Wednesday, October 23, 2013

നെഹ്റുവിന്റെ ഭക്രയ്ക്ക് നിറംകെട്ട സുവര്‍ണജൂബിലി

"ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഇന്ത്യയുടെ പ്രതീകമെന്ന്" ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ച ഭക്ര അണക്കെട്ടിന് ചൊവ്വാഴ്ച 50 വയസ്സ്. രാജ്യത്ത് ഹരിതവിപ്ലവം സാധ്യമാക്കിയ നെഹ്റുവിന്റെ സ്വപ്നപദ്ധതിയുടെ സുവര്‍ണജൂബിലി അപ്രധാനമായാണ് കോണ്‍ഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ കൊണ്ടാടുന്നത്. പൊതുമേഖലയോടുള്ള അവജ്ഞയും അവഗണനയുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സുവര്‍ണജൂബിലിയുടെ ഭാഗമായി ഭക്ര അണക്കെട്ട് പരിസരത്ത് ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പങ്കെടുക്കില്ല. ഭക്ര അണക്കെട്ട് സ്ഥിതിചെയ്യുന്ന ഹിമാചല്‍പ്രദേശിലെ മുഖ്യമന്ത്രി വീരഭദ്രസിങ്ങോ പദ്ധതിയുടെ ഗുണം ഏറ്റവും കൂടുതല്‍ ലഭിച്ച പഞ്ചാബിലെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലോ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടോ ചടങ്ങിനെത്തുന്നില്ല. ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍സിങ് ഹൂഡമാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

ഒരു ചട്ടി കോണ്‍ക്രീറ്റ് എടുത്തിട്ടുകൊണ്ട് 1955 നവംബര്‍ 17നാണ്് നെഹ്റു പദ്ധതി നിര്‍മാണത്തിന് തുടക്കമിട്ടത്. പിന്നീട് 13 തവണ നെഹ്റു ഭക്ര-നംഗല്‍ സന്ദര്‍ശിച്ചു. 1963 ഒക്ടോബര്‍ 22ന് പദ്ധതി ഉദ്ഘാടനംചെയ്തതും നെഹ്റുതന്നെ. പിന്നീട് ഒരു പ്രധാനമന്ത്രിയും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായിയും റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് ക്രൂഷ്ചേവും മറ്റും പലപ്പോഴായി അണക്കെട്ട് സന്ദര്‍ശിച്ചു. അതിന്റെ സ്മാരകഫലകങ്ങള്‍ ഇവിടെ കാണാം. ബ്രിട്ടീഷ് ഭരണകാലത്ത് സത്ലജ് നദിക്കു കുറുകെ അണക്കെട്ട് നിര്‍മിക്കുന്നതിനെക്കുറിച്ച് പഞ്ചാബ് ലഫ്റ്റനന്റ് ഗവര്‍ണറായ ലൂയിസ് ഡെയിലാണ് ആദ്യം വിഭാവനംചെയ്തത്. എന്നാല്‍, മൂന്നു കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍ അതില്‍നിന്ന് പിന്മാറി. 1919ല്‍ എന്‍ജിനിയറായിരുന്ന ഖോസ്ല വീണ്ടും പദ്ധതി പൊടിതട്ടിയെടുത്തെങ്കിലും മുന്നോട്ടു പോകാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറായില്ല. 1938ല്‍ തെക്കു കിഴക്കന്‍ പഞ്ചാബില്‍ ക്ഷാമമുണ്ടായപ്പോള്‍ അണക്കെട്ട് നിര്‍മാണം വീണ്ടും ഉയര്‍ന്നെങ്കിലും രണ്ടാംലോക മഹായുദ്ധം ആരംഭിച്ചതോടെ അതും പൊളിഞ്ഞു. 1947ലെ ബജറ്റില്‍ അണക്കെട്ട് നിര്‍മാണത്തിന് പണം വകയിരുത്തിയെങ്കിലും വിഭജനം പദ്ധതി അവതാളത്തിലാക്കി.

സ്വാതന്ത്ര്യത്തിനുശേഷം യാഥര്‍ഥ്യമായ പദ്ധതിയുടെ ശില്‍പ്പി അമേരിക്കന്‍ എന്‍ജിനിയറായ സോള്‍കമാണ്. 500 രൂപയായിരുന്നു സോള്‍കമിന്റെ വേതനം. പദ്ധതിക്കായി 446 ഗ്രാമത്തില്‍നിന്ന് 36,000 കുടുംബത്തെ ഒഴിപ്പിച്ചു. 740 അടി ഉയരവും 1700 അടി നീളവും 30 അടി വീതിയുമുള്ള അണക്കെട്ടിന് 244 കോടി രൂപ ചെലവായി. അക്കാലത്ത് ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടായിരുന്നു. പിന്നീട് തെഹ്രിയയായി ഇന്ത്യയില്‍ത്തന്നെ ഏറ്റവും ഉയരമുള്ള അണക്കെട്ട്. ഭക്രയ്ക്ക് 13 കിലോമീറര്‍ താഴെയാണ് നംഗല്‍ അണക്കെട്ട്. ഈ പദ്ധതിയില്‍ രണ്ട് ജലവൈദ്യുതപദ്ധതിയുമുണ്ട്. ഇവിടെ 1356 മെഗാവാട്ട് വൈദ്യുതി വലിയ ചെലവില്ലാതെ ഉല്‍പ്പാദിപ്പിക്കുന്നു. പദ്ധതി പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ജലസേചനത്തിന് ഏറെ പ്രയോജനപ്പെട്ടു.
(വി ബി പരമേശ്വരന്‍)

deshabhimani

No comments:

Post a Comment