Sunday, September 15, 2013

മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതി പിന്‍‌വലിച്ചു

ദേശാഭിമാനി

മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതി പിന്‍വലിച്ചു
വി ജയിന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൂല്യബോധമുണ്ടാക്കാനെന്ന പേരില്‍ ഉണ്ടാക്കിയ പാഠ്യപദ്ധതി മതസ്പര്‍ധ വളര്‍ത്തുന്നതാണെന്ന സിപിഐ എമ്മിന്റെ പരാതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. പ്രതിലോമകരമായ പാഠ്യപദ്ധതി പിന്‍വലിച്ചെന്നും ഭാവിയില്‍ ഇത്തരം പാഠ്യപദ്ധതികള്‍ സൂക്ഷ്മനിരീക്ഷണത്തിനു ശേഷമേ നടപ്പാക്കുകയുള്ളൂവെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയെ കേന്ദ്ര പേഴ്സണല്‍ മന്ത്രി വി നാരായണസ്വാമി അറിയിച്ചു. 

ഭരണത്തിലെ മൂല്യങ്ങള്‍ സംബന്ധിച്ച് പേഴ്സണല്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിദൂര വിദ്യാഭ്യാസത്തിനായി തയ്യാറാക്കിയ പാഠ്യപദ്ധതിയുടെ ഉള്ളടക്കമാണ് പ്രതിഷേധത്തിന് കാരണമായത്. മൂല്യബോധന പാഠ്യപദ്ധതി പ്രതിലോമകരമാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യെച്ചൂരി വി നാരായണസ്വാമിക്ക് കത്തയച്ചിരുന്നു. സമത്വം, മൗലികാവകാശങ്ങള്‍, തുല്യ അവസരം തുടങ്ങി ഭരണഘടനാ തത്വങ്ങളിലൂന്നിയ മൂല്യങ്ങള്‍ക്കു പകരം മറ്റ് ചില കാര്യങ്ങളാണ് പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. 

"ആധുനികകാലത്ത് മൂല്യസംവിധാനം വളരെയധികം നിലവാരം താഴ്ന്നുപോയി. ഇതാണ് എല്ലാ പ്രശ്നത്തിനും കാരണം", "എല്ലാവരുടെയുമുള്ളില്‍ സാര്‍വലൗകിക മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്, അത് വ്യക്തിയുടെ ആത്മീയശക്തിയുടെ പരമകാഷ്ഠയില്‍ നിന്ന് പുറത്തേക്ക് പ്രവഹിക്കും", "സാത്വിക, രജോ, തമോ ഗുണ സിദ്ധാന്തത്തിലൂന്നിയാണ് ഭരണത്തിലെ മൂല്യങ്ങള്‍ നിലകൊള്ളുന്നത്"-ഇങ്ങനെയായിരുന്നു പാഠ്യപദ്ധതിയിലെ ഉള്ളടക്കം. സിഖ് മതത്തിനും ഇസ്ലാം മതത്തിനുമെതിരെ പരാമര്‍ശങ്ങളും നടത്തിയിരുന്നു. എന്നാല്‍, ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ ജനാധിപത്യം, മതനിരപേക്ഷത എന്നിവയെക്കുറിച്ച് പഠിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ല. 

രാഷ്ട്രീയ പാര്‍ടികളെല്ലാം മോശമാണെന്നും രാജഭരണമാണ് നല്ലതെന്നും പറയുന്ന പാഠ്യപദ്ധതി ഒരു ജനാധിപത്യ സര്‍ക്കാര്‍ തന്നെ അംഗീകരിച്ച് പ്രയോഗതലത്തിലേക്ക് നല്‍കിയെന്നതാണ് ഏറ്റവും കൗതുകം. കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണം തിരുവിതാംകൂര്‍ രാജഭരണമാണെന്നാണ് വ്യാഖ്യാനിച്ചത്. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ മോശമായി ചിത്രീകരിക്കുകയും ചെയ്തു. ഭരണഘടനയിലെ ഉത്തമമൂല്യങ്ങളെ ശക്തിപ്പെടുത്തുകയോ ഭരണസംവിധാനത്തിന് ആധുനികമുഖം നല്‍കുകയോ ചെയ്യാന്‍ ശ്രമിക്കാതെ മധ്യകാലത്തെ പ്രാകൃതധാരണകള്‍ പരത്താനാണ് പാഠ്യപദ്ധതിയിലൂടെ ശ്രമിച്ചതെന്ന് സീതാറാം യെച്ചൂരി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെറ്റുതിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

No comments:

Post a Comment