Tuesday, October 22, 2013

പതിനായിരം രൂപ മാസവേതനം നല്‍കണം: കലക്ടറേറ്റ് നിശ്ചലമാക്കി കര്‍ഷകത്തൊഴിലാളികളുടെ ഉപരോധം


കല്‍പ്പറ്റ: പുതിയ പോരാട്ടത്തിന് തുടക്കം കുറിച്ച് കര്‍ഷകത്തൊഴിലാളികളുടെ കലക്ടറേറ്റ് ഉപരോധം. മാന്യമായി ജീവിക്കാനുള്ള വേതനത്തിനും പെന്‍ഷനും വേണ്ടി കെഎസ്കെടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ ഉപരോധത്തില്‍ കലക്ടറേറ്റ് നിശ്ചലമായി. ആയിരങ്ങള്‍ സമരത്തില്‍ അണിനിരന്നു. യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ അവകാശ പോരാട്ടത്തിനെത്തി. കര്‍ഷകത്തൊഴിലാളികളുടെ സാമൂഹ്യപദവി ഉയര്‍ത്തുന്നതിനായുള്ള സമരം സ്ത്രി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കര്‍ഷകത്തൊഴിലാളികള്‍ക്ക് പ്രതിമാസം പതിനായിരം രൂപ ശമ്പളം നല്‍കണമെന്ന പ്രധാനാവശ്യം ഉന്നയിച്ച് കര്‍ഷകത്തൊഴിലാളിയൂണിയന്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു വയനാട് കലക്ടറേറ്റ് ഉപരോധവും. രാവിലെ ഏഴിന് തുടങ്ങിയ സമരം പകല്‍ ഒന്നിനാണ് അവസാനിപ്പിച്ചത്.

മാന്യമായ വേതനം, ചികിത്സ, പ്രസവ ആനുകൂല്ല്യങ്ങള്‍, യൂണിഫോം എന്നിവ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയന്‍ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വാഹനപ്രചാരണ ജാഥ നടത്തിയാണ് തൊഴിലാളികളെ സമരസജ്ജരാക്കിയത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആയിരം രൂപയാക്കുക, ക്ഷേമനിധി കുടിശിക നല്‍കാന്‍ ക്ഷേമനിധി ബോര്‍ഡിന് നൂറുകോടി രൂപ അനുവദിക്കുക, പെന്‍ഷന്‍ വരുമാന പരിധി ഉയര്‍ത്തുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം.

കലക്ടറേറ്റിന്റെ ഇരുഗേറ്റുകളും രാവിലെ ഏഴുമുതല്‍ ഉപരോധിച്ചു. ഇരുഗേറ്റുകളും നിറഞ്ഞ് ആളുകള്‍ ഫുട്പാത്തിലും റോഡരികിലും ഇരുന്ന് മുദ്രാവാക്യം മുഴക്കി. നിരവധി യുവതികളും ആദിവാസികളും സമരത്തില്‍ പങ്കാളികളായി. രാവിലെ മുതല്‍തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ആളുകള്‍ എത്തിക്കൊണ്ടിരുന്നു. 10ഓടെ കലകറേറ്റ് പരിസരം സമരമുഖരിതമായി. പൊള്ളുന്ന വെയിലും സമരാവേശം കെടുത്തിയില്ല. ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ഐടിയു ജില്ലാ പ്രസിഡന്റ് പി എസ് ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. എ എന്‍ പ്രഭാകരന്‍, വി പി ശങ്കരന്‍ നമ്പ്യാര്‍, എം ഡി സെബാസ്റ്റ്യന്‍, വി ജി ഗിരിജ, പി എം നാസര്‍, കോടതി അബ്ദുറഹ്മാന്‍, എം സി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍ സ്വാഗതവും ഇ എ രാജപ്പന്‍ നന്ദിയും പറഞ്ഞു.

താക്കീതായി കര്‍ഷകത്തൊഴിലാളികളുടെ ഉപരോധം

അടിമാലി: കാര്‍ഷികസംസ്കൃതി വീണ്ടെടുക്കാന്‍ സമഗ്രനയം നടപ്പാക്കണമെന്നും കര്‍ഷകതൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് കെഎസ്കെടിയുവിന്റെ ഉജ്വല ഉപരോധം. നിലനില്‍ക്കുന്ന അശാസ്ത്രീയ രീതികളെ ഉടച്ചുവാര്‍ത്ത് സമഗ്രമായ കാര്‍ഷികമുന്നേറ്റം സംജാതമാകാന്‍ രംഗത്തിറങ്ങണമെന്ന ആഹ്വാനംകൂടിയായി ഉപരോധ സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ അടിമാലി കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ചിലും ഉപരോധത്തിലും ആയിരങ്ങള്‍ പങ്കെടുത്തു.

