Wednesday, October 23, 2013

ശാരദാ ചിട്ടി വെട്ടിച്ചത് 2460 കോടി

ബംഗാളില്‍ പതിനായിരക്കണക്കിന് പേരെ കബളിപ്പിച്ച് ശാരദാ ചിട്ടി കമ്പനി തട്ടിയെടുത്തത് 2460 കോടി രൂപ. 2008ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി കഴിഞ്ഞ രണ്ടുവര്‍ഷത്തിലാണ് വന്‍വെട്ടിപ്പ് നടത്തിയത്. നാല് കമ്പനികളായി വിവിധ പദ്ധതികളിലൂടെ നിക്ഷേപകരെ കബളിപ്പിച്ചതിന്റെ വിശദമായ കണക്ക് കേന്ദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സംസ്ഥാന പൊലീസും നടത്തിയ അന്വേഷണത്തിലാണ് ലഭിച്ചത്. വെട്ടിച്ച 2460 കോടിയില്‍ 476 കോടി മാത്രമാണ് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. അതും വന്‍കിട നിക്ഷേപകര്‍ക്ക് മാത്രം. 80 ശതമാനം സാധാരണ നിക്ഷേപകര്‍ക്കും ചില്ലിക്കാശുപോലും തിരിച്ചുനല്‍കിയില്ല.

ഇത്രയും ഭീമമായ തുക പൂര്‍ണമായി നിയന്ത്രിച്ച കമ്പനി ചെയര്‍മാന്‍ സുദീപ് സെന്‍ ഏപ്രിലില്‍ മുങ്ങി യെങ്കിലും പിന്നീട് അറസ്റ്റിലായി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉന്നതരായ പല നേതാക്കളുമായും ഇയാള്‍ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ചിട്ടി തട്ടിപ്പില്‍ പ്രമുഖരായ നിരവധി തൃണമൂല്‍ നേതാക്കള്‍ക്ക് പങ്കുണ്ട്. തൃണമൂലിന്റെ വിവിധ തലങ്ങളിലുള്ള ആളുകള്‍ ഇതിന്റെ കമീഷന്‍ ഏജന്റുമാരായിരുന്നു. തൃണമൂലില്‍നിന്ന് അടുത്തിടെ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെപേരില്‍ സസ്പെന്‍ഡ് ചെയ്ത കുനാല്‍ ഘോഷ് എംപി ശാരദാ ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച മീഡിയ ഗ്രൂപ്പിന്റെ എക്സികൂട്ടീവ് ചെയര്‍മാനായിരുന്നു. മറ്റൊരു എംപി ശ്രീജന്‍ ബോസും മീഡിയ ഗ്രൂപ്പിന്റെ മാനേജ്മെന്റ് തലത്തില്‍ പ്രവര്‍ത്തിച്ചു.
(ഗോപി)

deshabhimani

No comments:

Post a Comment