Friday, October 18, 2013

ജനസമ്പര്‍ക്കം : ജനപ്രതിനിധികളെ അറസ്റ്റ് ചെയ്ത് നീക്കി

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടത്തിന് നിറംകെട്ട തുടക്കം. സോളാര്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് നേതൃത്വത്തില്‍ ആയിരങ്ങള്‍ തലസ്ഥാനത്ത് അണിനിരന്നതിനിടെയാണ് ജനസമ്പര്‍ക്ക പരിപാടി തുടങ്ങിയത്.പരിപാടി നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിന് പുറത്ത് എല്‍ഡിഎഫ് നേതാക്കളേയും പ്രതിഷേധവുമായെത്തിയ ആയിരങ്ങളെയും പൊലീസ് തടഞ്ഞു.

സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെ ഡിജിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജനപ്രതിനിധികളെ അറസ്റ്റ് ചെയ്ത് നീക്കിയത് കടുത്ത പ്രതിഷേധത്തിനിടയാക്കി. എംപിമാരായ എ സമ്പത്ത്, ടി എന്‍ സീമ, എംഎല്‍എമാരായ വി ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ജമീല പ്രകാശം, മേയര്‍ കെ ചന്ദ്രിക, എല്‍ഡിഎഫ് നേതാക്കള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കോലിയക്കോട് കൃഷ്ണന്‍ നായര്‍ എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടും പങ്കെടുപ്പിക്കാതെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് എ സമ്പത്ത് എംപി ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. രാജ്യസഭാംഗങ്ങളായ ടി എന്‍ സീമ, സി പി നാരായണന്‍ എന്നിവര്‍ രാജ്യസഭാ ചെയര്‍മാനും പരാതി നല്‍കി.

ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്നവരെയോ മുഖ്യമന്ത്രിയേയോ തടയാതെ ജനാധിപത്യരീതിയില്‍ സമാധാനപരാമായാണ് ഉപരോധം നടന്നത്. രാവിലെ ഒന്‍പതോടെ മുഖ്യമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി. കേന്ദ്രമന്ത്രി ശശി തരൂര്‍, മന്ത്രിമാരായ കെ സി ജോസഫ്, വി എസ് ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ എന്നിവരും പരിപാടിക്കെത്തി. സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പരിസരത്തും വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് പൊലീസുകാരെയ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണാനെത്തുന്നവരെ പരിശോധിച്ച ശേഷം മാത്രമാണ് സ്റ്റേഡിയത്തിനുള്ളിലേക്കു കടത്തിവിടുന്നത്.

deshabhimani

No comments:

Post a Comment