Tuesday, October 22, 2013

കസ്തൂരി രംഗന്‍സമിതി ശുപാര്‍ശ: പാലക്കാട് ജില്ലയ്ക്ക് ആശങ്കകളേറെ

പശ്ചിമഘട്ട പരിപാലനം ലക്ഷ്യമിട്ടിട്ടുളള കസ്തൂരി രംഗന്‍സമിതിയുടെ ശുപാര്‍ശയില്‍ കൃഷി, ടൂറിസം, തോട്ടം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് ജില്ലക്ക് ആശങ്കകളേറെ. പരിസ്ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം ഇവിടത്തെ വികസനത്തെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിലായിരിക്കണം ശുപാര്‍ശ നടപ്പിലാക്കേണ്ടതെന്നാണ് വിദഗ്ധ അഭിപ്രായം. ജില്ലയുടെ ടൂറിസം,കാര്‍ഷികം, ജലസേചനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രദേശങ്ങളും മലയോരþ കാര്‍ഷികമേഖലയും പ്രധാന നഗരപ്രദേശങ്ങളും ദുര്‍ബല പ്രദേശങ്ങളിലുള്‍പ്പെടുന്നുണ്ട്. വിവിധ വികസനപ്രവര്‍ത്തനങ്ങളെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങളെയും റിപ്പോര്‍ട്ട് സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.

റിപ്പോര്‍ട്ട് പ്രകാരം ജില്ലയിലെ 15 പഞ്ചായത്തുകള്‍ സോണ്‍ ഒന്നില്‍ അതീവ ദുര്‍ബ്ബലപ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ട്. സോണ്‍ രണ്ട്, മൂന്ന് എന്നീ വിഭാഗങ്ങളിലായി 65 പഞ്ചായത്തുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പുതൂര്‍,ഷോളയൂര്‍, അഗളി, നെല്ലിയാമ്പതി ,സൈലന്റെ് വാലി എന്നീപഞ്ചായത്തുകള്‍ അതീവദുര്‍ബലപ്രദേശങ്ങളായാണ് കണക്കാക്കിയിരിക്കുന്നത്. കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുര്‍ശ്ശി, കരിമ്പ, മലമ്പുഴ,മുണ്ടൂര്‍, അകത്തേത്തറ, കൊല്ലങ്കോട്,മുതലമട,കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും സോണ്‍ ഒന്നിലാണ് വരിക. ബാക്കി വരുന്നവ സോണ്‍ രണ്ടിലും. മണ്ണാര്‍ക്കാട് താലൂക്കിലാണ്ഏറ്റവും കൂടുതല്‍ സംരക്ഷിതപ്രദേശങ്ങള്‍ വരുന്നത്. നഗരപ്രദേശങ്ങളായ ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവയും സോണ്‍ മൂന്നില്‍ പെട്ടിട്ടുണ്ട്. ഭാരതപ്പുഴയുടെ സമീപപ്രദേശങ്ങളാണെന്നതാണ് ഇതിന് കാരണം. മണ്ണാര്‍ക്കാട്, വടക്കഞ്ചേരി ടൗണുകള്‍ സോണ്‍ രണ്ടിലാണ്.

അതീവ ദുര്‍ബ്ബല പ്രദേശങ്ങളില്‍ മണ്ണ് മാന്താനോ നീക്കം ചെയ്യാനോ പാടില്ല. ക്വാറികള്‍, ഖനികള്‍ എന്നിവയും പാടില്ല. സോണ്‍ മൂന്നില്‍ പഠനശേഷമേ മൂന്ന് നിലകെട്ടിടത്തിന് വരെ അനുമതി ലഭിക്കൂ. വനവും ജനവാസ കേന്ദ്രങ്ങളും ഇടകലര്‍ന്ന പ്രദേശമായതിനാല്‍ അട്ടപ്പാടി പരിസ്ഥിതി ദുര്‍ബലമേഖലയില്‍ പെടുന്ന സ്വാഭാവിക ഭൂപ്രകൃതിയില്‍ വരാനാണ് സാധ്യത. ഭവാനി, ശിരുവാണി പുഴകളിലെ മണല്‍ ഖനനവും കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനവും നിലവില്‍ അനുവദനീയമല്ല.ഇതില്‍ 90 ശതമാനവും പരിസ്ഥിതി ദുര്‍ബലമേഖലയാകും. ആദിവാസി ഊരുകളുടെ നിര്‍മാണം, മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം തടസ്സപ്പെടുമോയെന്ന ആശങ്കയുണ്ട്.

പശ്ചിമഘട്ടമേഖലയില്‍ ഉള്‍പ്പെടുന്ന അട്ടപ്പാടിയിലെ ഭൂരിപക്ഷം പ്രദേശങ്ങളും പരിസ്ഥിതി ദുര്‍ബലമേഖലയില്‍ പെടുന്നതാണ്. കൂടാതെ വടക്കുഭാഗം ലോക പൈതൃക പട്ടികയില്‍ പെടുന്ന നീലഗിരിയോട് ചേര്‍ന്നുകിടക്കുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ സൈലന്റ്വാലി നിത്യഹരിത വനങ്ങളോടു ചേരുന്നു. നിലവില്‍ ഈ മേഖലയില്‍ പരിമിതമായിട്ടാണെങ്കിലും നിയന്ത്രണങ്ങളുണ്ട്. അട്ടപ്പാടിയിലെ പ്രകൃതി സംരക്ഷിക്കപ്പെടുന്നതോടൊപ്പം കര്‍ഷകരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ഉയരുന്നുണ്ട്. ജില്ലയുടെ കാര്‍ഷികമേഖലകള്‍ക്കുപുറമെ തോട്ടം മേഖലകളുംഅതീവദുര്‍ബ്ബലപ്രദേശങ്ങളുടെ പട്ടികയിലുള്‍പ്പെടുന്നുണ്ട്. കാര്‍ഷിക തോട്ടങ്ങള്‍ക്കൊപ്പം വിനോദസഞ്ചാരവികസനവും നടക്കുന്ന നെല്ലിയാമ്പതി പോലുള്ള പ്രദേശങ്ങള്‍ ദുര്‍ബ്ബലമേഖലകളിലുള്‍പ്പെടുത്തിയാല്‍ പല ടൂറിസം പദ്ധതികളും ഉപേക്ഷിക്കേണ്ടിവരും. ഡാമുകള്‍ ഏറ്റവും കൂടുതലുള്ള ജില്ലയില്‍ അവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങള്‍ പലതും ദുര്‍ബ്ബലപ്രദേശങ്ങളുടെ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. പറമ്പിക്കുളം,തൂണക്കടവ്, പെരുവാരിപ്പളം ചുള്ളിയാര്‍, മീങ്കര എന്നീ അഞ്ചു ഡാമുകള്‍ ഉള്‍പ്പെടുന്ന മുതലമട പഞ്ചായത്ത് സോണ്‍ ഒന്നില്‍ വരുന്നുണ്ട്. മലമ്പുഴയും സോണ്‍ ഒന്നില്‍ പെടുന്നു. ഏറ്റവും വലിയ മാമ്പഴകൃഷിമേഖലയായ മുതലമടയും പട്ടികയിലുണ്ട്. ഭാവിയില്‍ മാമ്പഴകൃഷിയെയും അനുബന്ധവ്യവസായങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് സമിതി ശുപാര്‍ശകളെന്ന് കര്‍ഷകര്‍ പറയുന്നു.

deshabhimani

No comments:

Post a Comment