കാര്‍ഷികമേഖലയെ തകര്‍ത്തും തൊഴിലാളികളെ ദരിദ്രരാക്കിയും ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായി സമരം. വികല നയങ്ങള്‍ മൂലം കാര്‍ഷിക മേഖലയില്‍ നിന്നും തൊഴിലാളികളും കര്‍ഷകരും പിന്തിരിയുമ്പോള്‍ കൃഷിയെ രക്ഷിച്ച് ഐശ്വര്യ പൂര്‍ണമായ കാര്‍ഷിക കേരളത്തെ പടുത്തുയര്‍ത്താന്‍ ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്നും നെല്‍വയലും തണ്ണീര്‍ത്തടവും നികത്താന്‍ അനുവദിക്കില്ലെന്നുംഉള്ള സന്ദേശംകൂടിയായി തൊഴിലാളി സമരം. ഉപരോധ സമരം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി ഉദ്ഘാടനം ചെയ്തു. കര്‍ഷകത്തൊഴിലാളികള്‍ക്ക് സ്ഥിരം ജോലിയും മെച്ചപ്പെട്ട ആനകൂല്യങ്ങളും നല്‍കുക, പ്രതിമാസം 10000 രൂപ വേതനം ലഭ്യമാക്കുക, പെന്‍ഷന്‍ 1000 രുപയായി ഉയര്‍ത്തുക, ഭക്ഷ്യക്ഷാമത്തിനിടവരുത്തുന്ന നെല്‍വയല്‍ നികത്തല്‍ തടയുക, പുതു തലമുറയെ കാര്‍ഷികവൃത്തിയിലേക്ക് ആനയിക്കുക, ആനുകൂല്യങ്ങള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ആക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഉപരോധം സംഘടിപ്പിച്ചത്.

രാവിലെ 7.30 മുതല്‍ തന്നെ പ്രവര്‍ത്തകര്‍ എത്തി ഓഫീസ് ഉപരോധം ആരംഭിച്ചിരുന്നു. ജില്ലയുടെ വിവിധ ഏരിയകളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷക തൊഴിലാളികളാണ് ഉപരോധ സമരത്തില്‍ അണി ചേര്‍ന്നത്. ജില്ല പ്രസിഡന്റ് കെ എം സോമന്‍ അധ്യക്ഷനായി. കെഎസ്കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ജില്ലാ സെക്രട്ടറി പി എന്‍ വിജയന്‍, കര്‍ഷകസംഘം ജില്ല സെക്രട്ടറി എന്‍ വി ബേബി, എ രാധകൃഷ്ണന്‍, കെ എല്‍ ജോസഫ്, മണിയമ്മ സോമന്‍, ടി കെ ഷാജി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം എന്‍ മോഹനന്‍ സ്വാഗതവും, ചാണ്ടി പി അലക്സാണ്ടര്‍ നന്ദിയും പറഞ്ഞു.

കര്‍ഷകത്തൊഴിലാളി പ്രതിഷേധത്തില്‍ കലക്ടറേറ്റ് സ്തംഭിച്ചു

പാലക്കാട്: നെല്‍കൃഷിയെ സംരക്ഷിക്കുക, കേരളത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ലാ ഭരണകേന്ദ്രം സ്തംഭിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന ഉപരോധത്തിന്റെ ഭാഗമായാണ് പാലക്കാട് കലക്ടറേറ്റും ഉപരോധിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷക ത്തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു.

കര്‍ഷകരെ ദ്രോഹിക്കുന്ന നയങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടര്‍ന്നാല്‍ പ്രക്ഷോഭത്തിന്റെ സ്വഭാവം തന്നെ മാറുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഭുരഹിതര്‍ക്ക് ഭൂമി നല്‍കിയെന്നു കൊട്ടിഘോഷിക്കുമ്പോള്‍, നല്‍കിയത് ശ്മശാനഭൂമിയാണെന്ന കാര്യം പുറത്തുവന്നിരിക്കുകയാണ്. മിച്ചഭൂമി എവിടെയെല്ലാമുണ്ടെന്ന് ചൂണ്ടികാട്ടിയിട്ടും അത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാകുന്നില്ല.രാജേന്ദ്രന്‍ പറഞ്ഞു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 1,000രൂപയാക്കുക, ക്ഷേമനിധി ആനുകൂല്യത്തിലെ കുടിശ്ശിക വിതരണം ചെയ്യുക, ക്ഷേമനിധിബോര്‍ഡിലേക്ക് 150കോടിരൂപ അനുവദിക്കുക, കര്‍ഷകത്തൊഴിലാളികളുടെ തൊഴിലും കൂലിയും കാലോചിതമായി പരിഷ്കരിക്കുക, ആധാര്‍കാര്‍ഡ് അപാകം പരിഹരിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം.

