Tuesday, October 22, 2013

ഉമ്മന്‍ചാണ്ടിയുടെ ഒളിച്ചോട്ടം റബര്‍തോട്ടത്തിലൂടെ

ശക്തമായ ജനകീയ പ്രതിഷേധത്തെ ഭയന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്ത് കിലോമീറ്ററിലധികം ചുറ്റിക്കറങ്ങി കാട് നിറഞ്ഞ റബര്‍ തോട്ടത്തിലെ ഊടു വഴിയിലൂടെ പരിപാടിക്കെത്തി തിരിച്ചുപോയി. നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എന്‍സിആര്‍എംഐ) കീഴില്‍ കുടപ്പനക്കുന്നില്‍ ആരംഭിച്ച ആധുനിക കയര്‍ സംസ്കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനാണ് ഉമ്മന്‍ചാണ്ടി വളഞ്ഞ വഴിയിലൂടെ എത്തിയത്. എന്നിട്ടും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഉദ്ഘാടന വേദിക്കടുത്ത് നാല് സമരകേന്ദ്രങ്ങളില്‍ തമ്പടിച്ച നൂറുകണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഭയന്ന് പത്ത് കിലോമീറ്റര്‍ ചുറ്റിയ ശേഷം വേദിയുടെ പിറകിലുള്ള റബര്‍തോട്ടത്തിലൂടെ ഒന്നര കിലോമീറ്ററിലേറെ വീണ്ടും സഞ്ചരിച്ചാണ് ഉമ്മന്‍ചാണ്ടി പൊതുപരിപാടിക്കെത്തിയത്. വന്‍ പൊലീസ് സന്നാഹം ഒപ്പമുണ്ടായപ്പോഴാണ് മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം. കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനത്തിനെത്തിയത്. 90 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് എആര്‍ ക്യാമ്പിലടച്ചു.
കുടപ്പനക്കുന്നില്‍ സിവില്‍ സ്റ്റേഷനും ദൂരദര്‍ശന്‍ കേന്ദ്രത്തിനും ചേര്‍ന്നുള്ള എന്‍സിആര്‍എംഐ ക്യാമ്പസിലാണ് പുതിയ കേന്ദ്രം. തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു ഉദ്ഘാടനം. ഇവിടേക്കുള്ള പ്രധാന വഴിയായ കിഴക്കേമുക്കോല- കുടപ്പനക്കുന്ന് റോഡിലും പേരൂര്‍ക്കട- കുടപ്പനക്കുന്ന് റോഡിലും രാവിലെ ഏഴ് മുതല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കേന്ദ്രീകരിച്ചു. കേന്ദ്രത്തിന് പുറകിലുള്ള വഴയില- ക്രൈസ്റ്റ് നഗര്‍ റോഡിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ തമ്പടിച്ചു. കിഴക്കേമുക്കോല- കുടപ്പനക്കുന്ന്, വഴയില- ക്രൈസ്റ്റ് നഗര്‍ റോഡില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടര്‍ന്ന്, നഗരത്തില്‍നിന്ന് വട്ടപ്പാറ വളവ് കടന്ന് പത്ത് കിലോമീറ്റര്‍ അധികം ചുറ്റി ക്രൈസ്റ്റ് നഗര്‍ റോഡിലൂടെയാണ് മുഖ്യമന്ത്രി സഞ്ചരിച്ചത്. എന്നാല്‍, പ്രവര്‍ത്തകര്‍ അവിടെയും ഉപരോധിക്കാനെത്തി. കരിങ്കൊടി കാട്ടി പ്രതിഷേധിച്ച പ്രവര്‍ത്തകരെ തള്ളിമാറ്റിയും അറസ്റ്റ് ചെയ്ത് നീക്കിയുമാണ് എന്‍സിആര്‍എംഐക്ക് പിറകിലുള്ള പൗള്‍ട്രി ഫാമിനകത്തേക്ക് മുഖ്യമന്ത്രിയെ എത്തിച്ചത്.

പൗള്‍ട്രി ഫാമിനും അതോട് ചേര്‍ന്നുള്ള റബര്‍തോട്ടത്തിനും ഇടയിലുള്ള ഊട് വഴിയിലൂടെ നീങ്ങിയ ഉമ്മന്‍ചാണ്ടിയെ ഈ ഭാഗത്തും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഈ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കിയപ്പോഴാണ് അകത്ത് കടക്കാനായത്. പത്ത് മിനിറ്റ് ചെലവഴിച്ച ശേഷം തിരിച്ചും വന്‍ പൊലീസ് സന്നാഹത്തോടെ പുറത്തേക്ക് കടന്ന മുഖ്യമന്ത്രിയെ പ്രവര്‍ത്തകര്‍ വീണ്ടും കരിങ്കൊടി കാട്ടിയതിനാല്‍ വഴയില, പേരൂര്‍ക്കടയിലൂടെ മറ്റൊരു വഴിയിലൂടെ തിരിച്ചുപോകേണ്ടിയുംവന്നു. എല്‍ഡിഎഫ് നേതാക്കളായ വി കെ മധു, ബി എസ് രാജീവ്, എസ് എസ് രാജലാല്‍, ഇന്ദിര രവീന്ദ്രന്‍, ശ്യാംകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.

deshabhimani

No comments:

Post a Comment