗികളെ മൃഗങ്ങളെപ്പോലെ കൊന്നൊടുക്കുന്നതുകണ്ട് മനംനൊന്ത് അവരെ കഴുകി വെടിപ്പാക്കി അവര്‍ക്കാഹാരം നല്‍കിയ ആസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റ്യുവര്‍ട്ട് സ്റ്റെയിന്‍സ് ഒന്‍പതും ആറും വയസ്സുള്ള കുഞ്ഞുങ്ങളോടുകൂടി മനോഹര്‍പൂരില്‍ ജീപ്പില്‍ കിടന്നുറങ്ങിയപ്പോള്‍ ഒരു കൈയില്‍ ത്രിശൂലവും മറുകൈയില്‍ തീപ്പന്തവുമായി ഈശ്വരവിശ്വാസികള്‍ എത്തി. "അരുതേ അരുതേ... ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ...'' എന്ന് കരഞ്ഞുപറഞ്ഞ അവരെ ഈശ്വരവിശ്വാസികളായ ചിലര്‍ നീചമായി കൊലപ്പെടുത്തിയ ദാരുണ സംഭവം ലോകമനഃസാക്ഷിയെപ്പോലും ഞെട്ടിച്ചു. ഇക്കാര്യം ആദ്യമായി പാര്‍ലമെന്റില്‍ പരാമര്‍ശിച്ചത് നിരീശ്വര പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്ന പാര്‍ട്ടിയുടെ അംഗമായിരുന്നു എന്നത് നമുക്ക് സൌകര്യപൂര്‍വ്വം മറക്കാം.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇഞ്ചിഞ്ചായി കൊലചെയ്യപ്പെട്ട സിസ്റ്റര്‍ റാണി മരിയാ, മണിപ്പൂരില്‍ മാറ ബസാറില്‍ വെടിയേറ്റുമരിച്ച ഫാ. ജോസ് നടുമറ്റം, പിന്നീട് രക്തസാക്ഷിയായ ഫാ. അരുള്‍ദാസ്.... ഈ പട്ടിക നീണ്ടുപോകുന്നു. ഇവരുടെ കൊലപാതകങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ നിരീശ്വര പ്രത്യയശാസ്ത്ര വക്താക്കള്‍ ആരുമുണ്ടായിരുന്നില്ല.

2002-ല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയില്‍ നടന്ന നീചകര്‍മ്മങ്ങള്‍ നാസീതടങ്കല്‍ പാളയത്തിലെ ക്രൂരതകളെപ്പോലും വെല്ലുന്നവയായിരുന്നു. ഗുജറാത്ത് പൊലീസില്‍ ഭൂരിഭാഗവും യൂണിഫോമിട്ട റൌഡികളെപ്പോലെ പെരുമാറി. ഗര്‍ഭിണിയുടെ വയറുകുത്തിക്കീറി വയറ്റിലുറങ്ങിയ കണ്‍മണിയെ ത്രിശൂലംകൊണ്ട് കുത്തിയെടുത്തു. പൊള്ളലേറ്റ് മരണാസന്നനായി കിടന്ന വൃദ്ധന്റെ വായില്‍ മകന്റെ ചോര ഒഴിച്ചുകൊടുത്തു. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്റെ ഭാര്യയും മക്കളുമടക്കം കൊലയ്ക്കിരയായതും, ജീവിച്ചിരിക്കുന്നു എന്നതിന് ഹാജരാക്കാന്‍ മുറിവേറ്റ ശരീരവും, കരിഞ്ഞ മനസ്സും മാത്രം ബാക്കിയായ ബില്‍ക്കിസ്ബാനുവിനെപ്പോലെ ആയിരങ്ങളെ അവശേഷിപ്പിച്ചതും ഈശ്വര വിശ്വാസികളായ ആളുകളായിരുന്നു എന്നത് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

