Tuesday, October 15, 2013

രാവണേശ്വരത്തിന്റെ പോരാളി കല്ലുവരമ്പത്ത് അപ്പക്കുഞ്ഞിയുടെ 65-ാം രക്തസാക്ഷി ദിനം നാളെ

രാവണേശ്വരം: കല്ലുവരമ്പത്ത് അപ്പക്കുഞ്ഞി രക്തസാക്ഷിയായിട്ട് ബുധനാഴ്ച 65 വര്‍ഷം പൂര്‍ത്തിയാകും. ജന്മി നാടുവാഴിത്വത്തിനെതിരെ 1948ല്‍ കര്‍ഷകസംഘം നടത്തിയ നെല്ലെടുപ്പ് സമരത്തെ തുടര്‍ന്നാണ് അപ്പക്കുഞ്ഞി രക്തസാക്ഷിയായത്.

1948ലെ ഭക്ഷ്യക്ഷാമത്തിന്റെ പിടിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കര്‍ഷകസംഘം നേതൃത്വത്തില്‍ വലിയ സമരങ്ങളാണ് നടത്തിയത്. കെ മാധവന്‍, പി അമ്പുനായര്‍, എം ഹരിദാസ്, കല്ലുവരമ്പത്ത് അപ്പക്കുഞ്ഞി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാവണീശ്വരം നെല്ലെടുപ്പ് സമരം നടന്നത്. ജന്മി കുണ്ടിലായരുടെ മനയിലേക്ക് ജനങ്ങള്‍ മാര്‍ച്ച് നടത്തി നെല്ല് ബലമായി പിടിച്ചുവാങ്ങി പാവങ്ങള്‍ക്ക് നല്‍കി. കല്ലുവരമ്പത്തുനിന്ന് ജന്മിയുടെ മനയിലേക്ക് നെല്ല് കൊണ്ടുപോകുമ്പോള്‍ രാമഗിരിയില്‍ തടഞ്ഞ് നെല്ല് പിടിച്ചെടുത്ത് വിതരണം ചെയ്യുകയായിരുന്നു. ഇതിനുശേഷം രാവണീശ്വരത്തും പരിസരത്തും പൊലീസ് നരനായാട്ടാണ് അരങ്ങേറിയത്. നേതാക്കളടക്കം 32 പേര്‍ക്കെതിരെ കേസെടുത്തു. വീടുകളില്‍ കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പൊലീസും കോണ്‍ഗ്രസ് ഗുണ്ടകളും ക്രൂര മര്‍ദനം അഴിച്ചുവിട്ടു. നിരവധി പ്രവര്‍ത്തകര്‍ ഒളിവില്‍ പോയി. ഒളിവില്‍ കഴിയവെയാണ് കല്ലുവരമ്പത്ത് അപ്പക്കുഞ്ഞിയെ പൊലീസ് പിടികൂടിയത്. ഭഭാര്യയുടെയും ബന്ധുക്കളുടെയും മുന്നില്‍വച്ച് ചൂടിക്കയര്‍ കൊണ്ട് വലിഞ്ഞുകെട്ടി ക്രൂരമായി മര്‍ദിച്ചു. പൊലീസ് ക്യാമ്പില്‍ കൊണ്ടുപോയി ബോധം നഷ്ടപ്പെടും വരെ തല്ലിച്ചതച്ചു. രക്തം ഛര്‍ദിച്ച് അവശനായപ്പോള്‍ വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് വലിച്ചെറിഞ്ഞു. ആറുമാസം കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലും പിന്നീട് മംഗളൂരു ജയിലിലും നരകയാതന അനുഭവിച്ചു. ആരോഗ്യം വഷളായപ്പോള്‍ ജാമ്യത്തില്‍ വിട്ടു. 1948 ഒക്ടോബര്‍ 16ന് അപ്പക്കുഞ്ഞി രക്തസാക്ഷിയായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ടി നേതാവും നെല്ലെടുപ്പ് സമരത്തിന് നേതൃകപരമായ പങ്കും വഹിച്ച കല്ലുവരമ്പത്ത് കണ്ണന്റെ സഹോദരനാണ് അപ്പക്കുഞ്ഞി.

രക്തസാക്ഷി ദിനാചരണം 16ന് കല്ലുവരമ്പത്ത് നടക്കും. രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പകല്‍ മൂന്നിന് രാമഗിരിയില്‍നിന്ന് പ്രകടനവും നാലിന് പൊതുസമ്മേളനവും നടക്കും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. രാത്രി കലാപരിപാടികളുമുണ്ടാകും.

deshabhimani

No comments:

Post a Comment