Wednesday, October 16, 2013

സര്‍ക്കാര്‍വാദം പൊളിയുന്നു: ജില്ലയില്‍ വീണ്ടും 2436 ഭൂരഹിതര്‍

തൃക്കാക്കര: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായി ഭൂരഹിതരുടെ പരാതികള്‍ വീണ്ടും. ജില്ലയില്‍ മുഴുവന്‍ ഭൂരഹിതരും അപേക്ഷ സമര്‍പ്പിച്ചതായി റവന്യു അധികൃതര്‍ വെളിപ്പെടുത്തുമ്പോഴാണ് രണ്ടായിരത്തിലധികം അപേക്ഷകള്‍ വീണ്ടുമെത്തിയത്. പല കാരണങ്ങളാലും തങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് കാട്ടി 2436 പേര്‍ വിവിധ താലൂക്കുകളില്‍നിന്നായി വീണ്ടും അപേക്ഷിച്ചു. എന്നാല്‍ ചൊവ്വാഴ്ച ചേര്‍ന്ന അവലോകനയോഗം ഇത് പരിഗണിക്കാതെ തള്ളി. ജില്ലയില്‍ 22,346 പേരാണ് ഭൂരഹിതരെന്നും ഇതില്‍നിന്ന് 1217 പേര്‍ക്ക് ഭൂമി വിതരണംചെയ്തതായും അധികൃതര്‍ അറിയിച്ചു. അപേക്ഷകള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍വഴി ശേഖരിച്ച് നെറ്റില്‍ അവ പ്രസിദ്ധപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ അപേക്ഷ സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം.

രണ്ടാംഘട്ട ജനസമ്പര്‍ക്കപരിപാടിയില്‍ പരാതികള്‍ അഞ്ചിരട്ടിയായി കുറയുകയാണുണ്ടായത്. ഇത്തവണ 3245 പരാതിയാണ് ലഭിച്ചത്. കഴിഞ്ഞതവണ 15,675 പരാതി ഉണ്ടായിരുന്നു. രജിസ്ട്രേഷന്‍വകുപ്പില്‍ 18 പരാതിയാണ് ലഭിച്ചത്. പോക്കുവരവ് നടത്തണമെന്നാവശ്യപ്പെട്ട പരാതികളാണ് വന്നവയില്‍ ഭൂരിഭാഗവും. ആധാരത്തിലെ തിരുത്തലുകള്‍ക്കായി തിരുത്താധാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആറ് പരാതി ഉണ്ടായി. മുദ്രപ്പത്രങ്ങള്‍ അക്ഷയ സെന്ററുകള്‍വഴി വിതരണം ചെയ്യണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൈപ്പിനിലെ ബസുകളുടെ നഗരപ്രവേശംസംബന്ധിച്ചും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ക്ക് അപേക്ഷ ലഭിച്ചു. നഗരത്തിലെ ബസുകളുടെ പെര്‍മിറ്റ്സംബന്ധിച്ച നിര്‍ദേശം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍മാത്രമേ നടപ്പാക്കാന്‍ കഴിയൂവെന്നാണ് ആര്‍ടി ഓഫീസ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചത്. ഓട്ടോറിക്ഷകള്‍ അമിതകൂലി ഈടാക്കുന്നുവെന്നും നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ തെളിയുന്നില്ലെന്നും പരാതി വന്നിട്ടുണ്ട്.

അങ്കമാലി വേങ്ങൂര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ കെട്ടിടത്തിലേക്ക് വീഴാറായ നിലയില്‍ കാണപ്പെട്ട മരങ്ങള്‍ വെട്ടണമെന്ന് വേങ്ങൂര്‍ പഞ്ചായത്ത് അധികൃതര്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമാക്കി മാറ്റിയതായി ആക്ഷേപമുണ്ട്. സിബിഎസ്ഇ സ്കൂളുകളിലെ ഫീസ് ഏകീകരിക്കുക, സ്കൂളുകളിലെ പാചകത്തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ആയമാര്‍ക്ക് ഓണറേറിയം നല്‍കുക തുടങ്ങിയ പരാതികളും വിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായി വന്നു. അവലോകനയോഗത്തില്‍ മന്ത്രി കെ ബാബു, കലക്ടര്‍ പി ഐ ഷേഖ് പരീത്, എഡിഎം ബി രാമചന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment