Wednesday, October 23, 2013

30ന്റെ മതനിരപേക്ഷ കണ്‍വന്‍ഷന് ഒരുക്കം പൂര്‍ത്തിയാകുന്നു

വര്‍ഗീയതയ്ക്കെതിരെ ജനങ്ങളുടെ ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ 30ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രധാന നേതാക്കള്‍ പങ്കെടുക്കും. ഇടതുപക്ഷപാര്‍ടി നേതാക്കള്‍ക്കു പുറമെ സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവ്, ജെഡിയു നേതാവ് ശരത് യാദവ്, ജനതാദള്‍ സെക്കുലര്‍ നേതാവ് എച്ച് ഡി ദേവഗൗഡ, ഭാരിപ ബഹുജന്‍ മഹാസംഘ് നേതാവ് പ്രകാശ് അംബേദ്കര്‍ എന്നിവരും പങ്കെടുക്കും. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് എഐഎഡിഎംകെയും അറിയിച്ചു. ലോക്സഭാകക്ഷി നേതാവ് തമ്പിദുരൈ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കും. ബിജു ജനതാദള്‍ പങ്കെടുക്കുമോ എന്ന കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ല.

ഡല്‍ഹിയിലെ താല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 30ന് ഉച്ചയ്ക്കുശേഷം രണ്ടിനാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നത്. യു ആര്‍ അനന്തമൂര്‍ത്തി, ശ്യാം ബനഗല്‍, മല്ലികാ സാരാഭായ്, സീതാറാം യെച്ചൂരി, രാംഗോപാല്‍ യാദവ് എംപി, കെ സി ത്യാഗി എംപി, അമര്‍ജിത് കൗര്‍ എന്നിവരടങ്ങിയ സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുക. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡിയും സംസാരിക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ജെഡിയു നേതാവ് ശരദ് യാദവ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംഘാടകസമിതിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല.

മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷ ശക്തികളുടെ വന്‍ പ്രതിരോധം പടുത്തുയര്‍ത്താന്‍ കണ്‍വെന്‍ഷന്‍ ശ്രമിക്കുമെന്ന് സിപിഐ നേതാവ് സുധാകര്‍റെഡ്ഡി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയസഖ്യം രൂപീകരിക്കുന്നതിനല്ല കണ്‍വെന്‍ഷന്‍ വിളിച്ചിരിക്കുന്നത്. മുസാഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു കണ്‍വെന്‍ഷന്‍ അനിവാര്യമായിരിക്കയാണ്. യുപിയിലും ബിഹാറിലും നിരവധി വര്‍ഗീയസംഘര്‍ഷങ്ങള്‍ സംഘടിപ്പിച്ചു. മതനിരപേക്ഷത ശക്തമായി ഉയര്‍ത്തിപ്പിടിക്കാനും സംഘപരിവാറിന്റെ വര്‍ഗീയക്കളികള്‍ ചെറുത്തുതോല്‍പ്പിക്കാനും ജനകീയ കൂട്ടായ്മ അനിവാര്യമാണ്. രാജ്യത്തെ ഭിന്നിപ്പിക്കലാണ് സംഘപരിവാര്‍ ലക്ഷ്യം. കണ്‍വെന്‍ഷന് ശേഷവും വര്‍ഗീയതയ്ക്കെതിരായ ജനകീയ കൂട്ടായ്മ നിലനിര്‍ത്തുമെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു.

deshabhimani

No comments:

Post a Comment