Tuesday, October 22, 2013

വയലാറിലും മേനാശേരിയിലും ചെങ്കൊടി ഉയര്‍ന്നു

നാടിന്റെ മോചനത്തിന് ഐതിഹാസികമായി പോരാടി രണഭൂമിയില്‍ ജീവന്‍ ബലിയര്‍പ്പിച്ച രണധീരര്‍ക്ക് പ്രണാമം അര്‍പ്പിച്ച് വയലാര്‍ സമരഭൂമിയിലും മേനാശേരി രക്തസാക്ഷി മണ്ഡപത്തിലും തിങ്കളാഴ്ച രക്തപതാക ഉയര്‍ന്നു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഊര്‍ജവും ആവേശവുമായി എക്കാലവും നിറഞ്ഞുനില്‍ക്കുന്ന മണ്ഡപത്തില്‍ രക്തസാക്ഷി സ്മരണ തുടിച്ചുനിന്ന അന്തരീക്ഷം മുദ്രാവാക്യം വിളികളാല്‍ മുഖരിതമായി. സമരധീരരുടെ പോരാട്ട മാതൃക പിന്തുടര്‍ന്നു പുത്തന്‍ പ്രക്ഷോഭപാത തുറക്കുമെന്ന് നൂറുകണക്കിനുപേര്‍ പ്രതിജ്ഞ പുതുക്കി.

തിങ്കളാഴ്ച ഉച്ചയ്ക്ക് വയലാര്‍ സമരഭൂമിയില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ പി കെ ചന്ദ്രാനന്ദനും മേനാശേരിയില്‍ വൈകിട്ട് ആറിന് മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് അത്തിക്കാട് വിശ്വനും ചെങ്കൊടി ഉയര്‍ത്തി. രണ്ടിടത്തും സമരസേനാനികളും രക്തസാക്ഷി കുടുംബാംഗങ്ങളും കമ്യൂണിസ്റ്റ് പാര്‍ടികളുടെ നേതാക്കളും പ്രവര്‍ത്തകരുമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

മേനാശേരിയിലെ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ഞായറാഴ്ച രാവിലെ സമരസേനാനി സി കെ കരുണാകരന്‍ വാരാചരണ കമ്മിറ്റി വൈസ് പ്രസിഡന്റ് പി വി പൊന്നപ്പനു കൈമാറിയ രക്തപതാക വിവിധയിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് വയലാര്‍ സമരഭൂമിയിലെത്തിയത്. ഞായറാഴ്ച പള്ളിപ്പുറം ഒറ്റപ്പുന്നയില്‍ സി എച്ച് കണാരന്‍ അനുസ്മരണ സമ്മേളന വേദിയില്‍ പതാകജാഥ സമാപിച്ച ശേഷം തിങ്കളാഴ്ചയാണ് പര്യടനം പുനഃരാരംഭിച്ചത്. പള്ളിപ്പുറം എന്‍എസ്എസ് കോളേജ് കവലയില്‍നിന്ന് രണ്ടാം ദിവസത്തെ പര്യടനം തുടങ്ങിയ പതാകജാഥ ചേര്‍ത്തല നഗരത്തിലൂടെ വയലാറിലെത്തി. വാഹനങ്ങളില്‍ നുറുകണക്കിന് പ്രവര്‍ത്തകര്‍ ജാഥയെ അനുഗമിച്ചു

വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ചേര്‍ന്ന യോഗത്തില്‍ വാരാചരണകമ്മിറ്റി പ്രസിഡന്റ് പി തിലോത്തമന്‍ എംഎല്‍എ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു, സംസ്ഥാന കമ്മിറ്റിയംഗം പി കെ ചന്ദ്രാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. വാരാചരണക്കമ്മിറ്റി സെക്രട്ടറി എ എസ് സാബു സ്വാഗതം പറഞ്ഞു. മേനാശേരിയില്‍ ഉയര്‍ത്താനുള്ള രക്തപതാകയുമായി വാരാചരണകമ്മിറ്റിയുടെ നേതൃത്വത്തില്‍ വെട്ടയ്ക്കല്‍ നിന്ന് ആരംഭിച്ച ജാഥയും പട്ടണക്കാട് ഹൈസ്കൂള്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച ജാഥയും തിങ്കളാഴ്ച വൈകിട്ട് മേനാശേരി ജങ്ഷനില്‍ കേന്ദ്രീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനമായി രക്തസാക്ഷി മണ്ഡപത്തില്‍ എത്തി. തുടര്‍ന്നുചേര്‍ന്ന സമ്മേളനത്തില്‍ വാരാചരണകമ്മിറ്റി പ്രസിഡന്റ് ടി എം ഷെറീഫ് അധ്യക്ഷനായി. ജി കൃഷ്ണപ്രസാദ്, കെ വി ദേവദാസ്, എസ് ബാഹുലേയന്‍, എന്‍ എസ് ശിവപ്രസാദ്, എ പി പ്രകാശന്‍, എന്‍ പി ഷിബു, എം സി സിദ്ധാര്‍ഥന്‍, ടി കെ രാമനാഥന്‍, കെ ആര്‍ വിജയന്‍, വൈജയന്തി മോഹന്‍ദാസ്, സി കെ മോഹനന്‍, കെ എസ് പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. വാരാചരണ കമ്മിറ്റി സെക്രട്ടറി പി ഡി ബിജു സ്വാഗതം പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ പറവൂര്‍ രക്തസാക്ഷി നഗറില്‍ കലാ സാഹിത്യ മത്സരങ്ങള്‍ നടന്നു. വൈകിട്ട് നടന്ന "ഇന്ത്യന്‍ സമ്പദ്ഘടനയും ജനജീവിതവും" എന്ന സെമിനാര്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്തു. ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. രാത്രി കലാപരിപാടികള്‍ അരങ്ങേറി.

ഇടതുമുന്നേറ്റം അനിവാര്യം: പി കെ സി

വയലാര്‍: ലോകസഭയില്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിപ്പിക്കുകയും വര്‍ഗീയശക്തികള്‍ക്കെതിരെ പ്രതിരോധം വളര്‍ത്തുകയുമാണ് പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ അനുസ്മരിക്കുമ്പോള്‍ പിന്‍മുറക്കാരുടെ കടമയെന്ന് സമരസേനാനിയും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായ പി കെ ചന്ദ്രാനന്ദന്‍ പറഞ്ഞു. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പതാക ഉയര്‍ത്തലിനുമുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് അങ്ങേയറ്റം ദ്രോഹം സമ്മാനിക്കുകയും അഴിമതിയില്‍ ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ യുപിഎ സര്‍ക്കാരിനെതിരെ ജനങ്ങളെ വന്‍തോതില്‍ അണിനിരത്തണം. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുഴുവന്‍ സീറ്റുകളും നേടാനുള്ള കരുത്ത് നേടണം. രാജ്യത്തെ വര്‍ഗീയതയുടെ പാതയില്‍ നയിക്കാനാണ് ബിജെപിയും നരേന്ദ്രമോഡിയും രംഗത്തുള്ളത്. എന്നാല്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഇടതുപക്ഷം ചരിത്രവിജയത്തോടെ മുന്നേറാന്‍ കഴിയണം- പികെസി പറഞ്ഞു. രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളെ നേരിടാനാണ് പുന്നപ്ര-വയലാര്‍ സമരത്തിന് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം വഹിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പുരുഷോത്തമന്‍ പറഞ്ഞു. പുതിയ കാലഘട്ടം ഭരണവര്‍ഗത്തിനെതിരെ ഇടതുപക്ഷത്തിന്റെ വീറുറ്റ പോരാട്ടം അനിവാര്യമാക്കുന്നു. കോണ്‍ഗ്രസിനെതിരെ രാജ്യത്ത് ഉയരുന്ന ജനരോഷം മുതലെടുക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും ബദലാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രാന്വേഷികള്‍ക്ക് നേരറിവ് പകര്‍ന്ന്...

പുന്നപ്ര: സാമ്രാജ്യത്വ അധിനിവേശവും രാജ്യസ്നേഹികള്‍ അതിനെതിരെ നടത്തിയ ചെറുത്തുനില്‍പും കോര്‍ത്തിണക്കി നടത്തുന്ന ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. 67-ാമത് പുന്നപ്ര-വയലാര്‍ വാര്‍ഷികവാരാചരണത്തിന്റെ ഭാഗമായി പറവൂരിലെ രക്തസാക്ഷി നഗറിന് സമീപം സിപിഐ എം പുന്നപ്ര തെക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസ് അങ്കണത്തില്‍ ആരംഭിച്ച ചിത്രപ്രദര്‍ശനമാണ് ചരിത്രസ്നേഹികള്‍ക്ക് നേരറിവു പകര്‍ന്നുനല്‍കുന്നത്.

കൊളമ്പസ് നടത്തിയ സമുദ്രയാത്രാപാതകളില്‍ നിന്നാരംഭിച്ച് അവരുടെ ആധിപത്യത്തിനായി സ്വീകരിക്കുന്ന മാര്‍ഗങ്ങളും വ്യവസായിക വിപ്ലവവും ലോകമഹായുദ്ധങ്ങളും വിയറ്റ്നാം, പലസ്തീന്‍, ഇറാഖ് യുദ്ധങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ആ സമരത്തില്‍ നാടിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരദേശാഭിമാനികളും ഒപ്പം കേരളത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ചരിത്രവും വളര്‍ച്ചയും എല്ലാം പുതുതലമുറയ്ക്കുപോലും ഹൃദ്യമായി മനസ്സിലാകുംവിധമാണ് ചിത്രപ്രദര്‍ശനം. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എസ് സുജാത പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. മനുഷ്യസംസ്കൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യമുയര്‍ത്തി "ചോരവീണ വഴികളിലൂടെ" എന്ന പേരില്‍ ഡിവൈഎഫ്ഐ പുന്നപ്ര തെക്ക് മേഖലാ കമ്മിറ്റിയാണ് 250 ഓളം ചിത്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള പ്രദര്‍ശനം ഒരുക്കിയത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യസമ്മേളനചിത്രവും സ. പി കൃഷ്ണപിള്ള നയിക്കുന്ന സമരങ്ങളടങ്ങിയ അദ്ദേഹത്തിന്റെ വിവിധ ഭാവങ്ങളിലെ വ്യത്യസ്ത ചിത്രങ്ങളും പ്രദര്‍ശനത്തിന് മിഴിവേകുന്നു.

deshabhimani

No comments:

Post a Comment