Monday, October 21, 2013

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ജനവഞ്ചനയും തട്ടിപ്പുമാക്കി മാറ്റരുത്

ഭൂരഹിത കേരളം പദ്ധതിയുടെ ഒന്നാംഘട്ടം 'വിജയകരമായി' പൂര്‍ത്തിയാക്കിയെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നത്. രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ കേരളം പൂര്‍ണമായും ഭൂരഹിതരില്ലാത്ത സംസ്ഥാനമായി മാറുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് തലവന്മാരുടെയും വാര്‍ഷിക അവലോകനത്തിലാണ് മുഖ്യമന്ത്രി ഈ അവകാശവാദം നടത്തിയത്. ഇത് വസ്തുതകള്‍ക്ക് നിരക്കാത്ത ജനവഞ്ചനയാണ്. വിജയകരമായി പൂര്‍ത്തിയാക്കി എന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്ന ഭൂരഹിത കേരളം പദ്ധതിയുടെ ഒന്നാം ഘട്ടത്തെപ്പറ്റിയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനെപ്പറ്റിയും അടക്കം കൊട്ടിഘോഷിച്ച്, കൊണ്ടാടുന്ന യു ഡി എഫ് സര്‍ക്കാരിന്റെ ഭൂവിതരണ പദ്ധതികളുടെ പേരില്‍ അരങ്ങേറുന്ന തട്ടിപ്പുകളും ജനവഞ്ചനയും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. യു പി എ - കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പത്ത് പേര്‍ക്ക് വിതരണം ചെയ്ത ഭൂമി സംബന്ധിച്ച രേഖകള്‍ റവന്യൂ വകുപ്പ് തിരികെ വാങ്ങി. നെടുമങ്ങാട് താലൂക്കിലെ വെള്ളനാട് പഞ്ചായത്തില്‍പെട്ട ഭൂമിയുടെ രേഖ ലഭിച്ചവരാണ് യു ഡി എഫ് സര്‍ക്കാരിന്റെ തട്ടിപ്പിന് ഇരകളായത്. അരുവിക്കര ഡാം റിസര്‍വോയറിന്റെ പരിസരത്തുള്ള പ്രസ്തുതഭൂമി കാലങ്ങളായി തങ്ങളുടെ കൈവശത്തിലുള്ളതാണെന്നും അത് വിട്ടുനല്‍കുന്ന പ്രശ്‌നമില്ലെന്നുമുള്ള വാദവുമായി വാട്ടര്‍ അതോറിറ്റി രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തെപ്പറ്റി വിശദീകരണം നല്‍കാന്‍പോലും റവന്യൂഅധികൃതര്‍ സന്നദ്ധരല്ല. പകരം ഭൂമിയുടെ രേഖകള്‍ തിരികെ വാങ്ങിയെന്ന പേരില്‍ വില്ലേജ് ഓഫീസറെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് തടിതപ്പാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വെള്ളനാട് പഞ്ചായത്തിലെ സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ഭൂമി വിതരണം ചെയ്തതില്‍ 29 പേര്‍ക്ക് ശ്മശാനഭൂമിയാണ് നല്‍കിയതെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് വെള്ളനാട് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ജില്ലകളിലും സമാന പരാതികള്‍ ഉയര്‍ന്നുവരുന്നതായാണ് മനസിലാക്കാന്‍ കഴിയുന്നത്. ഭൂരഹിത കേരളം പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയും യു ഡി എഫ് സര്‍ക്കാരും ഈ തട്ടിപ്പുകളെപറ്റി നിശബ്ദത പാലിക്കുന്നു. വാസയോഗ്യമല്ലാത്തതും സര്‍ക്കാരിന്റെ തന്നെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കൈവശത്തിലിരിക്കുന്നതുമായ ഭൂമി കെട്ടിയേല്‍പ്പിക്കപ്പെട്ട പാവങ്ങള്‍ക്ക് തെറ്റ് തിരുത്തി പകരം ഭൂമിനല്‍കാതെ നടത്തുന്ന അവകാശവാദങ്ങള്‍ അപഹാസ്യമാണ്. ഭൂരഹിതരായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമി നല്‍കുന്നത് സംബന്ധിച്ച പരാതികള്‍ക്ക് പുതുമയില്ല. ഈ വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതില്‍ വന്‍ അഴിമതിയും ക്രമക്കേടുകളും നടക്കുന്നുവെന്നതും അനിഷേധ്യമായ വസ്തുതയാണ്. ഗുണഭോക്താവ് അനുയോജ്യമായ ഭൂമി കണ്ടെത്തി വിലനിശ്ചയിച്ച് സമ്മതമാണെന്ന് അറിയിച്ചാല്‍ ബന്ധപ്പെട്ട വകുപ്പ് ഭൂമി വാങ്ങിനല്‍കുക എന്നതാണ് നിലവിലുള്ള നടപടിക്രമം. അത് ലംഘിച്ച് ഉദ്യോഗസ്ഥര്‍ നേരിട്ട് തീരെ വാസയോഗ്യമല്ലാത്ത ഭൂമി ഉയര്‍ന്ന വിലകാട്ടി വാങ്ങി ഗുണഭോക്താക്കളുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നത് പതിവാണ്. അത്തരം സംഭവങ്ങളില്‍ ഒന്നാണ് അടൂര്‍ അയ്യപ്പന്‍പാറയില്‍ അരങ്ങേറിയതായി 'ജനയുഗം' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഭവനരഹിതര്‍ക്ക് വീട് വച്ച് താമസിക്കാന്‍ മൂന്നുസെന്റ് വീതം മാത്രം നല്‍കുന്ന പദ്ധതിയില്‍ നല്‍കുന്നത് ആ ലക്ഷ്യം ഒരിക്കലും നടപ്പാക്കാനാവാത്ത ചേറ്റുനിലം. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും അവ നല്‍കുന്നതിനായുള്ള പദ്ധതികളാണ് ഇത്തരത്തില്‍ അപഹാസ്യമായി മാറുന്നത്.

