Sunday, October 20, 2013

സോണിയാ ഗാന്ധി നല്‍കിയത് ഇല്ലാത്ത പട്ടയം

യു പി എ അധ്യക്ഷ സോണിയാഗാന്ധി ഭൂരഹിതരല്ലാത്ത കേരളം പദ്ധതിയില്‍ നല്‍കിയത് ഇല്ലാത്ത പട്ടയം. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയെന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലാണ് ഇല്ലാത്ത പട്ടയം നല്‍കി വന്‍ തട്ടിപ്പ് നടത്തിയത്. സര്‍ക്കാര്‍ ഭൂമിയെന്ന് കാണിച്ച് പാവങ്ങള്‍ക്ക് നല്‍കിയ സ്ഥലം വാട്ടര്‍ അതോറിറ്റിയുടെ ഭൂമിയാണെന്നാണ് കണ്ടെത്തിയിരുക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വെള്ളനാട് വില്ലേജിലെ പാവപ്പെട്ടവര്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയിലാണ് വന്‍ തട്ടിപ്പ് നടന്നതായി ആരോപണം ഉയരുന്നത്. വില്ലേജിലെ 53/2 എന്ന സര്‍വേ നമ്പര്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന്  കാണിച്ചാണ് പട്ടയം നല്‍കിയിരിക്കുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത പാവപ്പെട്ടവരായ 10 പേര്‍ക്കാണ് സര്‍ക്കാര്‍ ഭുമിയാണെന്ന കാണിച്ച് പദ്ധതി പ്രകാരം  പതിച്ചു നല്‍കിയത്. മൂന്ന് സെന്റ് വീതമാണ് പതിച്ചുനല്‍കിയത്. പരാതി ഉയര്‍ന്നതോടെ വില്ലേജ് ഓഫീസര്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കിയ പട്ടയം തിരികെ വാങ്ങി. ഇത് നിയമലംഘനമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സോണിയാഗാന്ധി വന്ന് ഉദ്ഘാടനം കഴിഞ്ഞ് പോയി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പതിച്ചു നല്‍കിയ ഭൂമിക്ക് അവകാശികള്‍ വന്നു. തങ്ങളുടെ ഭൂമിയാണെന്ന് കാണിച്ച് വാട്ടര്‍ അതോറിറ്റിയാണ് രംഗത്ത് വന്നിരിക്കുന്നത്. അരുവിക്കര ഡാം റിസര്‍വോയറിന്റെ ഭാഗത്തുള്ള വാട്ടര്‍ അതോറിറ്റി ഭൂമിയാണ് റവന്യൂ വകുപ്പ് പതിച്ചു നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി  കൈവശമിരിക്കുന്ന ഭൂമിയാണെന്നും  യാതൊരു കാരണവശാലും വിട്ടുതരാന്‍ കഴിയില്ലെന്നുമാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്. ഇതുസംബന്ധിച്ച് റവന്യു അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ട്. റവന്യു വകുപ്പിന്റെ മറുപടി ലഭിച്ചതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.

ഭൂമിസംഭവം വിവാദമായതോടെ വെട്ടിലായ റവന്യു അധികൃതര്‍ പതിച്ചു നല്‍കിയ ഭൂമിയുടെ പട്ടയങ്ങള്‍ ഗുണഭോക്താക്കളില്‍ നിന്നു തിരികെ വാങ്ങി. പട്ടയം തിരികെ വാങ്ങിയത് എന്തിനെന്ന കാര്യം റവന്യു അധികൃതര്‍ ഇതുവരെ അവരോട് പറഞ്ഞിട്ടില്ല. പതിച്ചു നല്‍കിയ ഭൂമിയുടെ പട്ടയങ്ങള്‍ തിരിച്ചു വാങ്ങിയ സാഹചര്യത്തില്‍ പകരം ഭൂമി നല്‍കുമോ എന്ന് തുടങ്ങിയ കാര്യങ്ങള്‍ റവന്യു അധികൃതര്‍ വ്യക്തമാക്കിയിട്ടുമില്ല. വില്ലേജ് ഓഫീസില്‍ ഇതു സംബന്ധിച്ച കാര്യം തിരക്കാന്‍ ചെന്നവരോട് അടുത്ത മാസം വരാനാണ് അറിയിച്ചത്. നെടുമങ്ങാട് താലൂക്കിലെ ചില വില്ലേജുകളിലും സമാനമായ രീതിയിലുള്ള തട്ടിപ്പ് നടന്നതായി വിവരമുണ്ട്. മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ ഭൂമികളാണ് റവന്യൂവകുപ്പ്  ഭൂരഹിതരില്ലാത്തകേരളം പദ്ധതിയിലൂടെ പതിച്ചു നല്‍കിയതെന്ന് ആരോപണം ഉയരുന്നു. ആര്യനാട്, ഉഴമലയ്ക്കല്‍, ആനാട് തുടങ്ങിയ വില്ലേജുകളിലും ഇത്തരത്തില്‍ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ റവന്യു അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആരോപണം. സംസ്ഥാനത്ത് പലയിടത്ത് നിന്നും ഭൂരഹിതരില്ലാത്തകേരളം പദ്ധതിയെകുറിച്ച് നിരവധി പരാതികള്‍ ഉയരുന്നുണ്ട് .  റവന്യൂഭൂമിയെന്നു കാണിച്ച് നല്‍കിയ ഭൂമിയില്‍ പലതും സ്വകാര്യവ്യക്തികളുടേയോ, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ ആണെന്നാണ് പരാതികള്‍.

janayugom

No comments:

Post a Comment