Sunday, October 20, 2013

മുഖ്യമന്ത്രി ജോലി "നല്‍കി"; സെയ്ദിന് കിട്ടിയത് കണ്ണീര്

ഇത് സെയ്ദ് അന്‍സാജര്‍ അലിഖാന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഈ മുഖം ഓര്‍മയുണ്ടാകാന്‍ വഴിയില്ല. എന്നാല്‍, സെയ്ദിന് മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനം മറക്കാനാകില്ല. ഇത് വാഗ്ദാനലംഘനത്തിന്റെയും വഞ്ചനയുടെയും വാര്‍ഷികം. ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ജനസമ്പര്‍ക്ക പരിപാടി വേദിയില്‍ വെള്ളിയാഴ്ച വീണ്ടും എത്തിയ സെയ്ദ് വേദനയോടെ വീണ്ടും മടങ്ങി. വികലാംഗനും നിര്‍ധന കുടുംബാംഗവുമായ സെയ്ദിന് ജോലി വാഗ്ദാനം ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഒരു വര്‍ഷം മുമ്പ് നടന്ന ഒന്നാംഘട്ട ജനസമ്പര്‍ക്കപരിപാടിയില്‍ വച്ചായിരുന്നു വാഗ്ദാനം. പത്താംക്ലാസ് പാസായ സെയ്ദിന് വിദ്യാഭ്യാസവകുപ്പില്‍ ക്ലര്‍ക്കായി ജോലി ലഭിക്കുമെന്നും അറിയിപ്പുണ്ടായി. മുഖ്യമന്ത്രിയുടെ കരുണയില്‍ സെയ്ദിന് ജോലി ലഭിച്ചെന്ന വാര്‍ത്ത യുഡിഎഫ് അനുകൂല പത്രം ചിത്രമടക്കം അവരുടെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

എന്നാല്‍, സെയ്ദ് ഡിഡി ഓഫീസടക്കം നിരവധി സ്ഥലങ്ങളില്‍ കയറിയിറങ്ങിയെങ്കിലും എല്ലാവരും കൈമലര്‍ത്തി. മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കിയിട്ടും മറുപടിയുണ്ടായില്ല.

ബാലരാമപുരം ബിനുഷ മന്‍സിലില്‍ സെയ്ദ് കുടുംബത്തിന്റെ ഏക ആശ്രയമാണ്. ഒന്നര വയസ്സില്‍ പോളിയോ രോഗം തകര്‍ത്ത ശരീരവുമായി ജീവിതത്തോടു മല്ലിടുകയാണ് ഈ യുവാവ്. ശാരീരിക അസ്വാസ്ഥ്യം മറന്ന് കൂലിവേലയെടുത്താണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. കഠിനമായ ജോലികള്‍ ചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ടുമുണ്ട്. എസ്എസ്എല്‍സി പാസായശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും നിരവധി പരീക്ഷകള്‍ എഴുതിയിട്ടും ഫലമുണ്ടായില്ല.

ഏറെ പ്രതീക്ഷയോടെയാണ് കഴിഞ്ഞ ഒന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് എത്തി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കി. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. "മുട്ടാത്ത വാതിലുകളില്ല. അപേക്ഷകളുമായി വീണ്ടും കയറിയിറങ്ങി.. പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ നല്‍കാനാണെങ്കില്‍ ഇത്തരത്തിലുള്ള ജനസമ്പര്‍ക്ക പരിപാടിയെന്തിന്...?" തനിക്ക് വാഗ്ദാനം ചെയ്ത ജോലി നല്‍കണമെന്നഭ്യര്‍ഥിച്ചുള്ള അപേക്ഷ വീണ്ടും നല്‍കി മടങ്ങുമ്പോള്‍ സെയ്ദ് ചോദിച്ചു.
(ദിലീപ് മലയാലപ്പുഴ)

deshabhimani

No comments:

Post a Comment