Wednesday, October 23, 2013

സോളാര്‍ കേസ് റിട്ടയേര്‍ഡ് ജഡ്ജി അന്വേഷിക്കും

റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ശിവരാജനെ സോളാര്‍ തട്ടിപ്പ്കേസ് അന്വേഷണത്തിന്റെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആറുമാസമാണ് കമ്മീഷന്‍ കാലാവധി. 2005 മുതലുള്ള കേസുകളാണ് കമ്മീഷന്‍ പരിഗണിക്കുക. 2004ലാണ് അദ്ദേഹം വിരമിച്ചത്. 2005 ല്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വൈസ് ചെയര്‍മാനായും കൊല്ലം സ്വദേശിയായ ശിവരാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിറ്റിങ് ജഡ്ജിയെ ലഭിക്കാത്ത സാഹചര്യത്തിലാണ് റിട്ടയേര്‍ഡ് ജഡ്ജിയെ പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട സമരങ്ങള്‍ പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ എല്ലാ സംശയങ്ങളും ആവശ്യങ്ങളും കമ്മീഷന്‍ മുന്‍പാകെ ഉന്നയിക്കാനുള്ള അവസരമുണ്ടായിരിക്കും. ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് എല്‍ഡിഎഫിന്റെ സമരമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മാവോയിസ്റ്റുകളെ നേരിടാന്‍ ആന്റി നക്സല്‍ സ്ക്വാഡ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നാടാര്‍ സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ ജസ്റ്റിസ് എം ആര്‍ ഹരിഹരനെ കമ്മീഷനായി നിയമിച്ചു. കയര്‍ മേഖലയെ ശക്തിപ്പെടുത്താനായി കയര്‍ഫെഡിന് 5 കോടി രൂപ അനുവദിച്ചു. കയര്‍മേള2014 നടത്താന്‍ മന്ത്രിസഭ അനുമതി നല്‍കി. കോഴി, പന്നി, കന്നുകാലി ഫാമുകളെ കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കി. ഇത് സംബന്ധിച്ച നിയമഭേദഗതി ഉടന്‍തന്നെ പുറത്തിറിക്കും. സെസ് കേന്ദ്രസര്‍ക്കാരിന് പാട്ടത്തിന് കൊടുക്കാനും തീരുമാനിച്ചു.

പൂനെ നാഷണല്‍ മീറ്റ്സില്‍ നിന്ന് സ്കൂള്‍ ഒളിമ്പിക്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 7 കുട്ടികളില്‍ അഞ്ച് പേരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. രണ്ട് പേര്‍ സായി താരങ്ങളാണ്. ഇവരുടെ ചെലവ് സായി വഹിക്കുമെന്ന് പറഞ്ഞ സാഹചര്യത്തിലാണ് അഞ്ച് പേരുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

deshabhimani

No comments:

Post a Comment