Wednesday, October 23, 2013

നടപടികള്‍ വിഫലം; വ്യാജനോട്ട് പെരുകുന്നു

കള്ളനോട്ട് തടയാനുള്ള നടപടികള്‍ വിഫലമാക്കി രാജ്യത്ത് വ്യാജനോട്ടുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. 2011-12 സാമ്പത്തികവര്‍ഷം ആയിരത്തിന്റെ 83,280 കള്ളനോട്ടുകളാണ് കണ്ടെത്തിയതെങ്കില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 98,459 ആയി. 18 ശതമാനം വര്‍ധന. കണ്ടെത്താതെ വിപണിയില്‍ വിഹരിക്കുന്ന നോട്ടുകളുടെ എണ്ണം ഇതിന്റെ പലമടങ്ങ് വരും. കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്താകെ കണ്ടെത്തിയ വ്യാജനോട്ടുകളുടെ എണ്ണം 4,98,252 ആണ്. ഇതില്‍ 5.9 ശതമാനം റിസര്‍വ് ബാങ്കും 94.1 ശതമാനം ഇതര ബാങ്കുകളുമാണ് കണ്ടെത്തിയത്. അഞ്ഞൂറിന്റെ വ്യാജനില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 6.8 ശതമാനവും നൂറ് രൂപാ നോട്ടില്‍ 12 ശതമാനവും വര്‍ധനയുണ്ടായി. ചെറിയ നോട്ടുകള്‍ കള്ളനോട്ടുകാര്‍ അച്ചടിക്കുന്നില്ല.

കള്ളനോട്ടുകളുടെ പ്രചാരം തടയാന്‍ റിസര്‍വ് ബാങ്ക് ഇറക്കിയ സര്‍ക്കുലറുകള്‍ ഫലം കാണുന്നില്ലെന്ന് വ്യാജന്മാര്‍ പെരുകുന്നതിലൂടെ വ്യകതമാകുന്നു. ബാങ്കില്‍ നല്‍കുന്ന നോട്ടുകളോടൊപ്പം ഒന്നോ രണ്ടോ വ്യാജനുണ്ടെന്ന് കണ്ടെത്തിയാല്‍ 25 ശതമാനം തുക മടക്കി നല്‍കുമെന്ന് ജൂലൈ ഒന്നിന് റിസര്‍വ് ബാങ്ക് ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ പണം കിട്ടാന്‍ കാലതാമസമുണ്ടാകും. വ്യാജ നോട്ടുകള്‍ ഇടപാടുകാരന്റെ ബാങ്ക് റിസര്‍വ് ബാങ്കിന് കൈമാറണം. ഗവണ്‍മെന്റ് പ്രസിലെ പരിശോധനയ്ക്കു ശേഷമേ വ്യാജനാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൂ. 25 ശതമാനം തുക റിസര്‍വ് ബാങ്ക് ഇടപാടുകാരന് നല്‍കുമ്പോള്‍ ബാക്കി 75 ശതമാനം ബാങ്ക് സഹിക്കണം. അതുകൊണ്ടുതന്നെ ബാങ്കുകള്‍ക്ക് ഇതില്‍ താല്‍പ്പര്യമില്ല. നോട്ടുകള്‍ ഉപയോക്താവിന്റെ സാന്നിധ്യത്തില്‍ നശിപ്പിക്കുന്ന പഴയ രീതി തന്നെ ബാങ്കുകള്‍ക്ക് പഥ്യം. ഇതിന് തയ്യാറായില്ലെങ്കില്‍ പൊലീസിന് കേസ് കൈമാറുമെന്ന ഭീഷണിയുമുണ്ടാകും. പിന്നെ പൊല്ലാപ്പിനു നില്‍ക്കാതെ നോട്ട് നശിപ്പിക്കാന്‍ ഉപയോക്താവ് തയ്യാറാകും.

