Wednesday, October 23, 2013

നരേന്ദ്രമോഡിക്കുവേണ്ടി കോര്‍പറേറ്റുകള്‍ പണമൊഴുക്കുന്നു: പിണറായി

നെയ്യാറ്റിന്‍കര: രാജ്യത്തെ വര്‍ഗീയശക്തികളുടെ നേതാവായ നരേന്ദ്രമോഡിയുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കോര്‍പറേറ്റുകള്‍ പണമൊഴുക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ സജിന്‍, അനു എന്നിവരുടെ കുടുംബസഹായ ഫണ്ട് അമരവിളയില്‍ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയുടെ വരവോടെ രാജ്യം കുരുതിക്കളമാക്കാനുളള പുതിയ ഊര്‍ജം ആര്‍എസ്എസിന് ലഭിച്ചിരിക്കുകയാണ്. കോര്‍പറേറ്റുകള്‍ നല്‍കുന്ന പണം അതിക്രൂരമായ സംഭവങ്ങള്‍ക്കാണ് മോഡിയും ആര്‍എസ്എസും ഉപയോഗിക്കുന്നത്. രാജ്യത്ത് വര്‍ഗീയകലാപങ്ങള്‍ അഴിച്ചുവിടുന്നു. ആദ്യം ബിഹാറിലും പിന്നീട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും കലാപത്തിന് ശ്രമിച്ചു. അതിന്റെ മൂര്‍ധന്യഭാവമാണ് മുസാഫര്‍ നഗറില്‍ കണ്ടത്. കേരളത്തിലും ആര്‍എസ്എസ് അക്രമസജ്ജമായിരിക്കുകയാണ്. ക്രിമിനലുകളുടെ ക്രൂരതയെ ഒരിക്കലും കേരളം സഹിച്ചിട്ടില്ല. ഇപ്പോള്‍ ക്രിമിനലുകളെയും വര്‍ഗീയവാദികളെയും സംരക്ഷിക്കുന്നത് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പാണ്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴെല്ലാം ആര്‍എസ്എസിനോട് അവര്‍ക്ക് പ്രത്യേക മമതയാണ്. ഇവിടെ ക്രിമിനലുകള്‍ക്ക് വീര്യം പകരുന്ന പൊലീസ് സംവിധാനമാണ്. ആര്‍എസ്എസിന് ഒരിക്കലും കൊലക്കത്തി ഉറയിലിടാന്‍ കഴിയുന്നില്ല. കുട്ടികളെ ആക്രമിക്കുന്നത് ഭീരുത്വത്തിന്റെ തെളിവാണ്. കുട്ടികളുടെ പ്രസ്ഥാനമായ എസ്എഫ്ഐയെ അവര്‍ ഭയപ്പെടുന്നു. ധനുവച്ചപുരത്തെ രണ്ട് വിദ്യാര്‍ഥികളുടെ ജീവന്‍ കവര്‍ന്ന കൊലയാളികളോട് പൊലീസ് കാട്ടുന്ന സമീപനം ജനാധിപത്യത്തിന് അപമാനമാണ്. വീട്ടില്‍ കയറി കൊലവിളി നടത്തിയ സംഘപരിവാറിനെതിരെ പരാതി പറയാന്‍ പൊലീസിനെ സമീപിച്ച അമ്മയോട് ആ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് മകനെ വെളള പുതപ്പിച്ച് കിടത്തുമെന്നാണ്. ആര്‍എസ്എസ് ക്രിമിനലിന്റെ മനഃസ്ഥിതിയാണ് നീതി തേടിയെത്തിയ ഒരു അമ്മയോടുപോലും പൊലീസുദ്യോഗസ്ഥന്‍ പ്രകടിപ്പിച്ചത്. അക്രമികളെ പൊലീസ് സഹായിക്കുന്നെന്ന് കരുതി അവര്‍ക്ക് നാട് വഴങ്ങിക്കൊടുക്കണോ എന്ന് ചിന്തിക്കണം. ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ ജനങ്ങളുടെ കരുത്ത് ഉയരണമെന്നും പിണറായി പറഞ്ഞു.

