Monday, October 21, 2013

ചെലവ് ചുരുക്കല്‍ നയങ്ങള്‍ക്കെതിരെ ഇറ്റലിയിലും പോര്‍ചുഗലിലും പ്രതിഷേധമിരമ്പി

സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ചെലവ് ചുരുക്കല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ക്കെതിരെ ഇറ്റലിയിലും പോര്‍ചുഗലിലും പതിനായിരങ്ങള്‍ തെരുവില്‍ പ്രതിഷേധിച്ചു. ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ വിദ്യാര്‍ഥികള്‍ ഉപരോധമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു.
ഇറ്റലിയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളുമാണ് പ്രതിഷേധപ്രകടനങ്ങള്‍ക്ക് മുന്‍കൈ എടുത്തത്. 70,000ല്‍പ്പരംപേര്‍ റോമിലെ പ്രകടനത്തില്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. 50,000 പേര്‍ പങ്കെടുത്തുവെന്നാണ് പൊലീസിന്റെ കണക്ക്.പ്രകടനം തുടങ്ങുന്നതിനു മുമ്പുതന്നെ പൊലീസ് 14 പേരെ അറസ്റ്റ് ചെയ്തു. അവരില്‍ നിന്നും ചെയിനുകളും ലാത്തികളും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 4000ത്തോളം പൊലീസുകാരെയാണ് സുരക്ഷാ നടപടികളുടെ ഭാഗമായി വിന്യസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി സാമ്പത്തികമാന്ദ്യത്തിലകപ്പെട്ടിരിക്കുന്ന ഇറ്റലിയില്‍ തൊഴിലില്ലായ്മ റെക്കോഡ് നിലവാരത്തിലാണ്.

പോര്‍ചുഗലില്‍ തലസ്ഥാനമായ ലിസ്ബണിലും മറ്റൊരു പ്രധാനനഗരമായ പോര്‍ട്ടോയിലുമായിരുന്നു പ്രകടനങ്ങള്‍. പോര്‍ചുഗീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ട്രേഡ് യൂണിയനായ സി ജി ടിയാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് മുന്‍കൈ എടുത്തത്. ലിസ്ബണില്‍ പ്രകടനക്കാരെ നഗരത്തിലേക്ക് കടക്കുന്നതില്‍ നിന്നും പൊലീസ് തടഞ്ഞു. നഗരത്തിലേക്ക് കടക്കുന്നതിനുള്ള പാലത്തിന്റെ സുരക്ഷിതത്വപ്രശ്‌നം ഉന്നയിച്ചാണ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് 400ല്‍പ്പരം ബസുകളില്‍ നഗരത്തിലെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗവണ്‍മെന്റിന്റെ നിരോധനം നിയമവിരുദ്ധമായ നടപടിയാണെന്ന് പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി.

പോര്‍ചുഗലില്‍ കഴിഞ്ഞ ചൊവ്വാഴ്ച അവതരിപ്പിച്ച 2014ലേക്കുള്ള ബജറ്റിലാണ് ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങളുള്ളത്. ബജറ്റ് അവതരണത്തിനുശേഷമുണ്ടായ ഏറ്റവും വലിയ പ്രതിഷേധമാണ് ഞായറാഴ്ച അരങ്ങേറിയത്.

janayugom

No comments:

Post a Comment