Sunday, September 15, 2013

കുംഭാരക്കോളനികളില്‍ വറുതിയുടെ ഓണം

കുറ്റ്യാടി: നാടും നഗരവും ഓണലഹരിയില്‍ മുഴുകുമ്പോള്‍ കുംഭാരക്കോളനികളില്‍ പട്ടിണി. പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണം മാത്രം അറിയാവുന്ന കുംഭാര സമുദായങ്ങള്‍ ഓണാഘോഷത്തിലും ദുരിതത്തിലാണ്. പരമ്പരാഗത തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാനോ മണ്‍പാത്ര നിര്‍മാണവ്യവസായത്തെ സംരക്ഷിക്കാനോ സര്‍ക്കാരോ മറ്റ് ഏജന്‍സികളോ തയ്യാറാവുന്നില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആന്ധ്രയില്‍നിന്നും കേരളത്തിലെത്തിയവരാണ് കുംഭാരസമുദായക്കാര്‍. മണ്‍പാത്രം നിര്‍മിച്ച് തലച്ചുമടായി പാത്രങ്ങളേറ്റി നടന്ന് വിറ്റാണ് ഉപജീവനം കഴിക്കുന്നത്. മണ്‍പാത്ര നിര്‍മാണ വ്യവസായം പ്രതിസന്ധിയിലായതോടെ ജീവിതം ദുസ്സഹമായി. മണ്‍പാത്ര നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളായ കളിമണ്‍, വൈക്കോല്‍, മണല്‍, തേങ്ങയുടെ മടല്‍ എന്നിവയുടെ ലഭ്യതക്കുറവും വര്‍ധിച്ച വിലയും തൊഴിലിന് വെല്ലുവിളിയായി. ഖനനം നിരോധിച്ചതോടെ മൈസൂരിലും വയനാട്, കൊയിലേരിയില്‍ നിന്നുമാണ് പ്രധാനമായും കളിമണ്‍ എത്തുന്നത്. ഖനന കേന്ദ്രങ്ങളില്‍ ഒരു ലോഡ് മണ്ണിന് 10,000 രൂപ നല്‍കണം. ഇതിന് പുറമെ വാഹനത്തിന്റെ ചെലവ് വേറെയും.

വില്‍പ്പന പ്രതിസന്ധിയിലായതോടെ കുന്നുമ്മല്‍ പഞ്ചായത്തിലെ കക്കട്ട്, കല്ലുപുര, മൊകേരി മുറുവശ്ശേരി വടേക്കണ്ടി കോളനിയിലുമായി അമ്പതോളം തൊഴിലാളി കുടുംബങ്ങളും വേളം-പെരുവയലിലെ മുപ്പതോളം കുടുംബങ്ങളും സര്‍ക്കാര്‍ സഹായമില്ലാതെ ജീവിതം പ്രതിസന്ധിയിലാണ്. കോളനിയിലെ കുടുംബങ്ങള്‍ ദാരിദ്ര്യരേഖക്ക് മുകളിലാണ്. അതിനാല്‍ ഭക്ഷ്യധാന്യങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. കുംഭാര കോളനിവാസികളെ ആദിആന്ധ്ര സമുദായത്തില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് പട്ടികജാതി വിഭാഗത്തിന് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ എടുത്തുമാറ്റിയതോടെ വിദ്യാര്‍ഥികളുടെ പഠനം വരെ നിലച്ചു. ചെറുപ്പം മുതല്‍ മണ്‍പാത്ര നിര്‍മാണ പ്രവൃത്തി നടത്തുന്ന തൊഴിലാളികളാണ് ജീവിതാവസാനം രോഗം പിടിച്ച് ചികിത്സകൂടി കഴിയാതെ ദുരിതം അനുഭവിക്കുന്നത്. പിന്നോക്ക വിഭാഗ കോര്‍പറേഷന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച് മാസങ്ങളായി കാത്തിരിക്കുകയാണ് ഇവര്‍.
(കെ മുകുന്ദന്‍)

deshabhimani

No comments:

Post a Comment