Sunday, October 20, 2013

ഇരയിമ്മന്‍തമ്പിക്കും വയലാറിനും അറസ്റ്റ് വാറണ്ട്!

മലയാള മാധ്യമലോകത്തെ കുലപതികളിലൊരാളായ ഒരു പത്രാധിപരുണ്ടായിരുന്നു. വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചോരവഴികള്‍ താണ്ടുന്നതിനിടയില്‍ അദ്ദേഹം ഒരു ദിവസം അനുഭവിച്ച മര്‍ദ്ദനം ഒരു കൊമ്പനാനയോടായിരുന്നുവെങ്കില്‍ അവന്‍ കരള്‍ ചതഞ്ഞു ചത്തുപോകുമായിരുന്നു.

മഹാബഹുമുഖപ്രതിഭയായിരുന്ന അദ്ദേഹം പിന്നെ പത്രാധിപരായി. ഒപ്പം പ്രവര്‍ത്തിക്കാന്‍ യുവപത്രപ്രവര്‍ത്തകരുടെ ഒരു പടതന്നെയുണ്ട്. പണിയൊക്കെ ഭംഗിയായി ചെയ്യുമെങ്കിലും എല്ലാം മഹാവികൃതികള്‍. പക്ഷേ പത്രാധിപര്‍ക്കുമുന്നില്‍ ആ തെന്നാലിരാമന്‍കുട്ടിമാരുടെ വേലത്തരമൊന്നും ലേശവും ഏശില്ല. വാക്കിലും പ്രവൃത്തിയിലും അച്ചടക്കത്തിലും അത്രയും കണിശക്കാരന്‍.
ഒരു ദിവസം ലേഖകനായ ഒരു യുവ ശിങ്കിടിമുങ്കന്‍ വാര്‍ത്തയുമായി പത്രാധിപരുടെ മുന്നിലേയ്ക്ക്. താനങ്ങു സ്‌കോര്‍ ചെയ്തുകളഞ്ഞുവെന്ന ഗമയില്‍ വാര്‍ത്ത പത്രാധിപരെ ഏല്‍പ്പിച്ചു.
വാര്‍ത്തയെഴുതുന്നവര്‍ തന്നെ തലക്കെട്ടും എഴുതണമെന്ന് പത്രാധിപര്‍ക്കു മഹാനിര്‍ബന്ധം. അതുകൊണ്ടുതന്നെ ലേഖകവിക്രമി തലക്കെട്ടും ചാര്‍ത്തിയിട്ടുണ്ടായിരുന്നു; 'നിരാശനായ കാമുകന്‍ കാമുകിയുടെ മാറില്‍ വെട്ടിപരിക്കേല്‍പ്പിച്ചു'. തലക്കെട്ടു വായിച്ചപ്പോള്‍ തന്നെ പത്രാധിപര്‍ പൊട്ടിത്തെറിച്ചു; 'എടോ തന്റെ കാമശാസ്ത്ര വിജ്ഞാനം പ്രകടിപ്പിക്കാനുള്ളതല്ല' പത്രം. മാര്‍ എന്ന വാക്ക് അശ്ലീലമാണെന്ന് തനിക്ക് അറിയാന്‍ മേലാഞ്ഞിട്ടാണോ?'

പത്രാധിപര്‍ കത്തിക്കാളിയപ്പോള്‍ ലേഖകന്‍ എലിക്കുഞ്ഞിനെപ്പോലായി. എന്നിട്ട് തലക്കെട്ടിന്റെ 'മാറില്‍' നെടുകേയും കുറുകേയും വെട്ട്! പകരം 'നെഞ്ചില്‍ എന്നു ഭേദഗതി വരുത്തിയ തലക്കെട്ടുപിറന്നു. വാര്‍ത്തവായിച്ചു പെരുത്തുസന്തോഷവും. ആകെ മാറില്‍ പ്രയോഗം മാത്രമേ പത്രാധിപര്‍ക്കു ഇഷ്ടമാകാത്തതായുണ്ടായിരുന്നുള്ളു. കുറേ ദിവസം കഴിഞ്ഞപ്പോള്‍ പട്ടം ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും എം എന്‍ ഗോവിന്ദന്‍നായരും പങ്കെടുക്കുന്ന ഒരു മെഗാചടങ്ങു റിപ്പോര്‍ട്ടുചെയ്യാന്‍ കുസൃതിത്തിടമ്പായ മേല്‍പടി ലേഖകനെത്തന്നെ പത്രാധിപര്‍ നിയോഗിക്കുന്നു. 'എമ്മെന്റെ എല്ലാ ജനക്ഷേമപരിപാടികള്‍ക്കും കലവറയില്ലാത്ത പിന്തുണ നല്‍കുന്നയാളാണ് തിരുമേനി. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രസംഗവും ഗംഭീരമായി കൊടുക്കണം എന്ന് പത്രാധിപരുടെ ഉപദേശം. ഏറ്റുവെന്ന് തലയാട്ടി മാധ്യമകുസൃതി സമ്മേളനസ്ഥലത്തേക്കു കുതിച്ചു. ഇരമ്പുന്ന ജനസാഗരത്തില്‍ നിന്ന് എം എനും തിരുമേനിയും സ്വാഗതമോതുന്ന മുദ്രാവാക്യഘോഷം. ആകെ ഒരു ഉത്സവമേളം. സദസിനെക്കാള്‍ ആവേശം ലേഖകന്.

