Saturday, October 19, 2013

കേരള ഭാഗ്യക്കുറിയുടെ വിശ്വാസ്യത തകര്‍ക്കരുത്: എം വി ജയരാജന്‍

 ചൂതാട്ട ലോട്ടറിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേരളാ ഭാഗ്യക്കുറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി കണ്‍വീനര്‍ എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ ലോട്ടറി മാഫിയാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്യസംസ്ഥാന ലോട്ടറി ഇല്ലാതായതോടെ കേരള ഭാഗ്യക്കുറി ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്കം വച്ചുള്ള ചൂതാട്ടമാണ് വ്യാപകമായി നടക്കുന്നത്. എഴുതിയതോ പ്രിന്റുചെയ്തതോ ആയ മൂന്നക്ക നമ്പറുകള്‍ വിവിധ സീരീസുകളില്‍ നല്‍കുകയാണ് ചൂതാട്ടത്തിന്റെ രീതി. കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ അവസാനത്തെ മൂന്നക്കങ്ങളായ 545, 571 എന്നീ നമ്പറുകള്‍തന്നെയാണ് ഒക്ടോബര്‍ 13, 14 തിയതികളില്‍ ചൂതാട്ടക്കാര്‍ വില്‍പ്പന നടത്തിയത്. മലപ്പുറം ജില്ലയിലെ വിവിധ ലോട്ടറി സ്റ്റാളുകളില്‍നിന്നു വാങ്ങിയ ചൂതാട്ട നമ്പറുകള്‍ക്ക് സമ്മാനത്തുക കൊടുക്കാതെ മാഫിയാസംഘം മുങ്ങിയിരിക്കുകയാണ്. മൂന്നക്ക എഴുത്തുലോട്ടറി ടിക്കറ്റുകള്‍ സ്റ്റാളുകളില്‍ എത്തിച്ചത് താനൂരിലെ മാഫിയാടീമാണെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെയുള്ള സമയങ്ങളിലാണ് വ്യാജ ലോട്ടറി വിതരണം ചെയ്തത്. കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സമയമാവട്ടെ ഉച്ചയ്ക്കുശേഷം 2.30 ആണ്. ആ സമയത്തിനുമുമ്പ് സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്ക നമ്പറുകള്‍ വ്യാജ ടിക്കറ്റുകളായി വിതരണം ചെയ്തത് ദുരൂഹമാണ്.

ലോട്ടറി നിരോധിച്ച തമിഴ്നാട്ടില്‍ കേരള ഭാഗ്യക്കുറി ടിക്കറ്റുകളാണ് ചൂതാട്ടത്തിന് ഉപയോഗിക്കുന്നത്. കേരള ഭാഗ്യക്കുറിയുടെ മറവില്‍ ചൂതാട്ട ലോട്ടറി നടത്തുന്നത് കണ്ടെത്തിയതിനെതുടര്‍ന്ന് ഒരു പ്രമുഖ ഏജന്‍സി റദ്ദാക്കിയെങ്കിലും മറ്റൊരു മാര്‍ട്ടിനായി ആ ഏജന്‍സി രംഗത്തുവന്നിരിക്കുകയാണ്. ഏജന്‍സി റദ്ദാക്കിയിട്ടും ഇവരുടെ ലോട്ടറി സ്റ്റാളുകള്‍ സംസ്ഥാനത്താകെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരള ഭാഗ്യക്കുറിയുടെ മറവില്‍ ചൂതാട്ടം നടത്തുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ ഒത്താശയോടെയാണ്. ചൂതാട്ടം തടയാന്‍ ലോട്ടറിവകുപ്പിന് സര്‍ക്കാര്‍ അധികാരം നല്‍കുന്നില്ല. പൊലീസ് ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. സിബിഐയാവട്ടെ, ചൂതാട്ടക്കാരുടെപേരില്‍ ചാര്‍ജുചെയ്ത കേസുകള്‍പോലും പിന്‍വലിച്ചു. സര്‍ക്കാര്‍ സഹായത്തോടെ നടക്കുന്ന ചൂതാട്ടലോട്ടറിക്കെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്ന് എം വി ജയരാജന്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment