Saturday, October 19, 2013

ശയ്യാവലംബരെ നിര്‍ബന്ധിച്ച് ജനസമ്പര്‍ക്കത്തിന് എത്തിച്ചു

നട്ടെല്ലിനും മറ്റും മാരകമായ ക്ഷതംപറ്റി ശയ്യാവലംബരായവരെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ നിര്‍ബന്ധിപ്പിച്ച് എത്തിച്ചതായി ആക്ഷേപം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം ലഭിക്കണമെങ്കില്‍ ഇവരെ നേരിട്ട് എത്തിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. അതോടെ, ഗുരുതരാവസ്ഥയിലുള്ളവരെപ്പോലും സ്വന്തം ചെലവില്‍ ബന്ധുക്കള്‍ ജനസമ്പര്‍ക്കത്തിന് എത്തിക്കുകയായിരുന്നു.

ഇത്തരമൊരു നിര്‍ദേശം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരത്തിലുള്ളവരുടെ അപേക്ഷ ലഭിച്ചാല്‍ സര്‍ക്കാര്‍ സഹായം നേരിട്ട് എത്തിക്കണമെന്നാണ് ചട്ടം. വാര്‍ത്ത സൃഷ്ടിക്കാനായി ഹീനമായ നടപടി ഉദ്യോഗസ്ഥരെകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്യിക്കുകയായിരുന്നു. പത്തിലധികം പേരെയാണ് ഇത്തരത്തില്‍ എത്തിച്ചത്. സഹായം പ്രതീക്ഷിച്ച് സ്ട്രെച്ചറുകളിലും വീല്‍ച്ചെയറുകളിലുമെത്തിയവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മണിക്കൂറുകളോളം വെയിലത്ത് കാത്തുകിടക്കേണ്ടിവന്നു. മണിക്കൂറുകളുടെ കാത്തുനില്‍പ്പിനിടെ ഇവരില്‍ പലരും കൂടുതല്‍ അവശരാവുകയും ചെയ്തു. ഒരാള്‍ വേദിയില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. അപേക്ഷ നല്‍കുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ കുഴഞ്ഞുവീണു. ഇത്തരം അപേക്ഷകള്‍ മുഖ്യമന്ത്രിക്ക് മാസങ്ങള്‍ക്ക് മുമ്പ് ലഭിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ജനസമ്പര്‍ക്കത്തിന് മുഖ്യമന്ത്രി എത്തിയത് പാത്തുംപതുങ്ങിയും

എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ സിറ്റി പൊലീസ് കമീഷണര്‍, ഏഴ് എസ്പിമാര്‍, 31 ഡിവൈഎസ്പിമാര്‍, 51 സിഐമാര്‍ ഉള്‍പ്പെടെ മൂവായിരത്തോളം പൊലീസുകാര്‍നഗരത്തില്‍ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചശേഷം മുഖ്യമന്ത്രി അതിരാവിലെ സെക്രട്ടറിയറ്റിനുള്ളില്‍ എത്തി. എംജി റോഡില്‍നിന്നും കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലേക്കുള്ള റോഡിലും വൈഎംസിഎയിലേക്കുള്ള റോഡിലും പൊലീസ് ബാരിക്കേഡ് തീര്‍ത്തിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കും സെക്രട്ടറിയറ്റിലേക്കും കടക്കുന്ന വഴികളെല്ലാം വടംകെട്ടി ബന്തവസ് ഏര്‍പ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നവരെമാത്രം അകത്തേക്കുവിട്ടു. ഒമ്പതുമണിയാകാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ പ്രത്യേകം തയ്യാറാക്കി നിര്‍ത്തിയിരുന്ന

കോണ്‍ഗ്രസുകാരുടെയും സായുധ പൊലീസ് സംഘത്തിന്റെയും അകമ്പടിയോടെ മുഖ്യമന്ത്രി പുറത്തിറങ്ങി. ഉടന്‍തന്നെ സെക്രട്ടറിയറ്റ് അനക്സിനു സമീപത്തെ ഗേറ്റിലൂടെ സ്റ്റേഡിയത്തിനുള്ളില്‍ കയറി. സെക്രട്ടറിയറ്റിലടക്കം എത്തിയ ജീവനക്കാരുടെവരെ ശരീരപരിശോധന നടത്തി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും വനിതാ ജീവനക്കാരുടെ ബാഗുകടളക്കം പരിശോധിച്ചു. പരിപാടിക്കെത്തിയ പ്രായമായവരുടെയും പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്തവരുടെയും ബന്ധുക്കളെപ്പോലും അകത്തേക്കു കയറ്റിവിട്ടില്ല. അകത്തേക്കുപോയവര്‍ക്ക് എന്തുസംഭവിക്കുമെന്നറിയാതെ പരിപാടി തീരുംവരെ ആശങ്കയോടെ ഇവര്‍ക്ക് പൊരിവെയിലില്‍ പുറത്തുനില്‍ക്കേണ്ടിവന്നു.

deshabhimani

No comments:

Post a Comment