കടുത്ത വെയിലിനെ അവഗണിച്ചു വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെയുള്ള ആയിരങ്ങളാണ് പങ്കെടുത്തത്. രാവിലെ ഏഴിന് ആരംഭിച്ച ഉപരോധം പകല്‍ രണ്ട് വരെ നീണ്ടു. ജില്ലയുടെ നാനാഭാഗത്തുനിന്നുമുള്ള കര്‍ഷകത്തൊഴിലാളികള്‍ പങ്കെടുത്തു. കലക്ടറേറ്റിന്റെ പ്രധാനകവാടങ്ങളെല്ലാം ഉപരോധിച്ചു. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. എം ഉണ്ണീന്‍ അധ്യക്ഷനായി. എം ബി രാജേഷ് എംപി, കെഎസ്കെടിയു ജില്ലാ സെക്രട്ടറി ആര്‍ ചിന്നക്കുട്ടന്‍, അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റിയംഗം ടി ചാത്തു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, കുഞ്ഞുമോള്‍, അറുമുഖന്‍, അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു. വി കെ ജയപ്രകാശ് സ്വാഗതം ജില്ലാ പ്രസിഡന്റെ് പി മമ്മിക്കുട്ടി നന്ദിയും പറഞ്ഞു.

കലക്ടറേറ്റ് ഉപരോധത്തിന് ആയിരങ്ങള്‍ അണിനിരന്നു

കൊല്ലം: കര്‍ഷകത്തൊഴിലാളികളുടെയും കാര്‍ഷികമേഖലയുടെയും ജീവല്‍പ്രശ്നങ്ങള്‍ ഉന്നയിച്ച് കെഎസ്കെടിയു നേതൃത്വത്തില്‍ ആയിരങ്ങള്‍ തിങ്കളാഴ്ച കലക്ടറേറ്റ് ഉപരോധിച്ചു. രാവിലെ ഏഴുമുതല്‍ പകല്‍ രണ്ടുവരെ നടന്ന ഉപരോധസമരത്തില്‍ നൂറുകണക്കിനു സ്ത്രീത്തൊഴിലാളികളും പങ്കെടുത്തു. പ്രധാനഗേറ്റ് ഉള്‍പ്പെടെ സിവില്‍സ്റ്റേഷന്റെ മൂന്നു ഗേറ്റും സമരക്കാര്‍ ഉപരോധിച്ചു.

കാര്‍ഷികമേഖല സംരക്ഷിക്കുക, കേരളത്തെ രക്ഷിക്കുക, കര്‍ഷകത്തൊഴിലാളിക്ക് സ്ഥിരം ജോലിയും സ്ഥിരം വരുമാനവും ലഭ്യമാക്കുക, നെല്‍വയല്‍- നീര്‍ത്തട സംരക്ഷണനിയമം കാര്യക്ഷമമായി നടപ്പാക്കുക, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യം കുടിശ്ശികതീര്‍ത്ത് വിതരണംചെയ്യാന്‍ ക്ഷേമനിധിബോര്‍ഡിന് 100 കോടി രൂപ അനുവദിക്കുക, ക്ഷേമനിധി അംഗങ്ങള്‍ക്ക് അക്ഷയകേന്ദ്രം രജിസ്ട്രേഷന്‍ ഒഴിവാക്കുക, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.

സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം പി കെ ഗുരുദാസന്‍ എംഎല്‍എ സമരം ഉദ്ഘാടനംചെയ്തു. കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് ഡി രാജപ്പന്‍നായര്‍ അധ്യക്ഷനായി. സംസ്ഥാനപ്രസിഡന്റ് ബി രാഘവന്‍, സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍, കിസാന്‍സഭ കേന്ദ്രകമ്മിറ്റി അംഗം എം കെ ഭാസ്കരന്‍, സിഐടിയു ജില്ലാസെക്രട്ടറി കെ തുളസീധരന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍, പി എ എബ്രഹാം, വിശ്വസേനന്‍ എന്നിവര്‍ സംസാരിച്ചു.