കള്ളനോട്ട് കണ്ടെത്തിയാല്‍ ഇടപാടുകാരന്റെ പേരില്‍ ബാങ്കുകാര്‍ രസീത് തയ്യാറാക്കുന്നതും റിസര്‍വ് ബാങ്ക് തടഞ്ഞു. ഒറ്റ ഇടപാടില്‍ നാല് കള്ളനോട്ടുകള്‍ വരെ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് സഹിതം ജില്ലകളിലെ നോഡല്‍ പൊലീസിന് കൈമാറും. ഒറ്റ ഇടപാടില്‍ അഞ്ചോ അതിലധികമോ നോട്ട് കണ്ടെത്തിയാല്‍ ലോക്കല്‍ കേസ് പൊലീസിന് കൈമാറും. അതിലും ഇടപാടുകാരന്റെ പേര് ചേര്‍ക്കണമെന്ന് റിസര്‍വ് ബാങ്ക് പറയുന്നില്ല. പക്ഷേ, ഇടപാടുകാരനെ ചോദ്യംചെയ്യാതെ പൊലീസ് അന്വേഷണം ഫലപ്രദമാകുമോയെന്ന ചോദ്യം ബാക്കി.
 (ആര്‍ സാംബന്‍)

കള്ളനോട്ടുകേസുകള്‍ അട്ടിമറിക്കാന്‍ പൊലീസ് ശ്രമം

നെടുമങ്ങാട്: നെടുമങ്ങാട് കേന്ദ്രീകരിച്ച് ഏറെക്കാലമായി നടന്നുവരുന്നതായി പൊലീസ് കണ്ടെത്തിയ കള്ളനോട്ട് അച്ചടി-വിനിമയ കേസുകള്‍ പൊലീസ് തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. പ്രിന്റിങ് മെഷീനും അനുബന്ധ ഉപകരണങ്ങളും നോട്ടുകെട്ടുകളുമുള്‍പ്പെടെ പിടികൂടിയിട്ടും കേസ് ഗൗരവമായി അന്വേഷിക്കുന്നതിനോ പ്രതികള്‍ക്ക് ബന്ധമുള്ള ഉന്നത കള്ളനോട്ട് ലോബികളെ കണ്ടെത്തുന്നതിനോ പൊലീസ് ഒരു താല്‍പ്പര്യവും കാണിക്കുന്നില്ല. വീട് റെയ്ഡ് ചെയ്ത ദിവസം വീട്ടിലുണ്ടായിരുന്ന രാഗേഷിന്റെ പിതാവിനെയും അനുജനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് കിളിമാനൂര്‍ പൊലീസ് രഹസ്യമായി വിട്ടയച്ചു. കേസില്‍നിന്നും തടിയൂരാനുള്ള എല്ലാ പഴുതും ഒരുക്കിയശേഷം രാഗേഷ് പിന്നീട് പൊലീസിനു കീഴടങ്ങി.

ഒന്നാം പ്രതിയാക്കിയും മുഖ്യവകുപ്പ് ചുമത്തിയുമാണ് രാഗേഷിനെതിരെ പൊലീസ് ആദ്യം കേസെടുത്തത്. എന്നാല്‍, വീട്ടില്‍ മറ്റൊരാള്‍ കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍ സൂക്ഷിച്ചു എന്ന വകുപ്പുമാത്രമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. കേസ് സംബന്ധിച്ച് പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കുമ്പോള്‍ രാഗേഷിെന്‍റ ഫോട്ടോയും അനുബന്ധ വിവരങ്ങളും പൊലീസ് ഒഴിവാക്കി. വട്ടച്ചെലവിന് പണം കണ്ടെത്താന്‍ കള്ളനോട്ട് വിനിമയംചെയ്യാന്‍പോയ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള നാലംഗ സംഘത്തിനുമേല്‍ മാത്രം കേസ് ചുമത്തി ഉന്നതരെ രക്ഷിക്കാനുള്ള തീവ്രശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരെ നാട്ടില്‍ പ്രതിഷേധം ശക്തമായി. സിപിഐ എം, ഡിവൈഎഫ്ഐ പൂവത്തൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭപരിപാടികള്‍ക്ക് രൂപംനല്‍കി.

deshabhimani

No comments:

Post a Comment