Tuesday, October 15, 2013

ഊരുകളില്‍ ഭവനം സ്വപ്നംമാത്രം

വിതുര: "കയറിക്കിടക്കാനുണ്ടായിരുന്ന കൂര പൊളിച്ചു കളഞ്ഞാണ് പുതിയ വീടുപണി തുടങ്ങിയത്. സര്‍ക്കാര്‍ അനുവദിച്ച പണം തീര്‍ന്നതോടെ പണി വഴിമുട്ടി. ഉള്ളതെല്ലാം വിറ്റുപെറുക്കിയിട്ടും വീട് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. അവസാന ഗഡു കിട്ടുമോയെന്നും അറിയില്ല" ഇരുപത്താറാം കല്ല് കൊങ്ങംമരുതുംമൂട് സെറ്റില്‍മെന്റിലെ പാതി വഴിയിലായ വീടിന്റെ മുന്നില്‍നിന്ന് നാരായണനും ഭാര്യ ജോളിയും വിങ്ങിപ്പൊട്ടി. ഒന്നിനും നിശ്ചയമില്ലാതെ ഇവര്‍ കഴിയുമ്പോഴും കൊങ്ങംമരുതുംമൂട് കോളനിയിലെ വീടുകള്‍ ഭരണനേട്ടമായി ആഘോഷിക്കുന്ന സര്‍ക്കാര്‍പരസ്യം ടിവിചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നു. സംതൃപ്തിയുടെ പ്രതീകമായി പരസ്യചിത്രത്തില്‍ കാണിച്ചത് നാരായണന്റെ അമ്മ ഓമനയെയായിരുന്നു. എന്നാല്‍, മനോനില തെറ്റിയ ഈ അമ്മയുടെ രോദനം ഊരിന്റെ പുറത്തേക്ക് എത്തുന്നില്ല.

രണ്ടര ലക്ഷം രൂപയുടെ മുതല്‍മുടക്കില്‍ വീട് നിര്‍മിക്കാനുള്ള പദ്ധതിയാണ് പട്ടികവര്‍ഗ ക്ഷേമവകുപ്പ് ആവിഷ്കരിച്ചത്. എന്നാല്‍, നടത്തിപ്പിലെ പാളിച്ചമൂലം സംസ്ഥാനമെങ്ങും ഈ പദ്ധതി അവതാളത്തിലാണ്. പട്ടിണി കിടന്നും കടം വാങ്ങിയുമാണ് വീടുപണി ഇത്രയെങ്കിലും എത്തിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍ അഞ്ജുവിനെയും ആറാം ക്ലാസില്‍ പഠിക്കുന്ന അനന്തുവിനെയും എവിടെ താമസിപ്പിക്കും. പ്രദേശമാകെ കാട്ടുമൃഗങ്ങളുടെ ഉപദ്രവവും. ഈറ്റകൊണ്ട് നിര്‍മിച്ച വീട് പൊളിച്ചുകളഞ്ഞപ്പോള്‍ ടെറസ് വീടിനെക്കറിച്ചുള്ള സ്വപ്നമായിരുന്നു മനസ്സില്‍. എന്നാല്‍, വീട് എങ്ങുമെത്തിയില്ല. സമീപമുണ്ടാക്കിയ ചായ്പിലാണ് ഇപ്പോള്‍ താമസം- ജോളി പറഞ്ഞു.

ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളുടെ മാതൃകയായി മന്ത്രിസഭാ വാര്‍ഷികത്തിന്റെ പരസ്യത്തില്‍ ചിത്രീകരിച്ച കൊങ്ങംമരുതുംമൂട്ടില്‍ എട്ടു വീടാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇവ പാതി വഴിയിലാണ്. റോഡില്‍നിന്ന് ഒന്നര കിലോമീറ്റര്‍ കാട്ടുപാതയിലുടെ ചുമന്നു വേണം നിര്‍മാണ സാമഗ്രികള്‍ ഊരിലെത്തിലക്കാന്‍. സാമഗ്രികളുടെ വിലയേക്കാള്‍ കൂടുതലാകും ചുമട്ടു കൂലി. സിമന്റും കമ്പിയുമെല്ലാം ആദിവാസികള്‍ വാങ്ങണം. ഇ എം എസ് ഭവനപദ്ധതിയിലേതുപോലെ തുക ഒന്നിച്ചുവാങ്ങുന്ന പതിവ് ഇല്ലാതാക്കിയത് വില കൂടാനും ഇടയാക്കി. ഊരിലെ മറ്റൊരു താമസക്കാരനായ ഷിബുവിന് വീടിന്റെ മേല്‍ക്കൂരപോലും പൂര്‍ത്തിയാക്കാനായില്ല. ചെറിയ മഴയത്തും ചോരുന്ന കുടിലിലാണ് ഷിബുവും ഭാര്യ ചന്ദ്രകലയും രണ്ടു കുഞ്ഞുങ്ങള്‍ക്കൊപ്പം താമസം. ആറു മാസമായി പണി നിലച്ചിട്ട്. വീട് നിര്‍മാണത്തിനായി ഇറക്കിയ കമ്പി തുരുമ്പെടുത്തു. മറ്റുള്ളവരില്‍ നിന്ന് വാങ്ങിയ വായ്പയും ബാധ്യത വര്‍ധിപ്പിച്ചു. അമ്പതിനായിരം രൂപ ഇപ്പോള്‍ കടമുണ്ട്. ഇത് എങ്ങനെ വീട്ടുമെന്ന് കൂലിപ്പണിക്കാരനായ ഇവര്‍ക്ക് അറിയില്ല. കൊങ്ങംമരുതുമൂട്ടില്‍ ലതയുടെയും കുഞ്ചുലേഖയുടെയും തങ്കയുടെയും വീടുകളും ഇതേ അവസ്ഥയിലാണ്. ഈ ഊരുകളിലേക്ക് ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കുന്നില്ല.
(ആര്‍ സാംബന്‍)

deshabhimani

No comments:

Post a Comment