സജിന്‍ഷാഹുല്‍-അനു കുടുംബസഹായഫണ്ട് വിതരണംചെയ്തു

നെയ്യാറ്റിന്‍കര: ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികള്‍ ജീവനെടുത്ത എസ്എഫ്ഐ പ്രവര്‍ത്തകരായ സജിന്‍ഷാഹുല്‍, അനു എന്നിവരുടെ കുടുംബസഹായഫണ്ട് അമരവിളയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കി. ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ പാറശാല ഏരിയ വൈസ് പ്രസിഡന്റുമായ അനു, ആര്‍എസ്എസ് സംഘം നിരന്തരം വീടുകയറി ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്നാണ് ജീവനൊടുക്കിയത്. ധനുവച്ചപുരം ഗവ. ഐടിഐ വിദ്യാര്‍ഥിയും എസ്എഫ്ഐ അമരവിള ലോക്കല്‍ വൈസ് പ്രസിഡന്റും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ സജിന്‍ ഷാഹുലിനെ ആര്‍എസ്എസുകാര്‍ ക്യാമ്പസില്‍വച്ച് ബോംബെറിഞ്ഞാണ് കൊലപ്പെടുത്തിയത്. രണ്ടു നിര്‍ധനകുടുംബങ്ങളുടെ പ്രതീക്ഷകളാണ് വര്‍ഗീയശക്തികള്‍ ഇല്ലാതാക്കിയത്.

എന്നാല്‍, ഇരുകുടുംബങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നാട് ഏറ്റെടുത്തു. സിപിഐ എമ്മും എസ്എഫ്ഐയും ചേര്‍ന്ന് ഒരാഴ്ചകൊണ്ടാണ് കുടുംബസഹായഫണ്ട് സ്വരൂപിച്ചത്. സജിന്‍ഷാഹുലിന്റെ ബാപ്പ ഷാഹുല്‍ അഞ്ചുലക്ഷം രൂപ പിണറായിയില്‍നിന്ന് ഏറ്റുവാങ്ങി. വിദ്യാര്‍ഥിയായ അനുജന്‍ ഷാരൂഖാന് മൂന്നുലക്ഷം രൂപയും നല്‍കി. അനുവിന്റെ കുടുംബത്തിനുള്ള അഞ്ചുലക്ഷം രൂപ സഹോദരന്‍ അജു ഏറ്റുവാങ്ങി. അമ്മ ഷീലയും ചടങ്ങില്‍ സംബന്ധിച്ചു. അക്രമത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി സുഭാഷിന് ചികിത്സാസഹായവും നല്‍കി.

പാറശാല, നെയ്യാറ്റിന്‍കര, വെള്ളറട ഏരിയകളിലെ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി ശിവദാസന്‍, വി ശിവന്‍കുട്ടി എംഎല്‍എ, ഷിജുഖാന്‍, ടി പി ബിനീഷ്, സി കെ ഹരീന്ദ്രന്‍, കരമന ഹരി, എം എം ബഷീര്‍, കെ എസ് സുനില്‍കുമാര്‍, ഏരിയ സെക്രട്ടറിമാരായ വി രാജേന്ദ്രന്‍, കടകുളം ശശി, നീലകണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എന്‍ രതീന്ദ്രന്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തിനുമുന്നോടിയായി ബഹുജന വിദ്യാര്‍ഥിപ്രകടനവും ഉണ്ടായിരുന്നു.

സജിന്‍ ഷാഹുല്‍ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി

നെയ്യാറ്റിന്‍കര: ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ സജിന്‍ ഷാഹുലിന്റെ പേരില്‍ ധനുവച്ചപുരം ഐടിഐയില്‍ എസ്എഫ്ഐ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി. ധനുവച്ചപുരം ഗവ. ഐടിഐയിലെ മികച്ച വിദ്യാര്‍ഥിക്ക് വര്‍ഷംതോറും സജിന്റെ പേരിലുള്ള എന്‍ഡോവ്മെന്റ് നല്‍കും. ഇതിനായി വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക അമരവിളയില്‍ നടന്ന കുടുംബസഹായഫണ്ട് വിതരണച്ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി എ എം അന്‍സാരിക്ക് കൈമാറി.

deshabhimani

No comments:

Post a Comment