കാര്‍ഷികമേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കണം: പി കെ ഗുരുദാസന്‍

കൊല്ലം: കേരളത്തിലെ കാര്‍ഷികമേഖലയെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കാനും ഭൂസ്വാമിമാരെ നിലയ്ക്കുനിര്‍ത്താനും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ പറഞ്ഞു. കെഎസ്കെടിയു നേതൃത്വത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ കലക്ടറേറ്റ് ഉപരോധസമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

1957ലെ ഇ എം എസ് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നിരോധനനിയമം നടപ്പാക്കിയതോടെ ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ ഒരുതുണ്ടുഭൂമിക്ക് ഉടമകളായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കാന്‍ നിയമം കൊണ്ടുവന്നു. കൃഷിഭൂമി ഉറപ്പായും കൃഷിക്കുവേണ്ടി ഉപയോഗിക്കണം. സര്‍ക്കാരും ജില്ലാപഞ്ചായത്തും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. പ്രധാനമന്ത്രിയും അലുവാലിയയും പറയുന്നത് നെല്‍കൃഷി പാടേ ഉപേക്ഷിക്കണമെന്നാണ്. വന്‍കിട ഭൂസ്വാമിമാരെ സഹായിക്കലാണ് യുപിഎ നയം. നെല്‍കൃഷിയടക്കമുള്ള കൃഷി ശാസ്ത്രീയമായി പരിഷ്കരിക്കണം. കര്‍ഷകത്തൊഴിലാളികള്‍ക്ക് ആരോഗ്യപരിപാലനം, ജീവിത-സാമ്പത്തിക സുരക്ഷിതത്വം എന്നിവ നല്‍കുകയും തരിശുഭൂമി കൃഷിയോഗ്യമാക്കുകയും വേണം. ഇതിനായി 1000 കോടി രൂപ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗുരുദാസന്‍ പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തില്‍ കെഎസ്കെടിയു ജില്ലാപ്രസിഡന്റ് ഡി രാജപ്പന്‍നായര്‍ അധ്യക്ഷനായി.

കര്‍ഷകത്തൊഴിലാളികള്‍ കലക്ടറേറ്റ് ഉപരോധിച്ചു

തൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്കെടിയു നേതൃത്വത്തില്‍ ആയിരക്കണക്കിന് കര്‍ഷകത്തൊഴിലാളികള്‍ കലക്ടറേറ്റ് ഉപരോധിച്ചു. സമരത്തെത്തുടര്‍ന്ന് കലക്ടറേറ്റ് പ്രവര്‍ത്തനം സ്തംഭിച്ചു. തിങ്കളാഴ്ച രാവിലെ ഏഴ് മുതല്‍ പകല്‍ രണ്ടുവരെയാണ് കര്‍ഷകത്തൊഴിലാളികള്‍ കലക്ടറേറ്റിന്റെ മുഴുവന്‍ ഗേറ്റുകളും ഉപരോധിച്ചത്. സമരത്തില്‍ സ്ത്രീകളുടെ വന്‍ പങ്കാളിത്തവും ഉണ്ടായി. ഉപരോധസമരത്തെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹമാണ് കലക്ടറേറ്റ് പരിസരത്ത് വിന്യസിച്ചിരുന്നത്. അതിരാവിലെ സമരം തുടങ്ങിയിട്ടും ഉച്ചകഴിഞ്ഞാണ് സമരവളണ്ടിയര്‍മാര്‍ മടങ്ങിയത്.

ഉപരോധസമരം പി കെ ബിജു എംപി ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് കെ കെ ശ്രീനിവാസന്‍ അധ്യക്ഷനായി. പികെഎസ് സംസ്ഥാന പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ എംഎല്‍എ, സിഐടിയു ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി മുരളി പെരുനെല്ലി, കെഎസ്കെടിയു ജില്ലാ വൈസ് പ്രസിഡന്റ് ബി ഡി ദേവസി എംഎല്‍എ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ വി സജു എന്നിവര്‍ സംസാരിച്ചു. സമാപനപൊതുയോഗം കെഎസ്കെടിയു ജില്ലാ സെക്രട്ടറി എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു ജില്ലാ ട്രഷറര്‍ വര്‍ഗീസ് കണ്ടംകുളത്തി സ്വാഗതവും ജോയിന്റ് സെക്രട്ടറി പി എസ് വിനയന്‍ നന്ദിയും പറഞ്ഞു. ഒളരി ക്ഷേത്രമൈതാനം, അയ്യന്തോള്‍ ഗ്രൗണ്ട്, പടിഞ്ഞാറെക്കോട്ട എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് പ്രകടനമായാണ് കലക്ടറേറ്റ് ഉപരോധിക്കാന്‍ കര്‍ഷകത്തൊഴിലാളികളെത്തിയത്.

deshabhimani

No comments:

Post a Comment