മംഗലാപുരത്ത് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടമാടിയ ന്യൂനപക്ഷവേട്ടയില്‍ 'ക്രിസ്ത്യാനികള്‍ മനുഷ്യരല്ല, അവര്‍ നാശത്തിന്റെ പര്യായങ്ങളാണ്' എന്നാണ് പറഞ്ഞത്. കണ്ണില്‍കണ്ട പള്ളികളും ക്രിസ്ത്യന്‍ സ്ഥാപനങ്ങളും മുഴുവന്‍ നശിപ്പിച്ചപ്പോള്‍ ഭരണകര്‍ത്താക്കള്‍ എന്താണ് ചെയ്തത്? കെസിബിസിയുടെ വിദ്യാഭ്യാസ കമ്മിഷന്‍ ഉപദേശകസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ആരംഭിക്കുന്നതിങ്ങനെയാണ്. "ന്യൂനപക്ഷാവകാശങ്ങള്‍ പലതരത്തിലും ധ്വംസിക്കപ്പെടുന്ന സാഹചര്യങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉണ്ട്''. മറ്റു സംസ്ഥാനങ്ങളേക്കാള്‍ എത്ര മോശമാണ് നിരീശ്വരവാദികള്‍ ഭരിക്കുന്ന കേരളം! സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിന്റെപേരില്‍ ഗവണ്‍മെന്റിനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നവര്‍ ദയവായി ചിന്തിക്കുക. സാമൂഹ്യനീതി കാറ്റില്‍ പറത്തിക്കൊണ്ട് എത്രനാള്‍ മുമ്പോട്ടുപോകാന്‍ കഴിയും?

ലോക്സഭയിലെ കോടിപതികളില്‍ മുന്‍പന്തിയിലുള്ള പത്തുപേരില്‍ അഞ്ചുപേരും കോണ്‍ഗ്രസുകാരാണ്. അഞ്ചു കോണ്‍ഗ്രസുകാരുടെ രേഖപ്രകാരമുള്ള ആസ്തി 464 കോടി രൂപ. പോഷകാഹാരക്കുറവുള്ള 47% കുട്ടികള്‍ക്ക് ഒരു ദിവസം 2 ചപ്പാത്തിയും അല്‍പം പരിപ്പും നല്‍കാന്‍ കഴിയാത്ത രാഷ്ട്രത്തിന്റെ നിയമനിര്‍മ്മാണം നടത്തുന്നതവരാണ്. ദാരിദ്ര്യരേഖയ്ക്കുമെത്രയോ അടി താഴെ കിടക്കുന്ന പാവപ്പെട്ടവരുടെ ഇന്ത്യ ഭരിക്കുന്നത് മുടങ്ങാതെ പ്രാര്‍ത്ഥനയും പൂജയും നടത്തി ഈശ്വര പ്രീതി നേടിയ ജനനായകരാണല്ലോ.

വിമോചനസമരം എന്നപേരില്‍ കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെയും രാഷ്ട്രീയ അട്ടിമറിയുടെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശക്തിപ്പെടുത്താന്‍ അക്കാലത്ത് ഇടയലേഖനങ്ങള്‍ ഉപകരണങ്ങളായി തീര്‍ന്നതുപോലെ ഇക്കാലത്തും സഭയുടെ അജഗണങ്ങളെ കമ്യൂണിസ്റ്റുവിരുദ്ധരാക്കുവാനും പരോക്ഷമായി കോണ്‍ഗ്രസിനെ സഹായിക്കുവാനും ഇറങ്ങിത്തിരിക്കുന്നവര്‍ ശാന്തമായി ചിന്തിക്കുക. മതവും രാഷ്ട്രീയവും അനഭിലഷണീയമായി കൈകോര്‍ത്തിടത്തെല്ലാം സംഭവിച്ചതാപത്താണ്. ഇന്നിന്റെ പ്രശ്നം ദൈവവിശ്വാസമോ നിരീശ്വരവാദമോ അല്ല, സാമ്പത്തിക അസമത്വവും മത തീവ്രവാദവുമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചു രാഷ്ട്രഭരണം കൈയേല്‍ക്കാനായി ഹിന്ദു സന്ന്യാസിമാരും മുസ്ളിം മതപണ്ഡിതരും ക്രിസ്ത്യന്‍ മെത്രാന്മാരും ഒരുപോലെ പരിശ്രമിച്ചാല്‍ ഇന്ത്യയുടെ ഭാവി ഭാഗധേയം എന്തായിത്തീരും?

