Tuesday, October 15, 2013

പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ എന്നിവരുടെ ശമ്പളം മൂന്നിരട്ടിയായി വര്‍ധിപ്പിച്ച തീരുമാനം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. തീരുമാനത്തിനെതിരെ തൊഴിലാളികള്‍ കടുത്ത പ്രതിഷേധത്തിലാണ്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയര്‍മാന്മാരുടെ ഓണറേറിയം 6000 രൂപയില്‍നിന്നും 20,000 ആയാണ് വര്‍ധിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ഇനത്തില്‍ പ്രതിമാസം 1500 രൂപയും അനുവദിച്ചു. സിറ്റിങ് ഫീസ് 300 രൂപയില്‍നിന്നും 500 രൂപയാക്കി. സ്ഥാപനത്തിന്റെ വാഹനം പരിധിയില്ലാതെ ഉപയോഗിക്കാനും വാഹനങ്ങള്‍ ഇല്ലാത്തവര്‍ക്ക് വാഹനം വാങ്ങാനും അനുമതി നല്‍കിയിട്ടുണ്ട്. ചെയര്‍മാന്മാര്‍ക്ക് സ്ഥാപനത്തിന്റെ ചെലവില്‍ പേഴ്സണല്‍ അസിസ്റ്റന്റിനെ വയ്ക്കാനും പുതുതായി അനുമതിനല്‍കി. ഡയറക്ടര്‍മാര്‍ക്ക് യോഗങ്ങളിലേക്ക് എത്തുന്നതിന് വാഹന വാടക നല്‍കാനും മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് പരിധിയില്ലാതെ ഹോട്ടല്‍ റൂം ബില്‍ തുക നല്‍കാനും നിര്‍ദേശമുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചെയര്‍മാന്മാരായി നിയമിക്കുന്നത് ഭരണപക്ഷ രാഷ്ട്രീയ പാര്‍ടികളുടെ പ്രതിനിധികളെയാണ്. ഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളിലും എംഡിമാരെയും ചീഫ് എക്സിക്യൂട്ടീവുമാരെയും നിയമിക്കുന്നതും ഭരണനേതൃത്വമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്ന് കാരണം പറഞ്ഞ് തൊഴിലാളികളുടെ ശമ്പള പരിഷ്കരണം തടഞ്ഞുവച്ചാണ് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ വാദം. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് പരിമിതമായ വേതനം മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ചെയര്‍മാന്‍, എംഡി എന്നിവര്‍ക്ക് ശരാശരി രണ്ട് ലക്ഷത്തോളം രൂപ പ്രതിമാസം സ്ഥാപനങ്ങള്‍ക്ക് ചെലവുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ അടച്ചുപൂട്ടലിലേക്ക് തള്ളിവിടുന്ന ഈ പരിഷ്കരണത്തിനെതിരെ തൊഴിലാളികള്‍ ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് തൊഴിലാളി സംഘടനകള്‍ പരാതി നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കത്തിലാണ് തൊഴിലാളി സംഘടനകള്‍.

deshabhimani

No comments:

Post a Comment