Monday, October 21, 2013

ഡിസംബര്‍ 9 മുതല്‍ ക്ലിഫ് ഹൗസ് ഉപരോധം

സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഡിസംബര്‍ 9 മുതല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഉപരോധിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. എല്‍ഡിഎഫ് യോഗ തീരുമാനം വിശദീകരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ക്ലിഫ് ഹൗസ് ഉപരോധത്തില്‍ എത്ര പേരെ പങ്കെടുപ്പിക്കണമെന്നും ഏത് രീതിയില്‍ സമരം മുന്നോട്ട് കൊണ്ടുപോകണമെന്നത് സംബന്ധിച്ചും നവംബര്‍ 18ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കും.

ക്ലിഫ് ഹൗസ് ഉപരോധത്തിന് മുന്നോടിയായി നവംബര്‍ 1 മുതല്‍ 13 വരെ രണ്ട് മേഖലാജാഥകള്‍ സംഘടിപ്പിക്കും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍ മേഖലാജാഥ കാസര്‍കോട് നിന്ന് ആരംഭിച്ച് തൃശൂരില്‍ അവസാനിക്കും. സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരനാണ് തെക്കന്‍ മേഖലാജാഥ നയിക്കുന്നത്. ജാഥ എറണാകുളത്ത് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കും. മുഖ്യമന്ത്രി രാജിവെയ്ക്കും വരെ എല്‍ഡിഎഫ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ തുടരും. ജനസമ്പര്‍ക്ക പരിപാടികളിലെ ഉപരോധം തുടരുമെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.

പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്നും എന്നാല്‍ കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശകളിലെ ആശങ്കകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയോര കര്‍ഷകരുടെ അഭിപ്രായം കൂടി കേട്ട് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറാകണം. കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ പങ്കെടുക്കുന്നില്ലെങ്കിലും എല്‍ഡിഎഫ് കക്ഷികള്‍ അവരുടെ അഭിപ്രായം എഴുതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ക്ലിഫ്ഹൗസ് ഉപരോധിക്കും

തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ ഒമ്പതുമുതല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് ഉപരോധിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു. ഉപരോധത്തിന്റെ വിശദമായ കാര്യങ്ങള്‍ നവംബര്‍ 18ന് ചേരുന്ന എല്‍ഡിഎഫ് യോഗം തീരുമാനിക്കുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ക്ലിഫ്ഹൗസ് ഉപരോധത്തിനു മുന്നോടിയായി എല്‍ഡിഎഫ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന രണ്ടു പ്രചാരണ ജാഥ സംസ്ഥാനത്തുടനീളം പര്യടനം നടത്തും. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ജാഥകള്‍ 13ന് സമാപിക്കും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന വടക്കന്‍ മേഖലാ ജാഥ നവംബര്‍ ഒന്നിന് കാസര്‍കോട് ഉപ്പളയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്യും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തി തൃശൂരില്‍ സമാപിക്കും. സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരന്‍ നേതൃത്വം നല്‍കുന്ന തെക്കന്‍ ജാഥ എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പര്യടനത്തിനുശേഷം തിരുവനന്തപുരത്ത് സമാപിക്കും.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടാണ് സെക്രട്ടറിയറ്റ് ഉപരോധം നിര്‍ത്തിയത്. എന്നാല്‍, സര്‍ക്കാര്‍ വാക്ക് പാലിക്കാതെ പിന്നോട്ടുപോയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉപരോധിക്കാന്‍ തീരുമാനിച്ചതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. സെക്രട്ടറിയറ്റ് ഉപരോധ സമരം പരാജയമാണെന്ന് അഭിപ്രായമില്ല. ഉപരോധത്തെതുടര്‍ന്ന് രണ്ടു ദിവസം സെക്രട്ടറിയറ്റിന് അവധി നല്‍കിയത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. മേഖലാ ജാഥകള്‍ക്ക് ജില്ലകളില്‍ സ്വീകരണം നല്‍കും. സ്വീകരണകേന്ദ്രങ്ങളില്‍ ലഘുലേഖകള്‍ വിതരണംചെയ്യും. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഉപരോധിക്കുന്നത് തുടരാനും എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. കോടിയേരി ബാലകൃഷ്ണന്‍ ക്യാപ്റ്റനായുള്ള ജാഥയില്‍ സിഎന്‍ ചന്ദ്രന്‍ (സിപിഐ), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി) , സി കെ നാണു (ജനതാദള്‍), മാമ്മന്‍ ഐപ് (എന്‍സിപി), വി സുരേന്ദ്രന്‍പിള്ള (കേരള കോണ്‍ഗ്രസ്), ഇ പി ആര്‍ വേശാല(കോണ്‍ഗ്രസ് എസ്) എന്നിവരാണ് അംഗങ്ങള്‍. തെക്കന്‍ മേഖലാ ജാഥയില്‍ ആനത്തലവട്ടം ആനന്ദന്‍ (സിപിഐ എം), എന്‍ കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി), ജമീല പ്രകാശം എംഎല്‍എ (ജനതാദള്‍), ഉഴവൂര്‍ വിജയന്‍ (എന്‍സിപി), പി സി തോമസ് (കേരള കോണ്‍ഗ്രസ്), അനില്‍ കാഞ്ഞിലി (കോണ്‍ഗ്രസ് എസ്) എന്നിരും അംഗങ്ങളാകും.

ജനങ്ങളുടെ ആശങ്കയകറ്റണം: എല്‍ഡിഎഫ്

തിരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുമുമ്പ് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും മലയോര കര്‍ഷകരിലും ജനങ്ങളിലും കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് യോഗം വിലയിരുത്തിയതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തണം. പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, ശാസ്ത്രീയവശങ്ങള്‍ പഠിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഗണിക്കുകയും വേണം. ജനങ്ങളെ തകര്‍ക്കുന്ന പരിസ്ഥിതി മൗലികവാദത്തോട് യോജിപ്പില്ല. കൃഷിക്കാരുടെയും രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം തേടാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുഖ്യമന്ത്രി വിളിച്ച യോഗമായതിനാലാണ് എല്‍ഡിഎഫ് പങ്കെടുക്കാതിരുന്നത്. പാര്‍ടികളുടെ അഭിപ്രായം രേഖാമൂലം അറിയിച്ചിട്ടുണ്ട്. റബറിന്റെ വിലയിടിവ് തടയാന്‍ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ തെറ്റായ റബര്‍ ഇറക്കുമതി നയവും ടയര്‍ ലോബിയുടെ നിലപാടുമാണ് വിലയിടിവിനു കാരണം. ഇറക്കുമതിനയം തിരുത്തണം. വിലയിടിവിനെതിരെ റബര്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

deshabhimani

1 comment: