Wednesday, October 23, 2013

വാഗ്ദാനം പാലിക്കാത്ത സര്‍ക്കാരിനെതിരെ പ്രക്ഷോഭം: കെഡിഎഫ്

കൊല്ലം: ദളിത് വിഭാഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തത് അനീതിയാണെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ പറഞ്ഞു. കെഡിഎഫ് ജില്ലാ നേതൃസമ്മേളനം ഉദഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടികവിഭാഗങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും പട്ടികജാതി-പട്ടികവര്‍ഗനയം പ്രഖ്യാപിക്കുമെന്നും പറഞ്ഞിരുന്നു. വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് വര്‍ധിപ്പിക്കാനും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപ്പാക്കാനും പട്ടികവിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കാനും അടിയന്തര നടപടിയെടുക്കുമെന്ന വാഗ്ദാനവും പാഴായി. ഹോസ്റ്റലുകളുടെ പുനരുദ്ധാരണം, കൃഷിഭൂമി വായ്പയുടെയും ഭവനനിര്‍മാണത്തിന്റെയും തുക വര്‍ധിപ്പിക്കല്‍, ലക്ഷംവീടുകളുടെ പുനരുദ്ധാരണം, ആദിവാസികള്‍ക്ക് ഭൂമിയും സ്വയംതൊഴില്‍ വായ്പയും നല്‍കല്‍, കോളനികളില്‍ കുടിവെള്ളപദ്ധതി, സര്‍വകലാശാലകളിലെ ഉന്നത പദവി, ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം തുടങ്ങിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ദളിത് വിഭാഗങ്ങളോടുള്ള അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രാമഭദ്രന്‍ പറഞ്ഞു. സമ്മേളനത്തില്‍ കെഡിഎഫ് ജില്ലാപ്രസിഡന്റ് കെ ഭരതന്‍ അധ്യക്ഷനായി.

deshabhimani

No comments:

Post a Comment