Tuesday, October 15, 2013

കുമരകത്ത് വീണ്ടും വയലുകള്‍ക്കുമീതെ ചെമ്മണ്ണ് നിറയുന്നു

കോട്ടയം: വിനോദസഞ്ചാരത്തിന്റെ മറവില്‍ കുമരകത്ത് വീണ്ടും പാടം നികത്തല്‍ സജീവമായി. നെല്‍പ്പാടങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണത്തിനായി 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ വീഴ്ച മുതലെടുത്താണ് വന്‍തോതില്‍ പാടംനികത്താനുള്ള നീക്കം. കുമരകം കോന്നകേരിച്ചിറ, ചെങ്ങളം മാടപ്പള്ളിക്കാട് എന്നീ പാടങ്ങള്‍ നികത്തുന്നതിന് കഴിഞ്ഞദിവസം ലോറിയില്‍ മണ്ണടിച്ചു. കവണാറ്റിന്‍കര, ചീപ്പുങ്കല്‍ ഭാഗത്തും പാടം നികത്താന്‍ നീക്കമുണ്ട്. ചെങ്ങളത്തെ പെട്രോള്‍ പമ്പിന് സമീപം 41 സെന്റ് പാടം ഒറ്റദിവസംകൊണ്ട് നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാറും വില്ലേജ് ഓഫീസറും നടത്തിയ പരിശോധനയില്‍ ഈ സ്ഥലം പാടശേഖരമാണെന്ന് കണ്ടെത്തി. മണ്ണടിക്കാനെത്തിയ ആറ് ലോറികള്‍ വില്ലേജ് ഓഫീസര്‍ കസ്റ്റഡിയിലെടുത്ത് ആറ്റാമംഗലം പള്ളിയുടെ സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയാണ്.

തരിശുനിലകൃഷി പ്രകാരം കുമരകം പഞ്ചായത്ത് കൃഷിക്കാരുടെ യോഗം വിളിച്ച് കൃഷി ചെയ്യാന്‍ തീരുമാനിച്ചതാണ് 22 ഏക്കറുള്ള കോന്നകേരിച്ചിറ പാടം. തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി നിലം ഒരുക്കി വിത്തിറക്കാനുള്ള നടപടിയും പൂര്‍ത്തിയായി. ഇതിനിടെയാണ് പുത്തന്‍പള്ളിക്കുസമീപം സ്വകാര്യവ്യക്തി പാടത്ത് മണ്ണടിച്ചത്. സംഭവമറിഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മണ്ണടിക്കുന്നത് തടഞ്ഞ് വില്ലേജ്ഓഫീസര്‍ക്ക് പരാതി നല്‍കി. ഭരണസ്വാധീനമുപയോഗിച്ച് വീണ്ടും മണ്ണടിക്കാനാണ് ശ്രമം. മാടപ്പള്ളിക്കാട് പാടത്ത് മൂന്നുമൂലയ്ക്കുസമീപമാണ് നികത്തിയത്. കെഎസ്കെടിയു ഉള്‍പ്പെടെയുള്ള സംഘടനകളുടെ എതിര്‍പ്പിലാണ് മണ്ണടിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയത്.

വിനോദസഞ്ചാരകേന്ദ്രമായതോടെ കുമരകത്തും പരിസരത്തും ഭൂമിവില വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതാണ് പാടങ്ങള്‍ നികത്തി റിയല്‍ എസ്റ്റേറ്റ് കച്ചവടം സജീവമാകാനിടയാക്കിയത്. റോഡരികിലുള്ള പാടങ്ങളേറെയും ഇങ്ങനെ നികത്തിയെടുത്തു. വയല്‍ നികത്താനുള്ള അനുമതിക്കായി ഒട്ടേറെ അപേക്ഷകളാണ് സര്‍ക്കാരിന് മുമ്പിലുള്ളത്. അതിലൊന്നാണ് 415 ഏക്കറുള്ള കുമരകത്തെ മെത്രാന്‍കായല്‍ പാടശേഖരം. ആദ്യം മത്സ്യകൃഷി നടന്ന ഈ പാടം തരിശുനിലമായിട്ട് ഏഴുവര്‍ഷത്തിലേറെയായി. ഗോള്‍ഫ് കളിസ്ഥലവും റിസോര്‍ട്ടുമടക്കം വമ്പന്‍ പദ്ധതിയാണ് സ്ഥലം കൈവശപ്പെടുത്തിയ ടൂറിസം ഗ്രൂപ്പിന്റെ ലക്ഷ്യം. കൃഷിയോഗ്യമായ വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും നികത്തിയവയുടെയും വിവരങ്ങളടങ്ങിയ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കണമെന്നാണ് നെല്‍വയല്‍ നിയമത്തിലുള്ളത്. യുഡിഎഫ് അധികാരത്തിലെത്തി രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഡാറ്റാ ബാങ്ക് തയ്യാറാക്കല്‍ പൂര്‍ത്തീകരിച്ചിട്ടില്ല. 2008ലെ നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമപ്രകാരം സംസ്ഥാനത്തെ ഭൂമിയെ തരംതിരിക്കുകയും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഏതെന്ന് വ്യക്തമാക്കുകയും വേണം. ഇതിനു കൃഷിഓഫീസര്‍ കണ്‍വീനര്‍ ആയി പ്രാദേശിക മേല്‍നോട്ട കമ്മിറ്റി രൂപീകരിക്കണം. വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്, രണ്ടു കര്‍ഷകപ്രതിനിധികള്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് വില്ലേജ് പ്രദേശത്തെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കണ്ടെത്തി രേഖപ്പെടുത്തേണ്ടത്. ഡാറ്റാ ബാങ്ക് പിഴവില്ലാതെ നിലവില്‍ വന്നാല്‍ ഭൂമാഫിയക്ക് നെല്‍വയല്‍ നികത്താന്‍ കഴിയില്ല. കൃഷി ആവശ്യത്തിനാണെന്ന് ഉറപ്പുവരുത്തി മാത്രമേ നെല്‍വയല്‍ കൈമാറ്റം ചെയ്യാനാകൂ.

നികത്തിയ തോട് സിപിഐ എം പ്രവര്‍ത്തകര്‍ പുനഃസ്ഥാപിച്ചു

പെരുമ്പാവൂര്‍: കാരാട്ടുപള്ളിക്കര പാടശേഖരത്തില്‍ ഭൂമാഫിയ നികത്തിയ കൈത്തോട് സിപിഐ എം പ്രവര്‍ത്തകര്‍ പുനഃസ്ഥാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് 300 മീറ്റര്‍ നീളമുള്ള തോട് ജെസിബി ഉപയോഗിച്ച് പുനഃസ്ഥാപിച്ചത്. മൂന്നുപൂവ് കൃഷി ചെയ്തിരുന്ന ജലസമൃദ്ധമായ പാടം നൂറുകണക്കിനു ലോഡ് മണ്ണിട്ട് നികത്തിയ കൂട്ടത്തിലാണ് പൊതുതോടും നികത്തിയത്. കൂടാതെ പൊതുകുളം നികത്തി 30 സെന്റ് പുറമ്പോക്ക് കൈയേറുകയുംചെയ്തു. കര്‍ഷക-കാര്‍ഷകത്തൊഴിലാളി യൂണിയന്‍ സംയുക്തസമരസമിതി കുടില്‍കെട്ടി സമരം നടത്തിയത് ഇവിടെയാണ്. പാടശേഖരത്തിലെ അവശേഷിക്കുന്ന പാടംകൂടി കഴിഞ്ഞയാഴ്ച മണ്ണിട്ടുനികത്തിയ സാഹചര്യത്തിലാണ് സിപിഐ എം പ്രവര്‍ത്തകര്‍ പ്രത്യക്ഷ നടപടികളുമായി മുന്നിട്ടിറങ്ങിയത്. ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങാനെന്നുപറഞ്ഞ് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് സമീപവാസിയായ ആള്‍ ഭൂമാഫിയയുടെ സഹായത്തോടെ പാടം നികത്തിയത്. അഞ്ചേക്കറോളം വരുന്ന നെല്‍പ്പാടമാണ് നികത്തി കൂറ്റന്‍ ചുറ്റുമതില്‍കെട്ടി തിരിച്ചിട്ടിരിക്കുന്നത്.

കാരാട്ടുപള്ളിക്കര വലിയതോട്ടില്‍നിന്ന് തുടങ്ങുന്ന കൈത്തോട് ഒഴുകുന്നത് നികത്തിയ പാടശേഖരത്തിലൂടെയാണ്. കൈത്തോടു തുടങ്ങുന്ന ഭാഗത്ത് ഒരു പൈപ്പ് സ്ഥാപിച്ചശേഷം ബാക്കിയുള്ള തോട് പൂര്‍ണമായും നികത്തുകയായിരുന്നു. തോട് പുനഃസ്ഥാപിക്കുന്നത് ചെറുക്കാന്‍ ഉടമ രംഗത്തുവന്നുമില്ല. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഉടമ വരാന്‍ തയ്യാറാകാത്തതിനാല്‍ പൊലീസും മടങ്ങി. സിപിഐ എം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു തോട് പുനഃസ്ഥാപിക്കല്‍. ഏരിയ സെക്രട്ടറി അഡ്വ. എന്‍ സി മോഹനന്‍, ലോക്കല്‍ സെക്രട്ടറി സി ബി എ ജബ്ബാര്‍, മുനിസിപ്പല്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ ഇ നൗഷാദ്, മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറി കുഞ്ഞുമോള്‍ തങ്കപ്പന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷീല സതീശന്‍, ജോണ്‍ ജേക്കബ്, സി കെ രൂപേഷ്കുമാര്‍, എസ് വിജു എന്നിവര്‍ നേതൃത്വം നല്‍കി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി ശശീന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചു.

deshabhimani

No comments:

Post a Comment