സമ്മേളനം കഴിഞ്ഞ് ലേഖകന്‍ റിപ്പോര്‍ട്ടു തയ്യാറാക്കി തുടങ്ങിയപ്പോഴാണ് ബനഡിക്ട് മാര്‍ഗ്രിഗോറിയോസ് തിരുമേനിയുടെ 'മാറില്‍' എന്തു ചെയ്യും എന്ന വേവലാതി മനസില്‍ ഇടിച്ചു കയറിയത്. തിരുമേനിയുടെ പ്രസംഗത്തിലെ മാര്‍ പ്രതാധിപരുടെ 'നെഞ്ചില്‍' ത്തന്നെയിരുന്നോട്ടെ! 'ലക്ഷം വീടു' പദ്ധതി എന്ന മഹത്തായ സാമൂഹ്യവിപ്ലവത്തിന്റെ തേരാളിയായ എം എന്‍ നമ്മുടെ നാടിന്റെ ദീപഗോപുരമായ ഇടുക്കി പദ്ധതിയുടെ ശില്‍പിയുമെന്ന നിലയില്‍ കാലം നമുക്കുതന്ന വരദാനമാണ് എന്ന ആമുഖത്തോടെയാണ് പട്ടം ആര്‍ച്ച് ബിഷപ് ബെനഡിക്ട് 'നെഞ്ചില്‍' ഗ്രിഗോറിയോസ് തിരുമേനി തന്റെ അധ്യക്ഷപ്രസംഗം തുടങ്ങിയ വാചകത്തോടെ എഴുതിയ റിപ്പോര്‍ട്ടിലുടനീളം 'നെഞ്ചില്‍' ഗ്രിഗോറിയോസ് തിരുമേനിയുടെ നിറസാന്നിധ്യമുണ്ടായിരുന്നു!

വാര്‍ത്തവായിച്ചു പൊട്ടിച്ചിരിച്ചുകൊണ്ട് പത്രാധിപര്‍ വാത്സല്യത്തോടെ പറഞ്ഞു! താന്‍ എനിക്കിട്ട് ഒരു വേലവച്ചു. എടോ 'മാര്‍' എന്ന വാക്ക് എല്ലായിടത്തും നെഞ്ചാക്കണമെന്നില്ല! മാധ്യമരംഗത്തുനിന്നും പറഞ്ഞുകേട്ട ഈ കഥ ഓര്‍ത്തുപോയത് സിനിമയ്ക്കുമാത്രമല്ല സിനിമാപാട്ടുകള്‍ക്കു സെന്‍സര്‍ഷിപ്പു വരാന്‍ പോകുന്നുവെന്ന വാര്‍ത്ത വായിച്ചതോടെയാണ്. ഉത്തരവിന് മുന്‍കാല പ്രാബല്യമുണ്ടാകുമോ എന്നു നിശ്ചയമില്ല. ഉണ്ടെങ്കില്‍ തുഞ്ചത്താചാര്യനും ഇരയിമ്മന്‍തമ്പിക്കും വയലാറിനുമെല്ലാം മരണാനന്തര അറസ്റ്റു വാറണ്ടുകള്‍ കട്ടായം! വ്യാഖ്യാനിച്ച് ഏതു വരിയിലും ഒളിഞ്ഞു കിടക്കുന്ന വാക്കുകളില്‍ അശ്ലീലമുദ്രകുത്താന്‍ സെന്‍സര്‍ബോര്‍ഡിനുണ്ടോ ഭയം.

