Tuesday, October 22, 2013

പുരോഗമന കലാ സാഹിത്യ സംഘം: പ്രഭാഷണ പരമ്പരയ്ക്ക് നാളെ തുടക്കം

പാലക്കാട്: പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിന് അനുബന്ധമായി ജില്ലയിലെ വിവിധ മേഖലകളില്‍ നടത്തുന്ന പരിപാടികള്‍ പൂര്‍ത്തിയായി. ജില്ലാ കേന്ദ്രത്തില്‍ 23 മുതല്‍ 29 വരെ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയ്ക്ക് ബുധനാഴ്ച താരേക്കാട് ഇഎംഎസ് ഓഡിറ്റോറിയത്തില്‍ തുടക്കമാകും. എല്ലാ ദിവസവും വൈകിട്ട് 4.30ന് കലാമണ്ഡലം രാമന്‍കുട്ടിനായരുടെ പേരില്‍ തയ്യാറാക്കിയ ഹാളിലാണ് പ്രഭാഷണം. തുടര്‍ന്ന് കാവ്യസദസ്, നാടകം, ദൃശ്യാവിഷ്കാരങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനം എന്നിവയും ഉണ്ടാകും. ബുധനാഴ്ച വൈകിട്ട് നവമാധ്യമകാലത്തെ സാഹിത്യം എന്ന വിഷയത്തില്‍ ടി ഡി രാമകൃഷ്ണന്‍, സി പി അബൂബക്കര്‍ എന്നിവര്‍ സംസാരിക്കും. കലാപരിപാടി, കാവ്യാലാപനം, കുറത്തിþ നൃത്താവിഷ്കാരം എന്നിവയുമുണ്ടാകും.

പുരോഗമന കലാ സാഹിത്യ സംഘം സാംസ്കാരിക സംഗമം നാളെ

കല്‍പ്പറ്റ: പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച്ച പകല്‍ മൂന്നിന് കല്‍പ്പറ്റ എന്‍ജിഒ യൂണിയന്‍ ഹാളില്‍ സാംസ്കാരിക സംഗമം നടത്തും. ജില്ലയിലെ എഴുത്തുകാര്‍, കലാകാരന്‍മാര്‍, സിനിമാ പ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം പൊന്ന്യം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ എ കെ രാജേഷ് അധ്യക്ഷനായി. ടി സുരേഷ് ചന്ദ്രന്‍, എം ദേവകുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാനായി പി പി ഗോപാലകൃഷ്ണനേയും, കണ്‍വീനറായി എം ദേവകുമാറിനേയും തെരഞ്ഞെടുത്തു.

ഫാസിസത്തിനെതിരെ സാംസ്കാരിക പാഠശാല

വൈക്കം: "ജനജീവിതത്തിന് കാവലാളാകുക, ഫാസിസത്തിന്റെ കടന്നുവരവിനെ ചെറുക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തി പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി വൈക്കത്ത് സംഘടിപ്പിച്ച "സാംസ്കാരിക പാഠശാല" സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്തു. ജീവിതത്തെ കൃത്യതയോടെ വിശകലനം ചെയ്ത് പുരോഗമനോന്മുഖമാക്കുകയാണ് നാം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കലയുടെയും ബോധത്തിന്റെയും ആശയത്തിന്റെയും പ്രവൃത്തിയുടെയും സമഗ്രതയാണ് സംസ്കാരം. ചരിത്രപരവും സാമൂഹ്യവുമായ ബോധത്തിന്റെ ഈ രാഷ്ട്രീയത്തെ ചുരുക്കി ഇല്ലാതാക്കുവാനാണ്് നരേന്ദ്രമോഡിയുടെ വരവ്- അദ്ദേഹം പറഞ്ഞു.

പുരോഗമന കലാസാഹിത്യസംഘം സാംസ്കാരിക രേഖ സംസ്ഥാനസെക്രട്ടറി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് അവതരിപ്പിച്ചു. ജില്ലാപ്രസിഡന്റ് ഡോ. എം ജി ബാബുജി അധ്യക്ഷനായി. ജില്ലാസെക്രട്ടറി ബി ശശികുമാര്‍, കവി എസ് ജോസഫ്, സംഗീതജ്ഞന്‍ ആലപ്പി രംഗനാഥ്, കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട്, സുധാംശു, അനില്‍ ജനാര്‍ദ്ദനന്‍, ജോയി വടുകുന്നപ്പുഴ, പ്രദീപ്കുമാര്‍, രാജന്‍ അക്കരപ്പാടം എന്നിവര്‍ സംസാരിച്ചു. സംഗീതജ്ഞന്‍ കെ രാഘവന്‍ മാഷിന്റെ വിയോഗത്തില്‍ അനുശോചിച്ചു. കെ സി കുമാരന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. കവി എസ് ജോസഫിന്റെ നോവല്‍ "പുലരിയിലെ മൂന്നുതെങ്ങുകള്‍" ആലപ്പി രംഗനാഥിന് നല്‍കി സുനില്‍ പി ഇളയിടം പ്രകാശിപ്പിച്ചു. പ്രസന്നന്‍ ആനിക്കാട് കാരിക്കേച്ചര്‍ അവതരിപ്പിച്ചു. അഡ്വ. എന്‍ ചന്ദ്രബാബു സ്വാഗതവും ടി കെ ഗോപി നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment