Wednesday, October 23, 2013

ബാങ്ക് ലയനം: തീരുമാനം അടിച്ചേല്പിക്കില്ല-ചിദംബരം


ബാങ്ക് ലയനം: തീരുമാനം അടിച്ചേല്‍പ്പിക്കില്ല- ചിദംബരം

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലയനം ഇപ്പോള്‍ ആലോചനയില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസോസിയറ്റ് ബാങ്കുകള്‍ ലയിക്കുന്നത് മാത്രമാണ് നിലവില്‍ പരിഗണനയിലുള്ളത്. അതില്‍ത്തന്നെ സര്‍ക്കാര്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. ഇക്കാര്യം എസ്ബിഐ ആണ് തീരുമാനിക്കേണ്ടത്. സ്വര്‍ണം ഇറക്കുമതിയുടെ കാര്യത്തില്‍ നിലപാട് കര്‍ശനമായി തുടരണം. ബാങ്കുകള്‍ സ്വര്‍ണനാണയം ഇറക്കുമതി ചെയ്യുന്നെന്ന് വാര്‍ത്തകള്‍ കണ്ടു. അത്തരത്തില്‍ ഇറക്കുമതി ചെയ്യില്ലെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം. ഇന്ത്യയുടെ വളര്‍ച്ചനിരക്ക് സംബന്ധിച്ച് ഐഎംഎഫും ലോകബാങ്കും നടത്തുന്ന പ്രവചനങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചിട്ടും മന്ത്രി പ്രതികരിച്ചില്ല. 

ബാങ്കുകളുടെ കിട്ടാക്കടം വീണ്ടും ആശങ്കാജനകമായ സ്ഥിതിയിലേക്ക് ഉയരുകയാണ്. 2000-ാമാണ്ടില്‍ 14 ശതമാനമായിരുന്ന കിട്ടാക്കടം 2006ല്‍ 3.70 ശതമാനമായും 2010ല്‍ 2.09 ശതമാനമായും കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും ഇപ്പോഴത് 4.57 ശതമാനമായി. സാമ്പത്തികസ്ഥിതി മോശമായപ്പോഴാണ് തിരിച്ചടവ് കുറഞ്ഞ് കിട്ടാക്കടം വര്‍ധിച്ചത്. സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് കിട്ടാക്കടം കുറയും. ബോധപൂര്‍വം തിരിച്ചടയ്ക്കാത്തവരുടെ കാര്യം പ്രത്യേകം പരിശോധിക്കും. ഒരു കോടിക്കുമേല്‍ വായ്പയെടുത്ത വന്‍കിട വായ്പക്കാരാണ് കുടിശ്ശിക വരുത്തുന്നവരിലേറെ. അയ്യായിരംമുതല്‍ പതിനായിരംവരെ രൂപ വായ്പ വാങ്ങുന്നവര്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവരാണ്. കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്നത് കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമാകണം. എല്ലാ ബാങ്കും ജനറല്‍ മാനേജര്‍ തസ്തികയിലുള്ള ഓഫീസറെ തിരിച്ചടവ് മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തണം. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വായ്പ നല്‍കുന്നതില്‍ 12.08 ശതമാനം വര്‍ധന കൈവരിച്ചു. ഭവനവായ്പ ആദ്യപാദത്തില്‍ 42 ശതമാനം വര്‍ധിച്ചു. രണ്ടാംപാദത്തില്‍ 61 ശതമാനമാണ് വര്‍ധന. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുള്ള വായ്പയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 14.59 ശതമാനം വളര്‍ച്ച കൈവരിച്ചെന്നും ചിദംബരം പറഞ്ഞു.

ദേശാഭിമാനി

No comments:

Post a Comment