എങ്കില്‍ സീതാസ്വയംവരവേളയിലെ ''വില്ലെടുക്കാമോ കുലയ്ക്കാമോ ചൊല്ലുകെന്നതുകേട്ടു ചൊല്ലിനാന്‍ വിശ്വാമിത്രന്‍'' എന്ന വരികളുടെ പേരില്‍ എഴുത്തച്ഛന് സ്വര്‍ഗത്തേയ്ക്ക് സമന്‍സ് പോകുമെന്ന് ഉറപ്പ്! ഇരയിമ്മന്‍തമ്പിയേയും പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ, അങ്കത്തിലിരുത്തിയെന്‍ കൊങ്കത്തടങ്ങള്‍ കരപങ്കജം കൊണ്ടവന്‍ തലോടി...' എന്ന മഹാപാതകം എഴുതിയതിന് സെന്‍സര്‍ബോര്‍ഡ് സ്വര്‍ഗത്തില്‍ ചെന്ന് കസ്റ്റഡിയിലെടുത്ത് ക്വസ്റ്റ്യന്‍ ചെയ്ത് ജയില്‍ ചപ്പാത്തിയും കോഴിക്കറിയും കഴിപ്പിക്കുമെന്നു തീര്‍ച്ച! പിന്നെയുമുണ്ടൊരു മഹാകുറ്റവാളി, വയലാര്‍ രാമവര്‍മ്മ! മല്ലികാബാണന്‍ തന്റെ വില്ലെടുത്തു' വെന്നും 'പാവാടപ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍ താമരമൊട്ടായിരുന്നു' വെന്നുമൊക്കെ എഴുതിയ വയലാറിനും പിന്നെ പി ഭാസ്‌ക്കരനുമെല്ലാം മരണാനന്തര റിമാന്‍ഡും വന്നേയ്ക്കാം. ഒ എന്‍ വി സാര്‍ ഇനി 'വെണ്‍കൊറ്റപ്പൂങ്കുടപോല്‍ വിടര്‍ന്ന വിമലാകാശാന്തരംഗങ്ങളില്‍' എന്നോ 'ഭാരതഹൃദയവിപഞ്ചികയിലുണരും രാഗമാലികനാം' എന്നോ ഒക്കെ എഴുതി കാലം കഴിക്കണമെന്ന് ദേവിക അപേക്ഷിക്കുന്നു. സിനിമാഗാനമെഴുതിയപേരില്‍ സാറിനെ കയ്യാമംവെച്ച് കോട്ടണ്‍ ഹില്‍സ്‌ക്വയറിലെ ഇന്ദീവരത്തില്‍ നിന്നു പൊലീസ് നടത്തിക്കൊണ്ടു പോകുന്നതുകണ്ടാല്‍ അങ്ങയുടെ ശിഷ്യകൂടിയായ ദേവികയുടെ ഹൃദയം പൊട്ടിപ്പോകും!

സോളാര്‍ തട്ടിപ്പുതാരം ശാലുമേനോനെ അഖിലേന്ത്യാ സെന്‍സര്‍ ബോര്‍ഡില്‍ നിന്നു പുറത്താക്കിയിരുന്നില്ലെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല! വാത്സ്യായന - കൊക്കോക മഹര്‍ഷിമാരെ തോല്‍പ്പിക്കുന്ന എത്രയെത്ര നീലഗാനങ്ങള്‍ എഴുതാന്‍ ശാലു പച്ചക്കൊടി കാട്ടുമായിരുന്നു. എന്തുചെയ്യാന്‍ ഹതഭാഗ്യരായ സിനിമാഗാനപ്രേമികള്‍ക്ക് ശാലുവിന്റെ സെന്‍സര്‍ ബോര്‍ഡിലേയ്ക്കുള്ള മടങ്ങിവരവിനുവേണ്ടി ഉള്ളുരുകി പ്രാര്‍ഥിക്കാം!

മന്ത്രിപ്രവരനായ കെ സി ജോസഫിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പുവഴി ഈയടുത്ത കാലത്ത് പത്രങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ ചിന്താബന്ധുരം മാത്രമല്ല സമകാലിക പ്രസക്തിയുള്ളവയുമാണെന്നു കാണുന്നതില്‍ മാനംമുട്ടെ സന്തോഷം. ഊര്‍ജ്ജിതജീവിതശൈലീരോഗനിര്‍ണയയജ്ഞം 2013 എന്നാണ് ഒരു പദ്ധതിയുടെപേര്. ജീവിതശൈലികള്‍ മൂലമുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ ശൈലി മാറ്റണമെന്ന ബോധവല്‍ക്കരണവും പരസ്യവാചകമായുണ്ട്. ഈ പരസ്യം കോടികള്‍ തുലച്ച് പത്ര-ദൃശ്യമാധ്യമങ്ങളില്‍ കൂടി നടത്തേണ്ടതുണ്ടായിരുന്നോ, അതങ്ങു കെ പി സി സിയില്‍ പറഞ്ഞാല്‍ പോരായിരുന്നോ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതശൈലീരോഗം മാറ്റണമെന്ന് കോണ്‍ഗ്രസുകാര്‍ ആടിപ്പാടി പറയുന്നു. ഇത്തരം രോഗങ്ങള്‍ കണ്ടുപിടിച്ചു ചികിത്സിക്കാന്‍ തുനിഞ്ഞാല്‍ ഈ രോഗമുള്ളവരെല്ലാം കോണ്‍ഗ്രസുകാരായിരിക്കുമെന്നറിയുമായിരുന്നിട്ടും കോടികള്‍ കത്തിച്ച ഈ പരസ്യപ്രളയത്തിന്റെ പ്രതീകഭംഗി ആരിലും ആദരമുളവാക്കും.

ലോകഭക്ഷ്യദിനാചരണം പ്രമാണിച്ചു സുരക്ഷിത ഭക്ഷണവ്യാപാര രീതികളെക്കുറിച്ചു സെമിനാര്‍ ആണ് മറ്റൊരു പരസ്യവിഷയം. ഭക്ഷണവ്യാപാരത്തില്‍ ഇത്ര വമ്പിച്ച ഒരു നവോത്ഥാനകാലം സൃഷ്ടിച്ച മറ്റൊരു സര്‍ക്കാരുണ്ടോ! ഷവര്‍മ കഴിച്ചാല്‍ കാലന്‍ കൂട്ടിക്കൊണ്ടുപോകുന്നകാലം. ഗ്രീന്‍പീസ് കറിയില്‍ പാമ്പിനെയിട്ട് വേവിച്ച് നോണ്‍വെജിറ്റേറിയനാക്കുന്ന കാലവിശേഷം. കേക്കില്‍ പാറ്റ, പായസത്തില്‍ പഴുതാര, ഒബാമയുടെ കെന്റക്കി ചിക്കനില്‍ പുഴു, ഈയലിട്ട തീയല്‍! ഇതില്‍പരം സുരക്ഷിത ഭക്ഷണ വ്യാപാര രീതികള്‍കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി വെല്ലുവിളിക്കുന്നു. കന്നുക്കുട്ടിയെ ആടാക്കുന്ന മാന്ത്രികവിദ്യ, മുതുകാടിനോ സാമ്രാട്ടിനോ ജൂനിയര്‍ പി സി സര്‍ക്കാരിനോ അറിയുമോ എന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വക വെല്ലുവിളിവേറെ!

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഗണ്‍മാന്മാരെ നിയമിക്കുന്നത് പൂജപ്പുര ജയിലഴികള്‍ക്കുള്ളില്‍ നേരിട്ടു റിക്രൂട്ടിംഗ് നടത്തിയിട്ടാണോ. മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് സോളാര്‍ തട്ടിപ്പ്, തട്ടിക്കൊണ്ടുപോകല്‍, വധോദ്യമം, ഭൂമിതട്ടിപ്പ്, ഹവാലാ ഇടപാട് തുടങ്ങി സര്‍വമേഖലകളിലും വ്യാപരിക്കുന്ന ബഹുമുഖ പ്രതിഭ! മന്ത്രി കെ പി മോഹനന്റെ ഗണ്‍മാന്‍ കള്ളനു കഞ്ഞിവച്ച് കള്ളും കറിയുമായി നല്‍കുന്ന മിടുമിടുക്കന്‍! മാത്രമല്ല ട്രെയിനിലെ ടോയിലറ്റില്‍ പെരുങ്കള്ളനുമായി കള്ളുകുടിച്ചിട്ട് സര്‍ക്കാര്‍ വക സര്‍വീസ് റിവോള്‍വര്‍ കള്ളന്‍ റഫീഖിനു പണയം വയ്ക്കുന്നവന്‍? വളരുന്ന കേരളം ആകെയങ്ങു കൊള്ളാം. വളര്‍ന്നുവളര്‍ന്നു നാം ഇത്രടം വരെയെത്തി; പാലാ നാരായണന്‍ നായര്‍ പറഞ്ഞപോലെ 'കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെകേറിയും കടന്നും ചെന്നന്യമാംദേശങ്ങളില്‍' എന്നു നമുക്കു ഭൂമിമലയാളത്തെ വാഴ്ത്തിപ്പാടാം.

ദേവിക janayugom

No comments:

Post a Comment