കേരളത്തിലെ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും അവ നല്‍കുവാനുള്ള പദ്ധതി പ്രചാരണത്തിനപ്പുറം പ്രായോഗികമായി നടപ്പാക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ ആത്മാര്‍ഥതയും ആര്‍ജവവും തീര്‍ത്തും സംശയകരമാണ്. അത്തരം ഒരു പദ്ധതിയുടെ ഒന്നാമത്തെ നടപടി വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി കണ്ടെത്തലാണ്. കേരളത്തിലെ ഭൂമിയുടെ പരിമിതിയെപ്പറ്റിയും വിലയെപ്പറ്റിയും വിലപിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും അന്യാധീനപ്പെട്ട സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. എല്ലാ നിയമങ്ങളും കരാര്‍ നിബന്ധനകളും ലംഘിച്ച് ഹാരിസണ്‍ മലയാളമടക്കം വന്‍കുത്തകകള്‍ കൈവശം വച്ചിരിക്കുന്ന പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിതന്നെയാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. ഹാരിസണ്‍ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ അക്ഷന്തവ്യമായ വീഴ്ചയും ഒത്തുകളിയുമാണ് നടത്തിയത്. ലഭ്യമായ ഭൂമി മുഴുവന്‍ കണ്ടെത്താനും അവ ഏറ്റെടുത്ത് അര്‍ഹരായ ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുമുള്ള നടപടികളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഭൂമാഫിയകള്‍ ഭൂപരിധി നിയമമടക്കം നിലവിലുള്ള നിയമങ്ങള്‍ അപ്പാടെ ലംഘിച്ച് നടത്തുന്ന ഭൂമികേന്ദ്രീകരണം തടയാന്‍ അടിയന്തര നടപടി ഉണ്ടാവണം. അതിനൊന്നും തയ്യാറാവാതെ 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയുടെ പേരില്‍ നടക്കുന്ന രാഷ്ട്രീയ അഭ്യാസപ്രകടനങ്ങള്‍ ജനവഞ്ചനയും തട്ടിപ്പുമാണെന്ന് കാലം വിലയിരുത്തും.

janayugom editorial

No comments:

Post a Comment