Tuesday, October 15, 2013

ഫയാസ്-ഉമ്മന്‍ചാണ്ടി ബന്ധം അന്വേഷിക്കണം: പിണറായി

തിരുവമ്പാടി: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പിടിയിലായ ഫയാസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള അവിഹിതബന്ധം പുറത്തായ സാഹചര്യത്തില്‍ കേസ് മറ്റ് ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന മത്തായി ചാക്കോയുടെ ഏഴാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടിയിലും കൊടുവള്ളിയിലും നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ഫയാസുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം മുന്നോട്ടു നീങ്ങുന്നില്ല. ഇത് ജനങ്ങളില്‍ സംശയമുയര്‍ത്തിയിരിക്കയാണ്. കണ്ണൂരിലേക്കുള്ള യാത്രാമധ്യേ നിര്‍ത്തിയിട്ട കാറില്‍ ഫയാസുമായി ഉമ്മന്‍ചാണ്ടി മുക്കാല്‍ മണിക്കൂറോളം രഹസ്യമായി സംസാരിച്ചത്് അന്വേഷിക്കണം. ഇത്രയും സമയം ഫയാസുമായി സ്വകാര്യ സംഭാഷണം നടത്താന്‍ ഉമ്മന്‍ചാണ്ടിക്ക് അയാളുമായി എന്തു ബന്ധമാണുള്ളതെന്ന് വ്യക്തമാക്കണം. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ കരണംമറിയലിനെതിരെ ശക്തമായ പ്രക്ഷോഭം തുടരും. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയെയും ഓഫീസിനെയും ഉള്‍പ്പെടുത്താതെ രക്ഷപ്പെടാമെന്ന് കരുതരുത്. ഇക്കാര്യത്തില്‍ നേരെയുള്ള നിലപാട് സ്വീകരിച്ചാല്‍ നന്നെന്നും, അല്ലെങ്കില്‍ കൂടുതല്‍ നാണംകെടുമെന്നും ഉമ്മന്‍ചാണ്ടി മനസിലാക്കണം. മുഖ്യമന്ത്രിയെയും ഓഫീസിനെയും ഉള്‍പ്പെടുത്താതെയുള്ള ജുഡീഷ്യല്‍ അന്വേഷണം അംഗീകരിക്കില്ല.

സംസ്ഥാനത്ത് തീവ്രവാദ സ്വഭാവമുള്ള അക്രമണങ്ങളില്‍ കേസന്വേഷണം ലീഗും കോണ്‍ഗ്രസും അട്ടിമറിക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകള്‍ ലീഗില്‍ ചേക്കേറിയിരിക്കയാണ്. പാനൂര്‍ ബോംബ് സ്ഫോടനമുള്‍പ്പെടെ ഇതിന് തെളിവാണ്. തീവ്രവാദബന്ധം പുറത്തു വരുന്നതിനെ ഭയപ്പെടുന്ന ലീഗ് ഭരണസ്വാധീനത്തില്‍ അന്വേഷണം അട്ടിമറിക്കുകയാണ്. ലീഗ് നിലപാട് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളെ വളര്‍ത്തുന്നതിന് സഹായകമായിട്ടുണ്ട്. മതസംഘടനകള്‍ തീവ്രവാദ സ്വഭാവക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment