Saturday, October 19, 2013

മുന്‍സര്‍ക്കാരിന്റെ പദ്ധതികളും "ജനസമ്പര്‍ക്ക പട്ടിക"യില്‍

ജനസമ്പര്‍ക്കവുമായി എന്ത് ബന്ധം എന്ന് ചോദിക്കല്ലും...
ജനസമ്പര്‍ക്ക പരിപാടിയെ തുടര്‍ന്ന് ജനങ്ങള്‍ക്ക് വേണ്ടി 44 ഉത്തരവുകള്‍ പുറത്തിറക്കിയെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അവകാശവാദവും പൊളിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പ്രചാരണതന്ത്രത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിയുടെ പരസ്യത്തിലാണ് ആദ്യപരിപാടിയുടെ തുടര്‍ച്ചയായി 44 ഉത്തരവുകള്‍ പുറത്തിറക്കിയെന്ന് പറയുന്നത്. എന്നാല്‍, ഇതില്‍ 35നും ജനസമ്പര്‍ക്ക പരിപാടിയുമായി ഒരു ബന്ധവുമില്ല. ഈ കാലയളവില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രധാന ഉത്തരവുകളെല്ലാം ജനസമ്പര്‍ക്ക പരിപാടിയുടെ ചെലവില്‍പ്പെടുത്തി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തുകൈമാറ്റത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കിയ ഉത്തരവാണ് പരസ്യത്തില്‍ പ്രധാനപ്പെട്ട ഒന്ന്. ഈ ഉത്തരവ് ജനസമ്പര്‍ക്ക പരിപാടിയില്‍ കിട്ടിയ ഏതെങ്കിലും പരാതിയുടെയോ നിര്‍ദേശത്തിന്റെയോ അടിസ്ഥാനത്തില്‍ അല്ലെന്ന് മാത്രമല്ല, ഈ ഉത്തരവ് ഇപ്പോള്‍ രജിസ്ട്രേഷന്‍ വകുപ്പ് റദ്ദാക്കുകയും ചെയ്തു. അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വസ്തു ഇടപാടിന് പഴയതിനേക്കാള്‍ കൂടുതല്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ സിസേറിയന്‍ ഉള്‍പ്പെടെയുള്ള പ്രസവത്തിനും കുട്ടികളുടെ ചികിത്സയ്ക്കും 30 ദിവസംവരെ സൗജന്യം എന്നാണ് മറ്റൊരു ഉത്തരവ്. എന്നാല്‍, ജനനീ സുരക്ഷായോജന പ്രകാരം എല്‍ഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ പദ്ധതിപ്രകാരം സൗജന്യ ചികിത്സ മാത്രമല്ല, സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിച്ചശേഷം ഡിസ്ചാര്‍ജ് ചെയ്ത് പോകുമ്പോള്‍ നഗരങ്ങളില്‍ 600 രൂപയും ഗ്രാമങ്ങളില്‍ 700 രൂപയും ധനസഹായം നല്‍കി വരുന്നുണ്ട്. വിദ്യാലയങ്ങളില്‍ പത്താംക്ലാസ്വരെ മലയാളം നിര്‍ബന്ധമാക്കിയതും കൂട്ടത്തിലുണ്ട്. രാത്രികാലങ്ങളിലും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി നല്‍കിയെന്നതാണ് മറ്റൊന്ന്. എന്നാല്‍, ഇതിന് തടസ്സമായി നില്‍ക്കുന്ന മെഡിക്കോ-ലീഗല്‍ ചട്ടങ്ങളില്‍ ഇനിയും മാറ്റം വരുത്തിയിട്ടില്ല. മാത്രമല്ല, സംസ്ഥാനത്ത് ഒരിടത്തും രാത്രികാല പോസ്റ്റ്മോര്‍ട്ടം നടക്കുന്നുമില്ല.

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനറിക് മരുന്ന് സൗജന്യമായി നല്‍കുന്ന പദ്ധതിയും ഉത്തരവുകളുടെ കൂട്ടത്തിലുണ്ട്. പിന്നാക്കമേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പതിറ്റാണ്ടുകളായി സൗജന്യമായാണ് മരുന്ന് നല്‍കുന്നത്. ഇത് ജെനറിക് മരുന്നാക്കിക്കൊണ്ടുള്ള ജാലവിദ്യയാണ് ഇപ്പോള്‍ നടത്തുന്നത്. അതാകട്ടെ, ഇനിയും നടപ്പാക്കിയിട്ടുമില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് ബിപിഎല്‍ കാര്‍ഡ് നല്‍കാനുള്ള അധികാരം ജില്ലാ കലക്ടറില്‍ നിക്ഷിപ്തമാക്കിയ ഉത്തരവും പരസ്യത്തിലുണ്ട്. എന്നാല്‍, വെള്ളിയാഴ്ച നടന്ന പരിപാടിയില്‍പ്പോലും ഏറ്റവും കൂടുതല്‍ അപേക്ഷ എപിഎല്‍, ബിപിഎല്‍ ആക്കാനുള്ളതാണ്.

എയ്ഡഡ്് സ്കൂളുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം മാറ്റിയത ദേശീയവിദ്യാഭ്യാസ അവകാശനിയമത്തിന്റെ തുടര്‍ച്ചയായുള്ള പാക്കേജിന്റെ ഭാഗമായാണ്. എല്‍ഡിഎഫ് ഭരണകാലത്ത് സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കി വരുന്ന എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസ പദ്ധതിയുടെ തുടര്‍പദ്ധതികള്‍ ഉള്‍പ്പെടെ ജനസമ്പര്‍ക്കത്തിന്റെ "നേട്ട"ത്തില്‍ പെടുത്തി. 44ല്‍ നാലെണ്ണം സാമൂഹ്യസുരക്ഷാ മിഷനുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് തുടങ്ങിയ പദ്ധതികളാണ്.

നബാര്‍ഡ് മുഖേനയുള്ള ഹ്രസ്വകാല വായ്പകള്‍ പൂര്‍ണമായും പലിശ രഹിതമാക്കിയെന്നും അവകാശവാദമുണ്ട്. എന്നാല്‍, നബാര്‍ഡ് മുഖേനയുള്ള ഹ്രസ്വകാലവായ്പ ബാങ്കുകള്‍ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയാതിരിക്കാന്‍ വഴിയില്ല. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് 10 ശതമാനം നികുതിയിളവ്, വികലാംഗര്‍ക്കും വിധവകള്‍ക്കും ദേശീയ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്, ചുമട്ടുതൊഴിലാളി കയറ്റിറക്ക് കൂലി പോസ്റ്റ് ഓഫീസ് വഴി സ്വീകരിക്കുന്നത് തുടങ്ങി മറ്റ് പതിനഞ്ചോളം ഉത്തരവുകള്‍ക്കും ജനസമ്പര്‍ക്കവുമായി ഒരു ബന്ധവുമില്ല.

deshabhimani

No comments:

Post a Comment