ഫാ. അലക്സ് തോമസ് ചിന്ത വാരിക 03092010

3 comments:

  1. ലോകചരിത്രത്തില്‍ മധ്യകാലഘട്ടങ്ങളെ അന്ധകാരയുഗം എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നു. യൂറോപ്പില്‍ ക്രൈസ്തവസഭ പ്രാചീനവും പരമ്പരാഗതവും മസ്തിഷ്ക പ്രക്ഷാളിതവുമായ യാഥാസ്ഥിതിക ചിന്താഗതിയില്‍ സാധാരണക്കാരെ തളച്ചിട്ടിരുന്നതിനാല്‍ അജ്ഞാനത്തിന്റെ അന്ധകാരത്തില്‍ നൂറ്റാണ്ടുകള്‍ കടന്നുപോയി. യുക്തിചിന്തകളും ശാസ്ത്രീയ പുരോഗതിയും അന്യമായിരുന്ന അന്ധകാരയുഗത്തിലേക്ക് കേരളത്തിലെ ക്രൈസ്തവ വിശ്വാസികളെ മാറ്റിനിര്‍ത്തുവാന്‍ ചില ക്രൈസ്തവ മേലധ്യക്ഷന്മാര്‍ പരോക്ഷമായി നടത്തുന്ന ശ്രമങ്ങള്‍ വര്‍ത്തമാനകാല സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതായിട്ടുണ്ട്.

    ReplyDelete
  2. ഈ തെണ്ടി അച്ചന്മാരെയൊക്കെ ആര്‌ മൈന്റ് ചെയ്യുന്നു! സ്വന്തം ലാഭത്തിനു വേണ്ടി ചിലപ്പോള്‍ പലരും ഇവരുടെ പിന്നാലെ പോയെന്നിരിക്കും. അതിന്റെ പേരില്‍ പഴയകാലത്തേതുപോലെ ഇവന്മാര്‍ കിടപ്പുമുറിയിലും കയറി അധികാരം കാണിച്ചാല്‍ ചൂലെടുത്ത് മുഖത്തടിക്കാന്‍ പോലും ഇന്നത്തെ സഭാമക്കള്‍ തയ്യാറായെന്നിരിക്കും. ഇവന്റെയൊക്കെ വിദ്യാഭയാസത്തിന്റെ പേരും പറഞ്ഞുള്ള ഞെളിയല്‍ കണ്ടാല്‍ തോന്നും കത്തോലിക്കാ സഭ നേരിട്ട് ഒന്നാം നൂറ്റാണ്ടില്‍ ഒലത്തിയതാണ്‌ ഈ ആധുനിക വിദ്യാഭ്യാസം എന്ന് തോന്നും. കഴിഞ തലമുറ വരെ ഇവരുടെ അരുമ കുഞ്ഞാടുകള്‍ക്ക് നേരാം വണ്ണം എഴുതാനും വായിക്കാനും പോലും അറിയില്ലായിരുന്നു എന്ന സത്യം ആര്‍ക്കും അറിയില്ലെന്നാണ്‌ വിചാരം. തലക്ക് വെളിവുള്ള സി എസ് ഐ സഭക്കാര്‍ ഇവിടെ വിദ്യാഭ്യാസം ആരംബിച്ചപ്പോള്‍ അതിനെ പുഛിച്ച ഈ മമ്മൂഞ്ഞുകള്‍, അവസാനം അതിന്റെ ബിസിനസ്സ് സാധ്യത കണ്ടപ്പോള്‍ ആണ്‌ വിദ്യാഭ്യാസത്തിന്റെ മൊത്തക്കച്ചവടക്കാരായി വിലപേശാന്‍ തുടങ്ങിയത്.

    ReplyDelete
  3. കത്തോലിക്കാ സഭ സിവില്‍നിയമം അട്ടിമറിച്ച് വിശ്വാസികളെ ചൂഷണംചെയ്യുകയാണെന്ന് പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ പറഞ്ഞു. ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ ഇന്ത്യന്‍ സിവില്‍നിയമവും കത്തോലിക്കാ സഭയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പൂര്‍വികര്‍ സമ്പാദിച്ച സമ്പത്ത് വിശ്വാസികളുടെ കൈകളിലേക്ക് കൈമാറണം. പള്ളികളുടെ സാമ്പത്തികവരുമാനത്തെക്കുറിച്ചും വിനിമയത്തെക്കുറിച്ചും ഓഡിറ്റിങ് ഉണ്ടാകണം. മതങ്ങളുടെ പൊതുസമ്പത്ത് മതപുരോഹിതരുടെ കൈപ്പിടിയില്‍ കുന്നുകൂടുമ്പോള്‍ അത് രാഷ്ട്രത്തിന്റെ സുസ്ഥിതിയെത്തന്നെ ബാധിക്കും. മതസമ്പത്തിന്റെ സാമ്പത്തികവ്യവഹാരങ്ങളും നിയമാധിഷ്ഠിതമാകണമെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ലാലന്‍ തരകന്‍ അധ്യക്ഷനായി.

    deshabhimani news 19092010

    ReplyDelete