ആരോഗ്യമേഖലയിൽ റെക്കോഡ് നിയമനം ; എൽഡിഎഫ് സർക്കാർ സൃഷ്‌ടിച്ചത് 4300ലധികം തസ്‌തികകൾ
ആരോഗ്യമേഖലയിൽ എൽഡിഎഫ് സർക്കാർ നടത്തിയത് റെക്കോർഡ് നിയമനം. സ്‌റ്റാഫ് നേഴ്‌സ്, അസിസ്‌റ്റന്റ് സർജൻ തസ്‌തികയിലേക്കുള്ള കഴിഞ്ഞ രണ്ട് പിഎസ്‌സി റാങ്ക്‌ലിസ്‌റ്റുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. സ്‌റ്റാഫ് നേഴ്‌സായി 1992പേർക്ക് യുഡിഎഫ് സർക്കാർ നിയമന ശുപാർശ അയച്ചപ്പോൾ എൽഡിഎഫ് നൽകിയത് 5807 നിയമനം. അസിസ്‌റ്റന്റ് സർജൻ തസ്‌തികയിലേക്ക് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 2435പേർക്ക് അഡ്വൈസ് നൽകിയപ്പോൾ എൽഡിഎഫ് 3324 പേർക്ക് നൽകി.
സ്‌റ്റാഫ് നേഴ്‌സ് ജില്ലാടിസ്ഥാനത്തിലുള്ള റാങ്ക്‌ലിസ്‌റ്റ് (കാറ്റഗറി നമ്പർ 201/2010) 2013ലാണ് നിലവിൽവന്നത്. യുഡിഎഫ് സർക്കാർ രണ്ടര വർഷത്തിനിടെ നൽകിയത് 1068 നിയമന ശുപാർശ. എൽഡിഎഫ് സർക്കാർ അധികാരമേറ്റ് ഏഴ് മാസത്തിനുള്ളിൽ 1169 പേർക്ക് നിയമനത്തിന് അവസരമൊരുക്കി. മറ്റൊരു പരീക്ഷ നടത്തി റാങ്ക്‌ലിസ്‌റ്റ് (454/2014) പ്രസിദ്ധീകരിച്ച് 2438പേർക്ക് നിയമനം നൽകി.
മെഡിക്കൽ വിദ്യാഭ്യാസമേഖലയിൽ സ്‌റ്റാഫ് നേഴ്‌സ് തസ്‌തികയിൽ സംസ്ഥാനാടിസ്ഥാനത്തിലുള്ള റാങ്ക്‌ലിസ്‌റ്റുകളിൽനിന്ന് എൽഡിഎഫ് ഭരണകാലത്ത് 2200പേർക്ക് നിയമനം നൽകിയപ്പോൾ യുഡിഎഫ് നൽകിയത് 924. കാറ്റഗറി നമ്പർ 68/2013 റാങ്ക്‌ലിസ്‌റ്റ് 2015 ജൂൺ 29നാണ് നിലവിൽവന്നത്. ഈ ലിസ്‌റ്റിൽനിന്ന് യുഡിഎഫ് 924 പേർക്കും എൽഡിഎഫ് 1152 പേർക്കും നിയമന ശുപാർശ നൽകി. 2018 ജൂൺ 28ന് കാലാവധി അവസാനിച്ചതിന് തൊട്ടുപിന്നാലെ ഒക്‌ടോബർ 31ന് അടുത്ത ലിസ്‌റ്റ് (249/2017) പ്രസിദ്ധീകരിച്ചു. മൂന്നുവർഷ കാലാവധിയുള്ള ഈ റാങ്ക്‌ലിസ്‌റ്റിൽനിന്ന് ഇതിനകം 1048 പേർക്ക് അഡ്വൈസ് അയച്ചു. ഹെൽത്ത് സർവീസിൽ അസിസ്‌റ്റന്റ് സർജൻ തസ്‌തികയിലേക്കുള്ള 567/2012 റാങ്ക്‌ലിസ്‌റ്റ് 2013 മാർച്ച് 25ന് നിലവിൽവന്നു. മൂന്നുവർഷത്തിനുള്ളിൽ യുഡിഎഫ് ഭരണത്തിൽ 2435 പേർക്ക് അഡ്വൈസ് അയച്ചപ്പോൾ 2016ൽ എൽഡിഎഫ് സർക്കാർ വന്ന് ഏഴ് മാസത്തിനുള്ളിൽ 1558 പേർക്ക് നിയമനം നൽകി.
ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലായി 4300ലധികം തസ്‌തിക എൽഡിഎഫ് സർക്കാർ സൃഷ്‌ടിച്ചു. 1960ലെ സ്റ്റാഫ് പാറ്റേൺ മാറ്റി അഞ്ച് മെഡിക്കൽ കോളേജിലേക്ക് ഒറ്റഘട്ടമായി 721 നേഴ്‌സുമാരുടെ തസ്‌തിക സൃഷ്ടിച്ചത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആദ്യമാണ്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൽ 1564 അധ്യാപക, അനധ്യാപക തസ്‌തികയും ആരോഗ്യ സർവകലാശാലയിൽ 175 തസ്‌തികയും സൃഷ്‌ടിച്ചു.
പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി കൂട്ടാൻ വിധിയും തടസ്സം
പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി കൂട്ടിക്കൂടെ എന്ന് മുറവിളികൂട്ടുന്നവർ അറിയാൻ. ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനുള്ള പ്രധാന തടസ്സം സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച വിധികളും പിഎസ്‌സിയുടെ ചട്ടങ്ങളുമാണ്.
ലിസ്റ്റ് നീട്ടിയാൽ അത് പുതിയ അപേക്ഷകരോട് കാട്ടുന്ന അനീതിയാകും എന്നാണ് 2007ൽ സുപ്രീംകോടതി വിധിച്ചത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു എന്നത് നിയമനത്തിനുള്ള അവകാശമല്ല. സർക്കാർ ജോലി ലഭിക്കാൻ ഉദ്യോഗാർഥികൾക്കെല്ലാം ഒരുപോലെ അവകാശമുണ്ടെന്നും ഈ വിധിയിൽ പറയുന്നു. മൂന്ന് വർഷത്തിൽ കൂടുതൽ ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പിഎസ്‌സി ചട്ടങ്ങളുടെ ലംഘനമാണന്നുള്ള1991ലെ ഹൈക്കോടതി വിധിയും നിലനിൽക്കുന്നു. കൂടാതെ പിഎസ്‌സി ചട്ടത്തിലെ 13–--ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നത് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷം എന്നാണ്. പുതിയ റാങ്ക് ലിസ്റ്റ് ഉണ്ടാകുന്നില്ലെങ്കിൽ കാലാവധി മൂന്ന് വർഷംവരെ നീട്ടാം.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് സർക്കാർ പ്രത്യേക നിരോധനം ഏർപ്പെടുത്തിയാലോ അസാധാരണമായ സംഭവങ്ങൾ ഉണ്ടായാലോ മാത്രമേ പിന്നെയും ഒന്നര വർഷംകൂടി നീട്ടാൻ വ്യവസ്ഥയുള്ളു.സാധാരണ മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളുടെ മൂന്നിരട്ടി ഉദ്യോഗാർഥികളെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. സപ്ലിമെന്ററി ലിസ്റ്റിൽ അഞ്ചിരട്ടിയും. അതുകൊണ്ടാണ് ലിസ്റ്റിൽ താഴെയാകുന്നവർക്ക് പലപ്പോഴും നിയമനം ലഭിക്കാതെ പോകുന്നത്. ഇക്കാര്യവും കോടതികൾ വിവിധ കേസുകളിൽ പരിഗണിച്ചിട്ടുണ്ട്.
വിജേഷ് ചൂടൽ
No comments:
Post a Comment