Saturday, October 19, 2013

ബിര്‍ല ചിദംബരത്തെ കണ്ടു; സിബിഐക്ക് മേല്‍ സമ്മര്‍ദം

കല്‍ക്കരി കുംഭകോണ കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേസിലെ പ്രതിയും പ്രമുഖ വ്യവസായിയുമായ കുമാര്‍ മംഗലം ബിര്‍ല വെള്ളിയാഴ്ച ധനമന്ത്രി പി ചിദംബരവുമായി കൂടിക്കാഴ്ച നടത്തി. കേസിനെക്കുറിച്ച് ആശങ്കയില്ലെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബിര്‍ല മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ കേസില്‍ ഭയപ്പെടേണ്ടതില്ലെന്ന് ചിദംബരം അറിയിച്ചതായാണ് സൂചന. ബിര്‍ലയ്ക്കെതിരെ സിബിഐ കേസെടുത്തതിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രിസഭാ യോഗത്തിലും മന്ത്രിമാര്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു. കേസ് ദുര്‍ബലപ്പെടുത്താന്‍ സിബിഐയോട് സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് ഇതോടെ ഉറപ്പായി. ബിര്‍ലയ്ക്കെതിരെ കേസെടുത്തത്് കേന്ദ്രമന്ത്രിമാര്‍ പരസ്യമായി ചോദ്യംചെയ്തതിനെത്തുടര്‍ന്ന് വിശദീകരണം നല്‍കാന്‍ കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ നിര്‍ബന്ധിതനായിരുന്നു. സുപ്രീംകോടതി നിരീക്ഷിക്കുന്ന കേസാണിതെന്നും കോടതി നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നുംസിന്‍ഹ വിശദീകരിച്ചു. കേസില്‍പ്പെട്ട വ്യവസായ പ്രമുഖരെ രക്ഷിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ പരസ്യമായിത്തന്നെ രംഗത്തുവന്നത് അനുചിതമാണെന്ന വിമര്‍ശം ശക്തമായി. ഇപ്പോള്‍ കേന്ദ്ര മന്ത്രിയെ പ്രതിനേരില്‍ക്കണ്ട് കേസ് വിവരം ചര്‍ച്ച ചെയ്തതോടെ അട്ടിമറി നീക്കങ്ങള്‍ കൂടുതല്‍ വെളിപ്പെടുകയാണ്.

 നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രിയുടെ ഓഫീസില്‍വച്ചയിരുന്നു കൂടിക്കാഴ്ച. ധനമന്ത്രിയെ കാണും മുമ്പ് മാധ്യമപ്രവര്‍ത്തകരെ കാണാന്‍ വിസമ്മതിച്ച ബിര്‍ല എന്നാല്‍, ചര്‍ച്ചയ്ക്ക് ശേഷം ആവേശത്തോടെ പ്രതികരിച്ചു. കേസിനെപ്പറ്റി ആശങ്കയില്ലെന്നും താന്‍ തെറ്റുചെയ്തിട്ടില്ലെന്നും ബിര്‍ല പറഞ്ഞു. കേസിന്റെ പശ്ചാത്തലത്തില്‍ എന്ത് ആവശ്യവുമായാണ് മന്ത്രിയെ കണ്ടതെന്ന് ബിര്‍ല വിശദീകരിച്ചില്ല. ബിര്‍ല വിഷയത്തില്‍ സിബിഐക്കെതിരെ വ്യവസായ പ്രമുഖരും ശക്തമായി പ്രതികരിച്ചുതുടങ്ങി. നാല്‍പ്പതോളം രാജ്യങ്ങളില്‍ വ്യാപാര താല്‍പ്പര്യമുള്ള പ്രമുഖ വ്യവസായിക്കെതിരെ കേസുമായി നീങ്ങുന്നത് നിക്ഷേപ വിശ്വാസം ഹനിക്കുമെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ ദോഷം ചെയ്യുമെന്നും വ്യവസായികള്‍ അഭിപ്രായപ്പെട്ടു. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിശ്വാസ്യത ഏറെ വര്‍ഷങ്ങളെടുത്ത് കെട്ടിപ്പടുക്കുന്നതാണെന്നും അതുകൊണ്ടുതന്നെ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനു മുമ്പ് അങ്ങേയറ്റം ശ്രദ്ധിക്കണമെന്നും വ്യവസായികളുടെ സംഘടനയായ സിഐഐ പ്രസ്താവനയില്‍ പറഞ്ഞു. തീരുമാനമെടുക്കുന്ന ഘട്ടങ്ങളില്‍ ഭീതിയുടെ അന്തരീക്ഷം ഉണ്ടാകില്ലെന്ന് തീര്‍ച്ചപ്പെടുത്തണമെന്നും സിഐഐ പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംശയത്തിന്റെയും തെറ്റായ നടപടികളുടെയും ഇരകളാക്കി വ്യവസായ പ്രമുഖരെ മാറ്റരുതെന്ന് വ്യവസായ സംഘടനയായ ഫിക്കി അഭിപ്രായപ്പെട്ടു. നിര്‍ണായകമായ നയരൂപീകരണ നടപടികളെ ഇത്തരം പ്രവൃത്തികള്‍ ബാധിക്കും- ഫിക്കി പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment