Sunday, October 20, 2013

കെ സുധാകരന്‍ ഉള്‍പ്പെടെ 8 പ്രതികള്‍ ഒളിവിലെന്ന് കുറ്റപത്രം

മണല്‍കടത്തുമായി ബന്ധപ്പെട്ട് വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത്്കോണ്‍ഗ്രസ് നേതാവിനെ ബലമായി മോചിപ്പിച്ച കെ സുധാകരന്‍ ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വളപട്ടണം എസ്ഐ എ വി ദിനേശാണ് കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളെല്ലാം ഒളിവിലാണെന്ന വിചിത്രമായ വാദവും കുറ്റപത്രത്തിലുണ്ട്. സുധാകരനുപുറമെ കോണ്‍ഗ്രസ് നേതാക്കളായ കെ സുരേന്ദ്രന്‍, സജീവ് ജോസഫ്, കെ പ്രമോദ്, പി കെ രാഗേഷ്, റിജില്‍ മാക്കുറ്റി, കെ പി ഷറഫുദ്ദീന്‍, വി പി നൗഷാദ് എന്നിവരും പ്രതികളാണ്. ഐപിസി 143, 147, 283, 149 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

2012 ഒക്ടോബര്‍ 31നാണ് കേസിനാസ്പദമായ സംഭവം. അനധികൃതമായി മിനിലോറിയില്‍ മണല്‍ കടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വളപട്ടണം എസ്ഐ ബി കെ ഷിജു അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷിനെ സുധാകരനും മണല്‍ മാഫിയാസംഘവും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോചിപ്പിച്ചു. എസ്ഐയെ വീട്ടിലിരുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സുധാകരന്‍ രാഗേഷിനെ ഇറക്കിക്കൊണ്ടുപോയത്. ആദ്യഘട്ടത്തില്‍ എംപിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. കേസെടുക്കാതിരിക്കാന്‍ മന്ത്രിതലത്തില്‍ ശക്തമായ സമ്മര്‍ദമുണ്ടായെങ്കിലും വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് ഒടുവില്‍ കേസെടുത്തു. കേസില്‍ സുധാകരന്‍ മൂന്നാം പ്രതിയാണ്. ഒളിവിലെന്ന് പൊലീസ് പറയുന്ന മുഴുവന്‍ പ്രതികളും കണ്ണൂരില്‍ സജീവമാണ്.

മണല്‍ കടത്തിനിടെ നാറാത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സമദും ഹമീദും പൊലീസ് പിടിയിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. വളപട്ടണം റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് മണല്‍കടത്തുന്ന ലോറി തടയാന്‍ ശ്രമിച്ച ഗ്രേഡ് എസ്ഐ ടി പി രാജനും രണ്ടു പൊലീസുകാര്‍ക്കുംനേരെ ലോറി ഓടിച്ചുകയറ്റാന്‍ ശ്രമിച്ച് രക്ഷപ്പെട്ട ഇരുവരെയും പൊലീസ് പിന്തുടര്‍ന്ന് പിടിച്ചു. ഇവരെ വിടണമെന്ന് ആവശ്യപ്പെട്ടാണ് രാഗേഷ് സ്റ്റേഷനില്‍ എത്തിയത്. കേസെടുക്കാതെ വിടാനാവില്ലെന്ന് എസ്ഐ വി കെ സിജു അറിയിച്ചു. അതോടെ, എസ്ഐയുടെ ജോലി തെറിപ്പിക്കുമെന്ന് രാഗേഷ് ഭീഷണിപ്പെടുത്തി. കൈയേറ്റത്തിനും മുതിര്‍ന്നു. തുടര്‍ന്നാണ് രാഗേഷിനെ ലോക്കപ്പിലടച്ചത്.

വിവരമറിഞ്ഞ് സുധാകരന്‍ സ്റ്റേഷനിലെത്തി അതിക്രമം നടത്തുകയായിരുന്നു. മണല്‍മാഫിയാ സംഘത്തിലെ നൂറോളം പേരും കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. സുധാകരനൊപ്പം എത്തിയ മാഫിയാസംഘം സ്റ്റേഷന്‍ വളഞ്ഞു. സുധാകരന്‍ എസ്ഐ സിജുവിന്റെ മുറിയിലേക്ക് കടന്നുചെന്ന് -""നീയാരാടാ, സിനിമാ നടന്‍ സുരേഷ്ഗോപിയാണെന്നാണോ നിന്റെ വിചാരം. രാഷ്ട്രീയമൊക്കെ വീട്ടില്‍വച്ചിട്ട് വന്നേക്കണം. ഒരാഴ്ചക്കകം വീട്ടിലിരുത്താന്‍ എനിക്കറിയാം."" എന്നിങ്ങനെ ആക്രോശിച്ചു. സുധാകരന്‍ മണല്‍മാഫിയക്കുവേണ്ടി മൂന്നുമണിക്കൂറോളം സ്റ്റേഷനില്‍ കുത്തിയിരുന്നു. എസ്പി രാഹുല്‍ ആര്‍ നായരെയും സുധാകരന്‍ ഫോണില്‍ ബന്ധപ്പെട്ട് തട്ടിക്കയറിയിരുന്നു. തത്സമയദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തതിനാല്‍ സുധാകരന്റെയും സംഘത്തിന്റെയും അതിക്രമങ്ങള്‍ ജനങ്ങള്‍ കണ്ടിരുന്നു. ഭരണപക്ഷത്തിന്റെ ഭീഷണിക്കിരയായ എസ്ഐ ഷിജുവിനെ പിന്നീട് സ്ഥലംമാറ്റി.

deshabhimani

No comments:

Post a Comment