Saturday, October 19, 2013

സ്‌കൂള്‍ പാഠപുസ്തക വിതരണം പാളി: പഠനം അവതാളത്തില്‍

ഓണപരീക്ഷ കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും സ്‌കൂളുകൡലെ പാഠപുസ്തക വിതരണം എങ്ങുമെത്തിയില്ല.  ഒന്നാം ഘട്ടപാഠപുസ്തകവിതരണം പോലും അവതാളത്തിലായിരിക്കെയാണ് രണ്ടാം ഘട്ട പാഠപുസ്തക വിതരണവും പാതിവഴിയില്‍ മുടങ്ങിയത്. ഒക്‌ടോബര്‍ 20 നകം രണ്ടാം ഘട്ടപാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാനാണ് സംസ്ഥാന ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ പാഠപുസ്തക വിതരണത്തിന്റെ ചുമതലയുള്ള കെ ബി പി എസിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ സ്‌ക്കുളുകളില്‍ പുസ്തകം എത്തിയിട്ടില്ലെന്ന്  മാത്രമല്ല പുസ്തകത്തിന്റെ അച്ചടി പോലും സമയബന്ധിതമായി തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലകളിലേക്കുള്ള  പുസ്തകത്തിന്റെ അച്ചടി ആരംഭിച്ചിട്ടുപോലുമില്ല. പാഠപുസ്തക വിതരണത്തിന്റെ അവസാന തീയതി അവധികള്‍ കണക്കിലെടുത്ത് ഒക്‌ടോബര്‍ 26 ആയി നീട്ടിയിട്ടുണ്ടെന്ന് ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ കാലാവധിക്കുള്ളില്‍ പുസ്തകവിതരണം ആരംഭിക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. സ്വകാര്യ കൊറിയര്‍ കമ്പനി മുഖേനയാണ് കെ ബി പി എസ് പുസ്തകം വിതരണം ചെയ്യുന്നത്.  രണ്ടാം ഘട്ട പാഠപുസ്തകവിതരണം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പോലും വിദ്യാഭ്യാസവകുപ്പും  കെ ബി പി എസും ജില്ലാതലങ്ങളില്‍ ആരംഭിച്ചിട്ടില്ല.

ആദ്യഘട്ട പാഠപുസ്തകവിതരണം തുടക്കത്തില്‍ തന്നെ പാളിയിരുന്നു. പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും ആദ്യഘട്ട പുസ്തകവിതരണം പൂര്‍ത്തിയായിട്ടില്ല. 12,380 സ്‌ക്കുളുകളിലേക്ക് ആദ്യഘട്ടത്തില്‍ 2.02 കോടി പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ ഔദ്യോഗിക കണക്ക് പ്രകാരം പകുതി ജില്ലകളിലും അമ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് പുസ്തകവിതരണം നടന്നിരുന്നത്. ഇതില്‍ വയനാട്ടില്‍ നാല് ശതമാനവും കൊല്ലത്ത് 30 ശതമാനവുമായിരുന്നു വിതരണം നടന്നത്.പല സ്‌ക്കുളുകളിലും പുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാതെയാണ് പഠിപ്പിക്കുന്നതെന്ന് സ്‌ക്കുള്‍ അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കിട്ടാതെ വന്നിരിക്കുന്ന പുസ്തകങ്ങളുടെ എണ്ണവും ടൈറ്റിലും എ ഇ ഒ മാര്‍ വഴി സ്‌ക്കുളുകള്‍ വിദ്യാഭ്യസ വകുപ്പിന് കൈമാറിയികുന്നു. ഇത് പാഠപുസ്തക ഓഫീസ് കെ ബി പി എസിന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടി യൊന്നും ഉണ്ടായിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിവരം.

എന്നാല്‍ പാഠപുസ്തകവിതരണം കാര്യക്ഷമമായി നടത്താനെന്ന പേരില്‍  കെ ബി പി എസ് സൃഷ്ടിച്ചിരിക്കുന്ന പാഠപുസ്തക കോ-ഓഡിനേറ്റര്‍ തസ്തികയില്‍ നിയമിച്ചിരിക്കുന്ന വിദ്യാഭ്യസ വകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥനെ അഞ്ചാം തവണയും പുനര്‍നിയമിച്ചു. പാഠപുസ്തക ഓഫീസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തോളം മാത്രം സര്‍വീസുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ തന്നെ യു ഡി എഫ് സര്‍ക്കാര്‍ പുതിയ തസ്തിക സൃഷ്ടിച്ച് നിയമിക്കുകയായിരുന്നു. അക്കൗണ്ട് ജനറലിന്റെ പ്രാഥമിക ഓഡിറ്റിംഗ് റിപ്പോര്‍ട്ടില്‍ ക്രമക്കേടിന്റെ പേരില്‍ കുറ്റാരോപിതനായ  ഉദ്യോഗസ്ഥനെയാണ് കെ ബി പി എസില്‍ ആറ് മാസത്തേക്ക് പുതിയ തസ്തിക സൃഷ്ടിച്ച് നിയമിച്ചത്. 2011-12 ലെ മാറുന്ന പത്താം കഌസ് പുസ്തകങ്ങള്‍ അധികമായി  അച്ചടിച്ച് 1.39 കോടി രൂപയുടെ നഷ്ടം വരുത്തി, വെയര്‍ഹൗസ്  ഗോഡൗണ്‍ വാടകയ്ക്ക് എടുത്ത  ഇനത്തില്‍ 44 ലക്ഷം രൂപ നല്‍കി, സര്‍വീസ് ചാര്‍ജ് ഇനത്തില്‍ കെ ബി പി എസിന് 83 ലക്ഷം രൂപ അനുവദിച്ചു തുടങ്ങിയവയുടെ ഉത്തരവാദിത്വമാണ്  അക്കൗണ്ട് ജനറലിന്റെ  ഓഡിറ്റ് റിപ്പോര്‍ട്ടില്‍  ഈ കാലയളവിലെ പാഠപുസ്തക ഓഫീസറായിരുന്ന  ജി ചന്ദ്രശേഖര ഉണ്ണിത്താനെതിരെ കണ്ടെത്തിയിരിക്കുന്നത്. അക്കൗണ്ട്  ജനറലിന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഇടപെടലിലൂടെ ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് പുതിയ തസ്തികയില്‍ ഇദ്ദേഹത്തെ നിയമിച്ചത്. യു ഡി എഫ് അധികാരത്തിലേറി തൊട്ടടുത്ത മാസം തന്നെ നടന്ന നിയമനം സംബന്ധിച്ച് നിരവധി പരാതികളും ഉയര്‍ന്നിരുന്നു. സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഈ  പരാതികള്‍ മറച്ചുവെച്ചാണ് ആറ് മാസം വീതം കാലാവധി വെച്ച് അഞ്ചാം തവണയും പുനര്‍നിയമനം നല്‍കിയിരിക്കുന്നത്.

ജലീല്‍ അരുക്കുറ്റി  janayugom

No comments:

Post a Comment