Sunday, October 20, 2013

പട്ടികജാതി പെണ്‍കുട്ടികള്‍ക്കുളള വിവാഹ ധനസഹായ വിതരണം നിലച്ചു

പാലക്കാട്: സംസ്ഥാനത്തെ പട്ടികജാതി പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായവിതരണം നിലച്ചു. ആറുമാസത്തിലധികമായി.ധനസഹായം മുടങ്ങിക്കിടക്കുകയാണ്. ഫണ്ടില്ലെന്നതിനാലാണ് വിതരണം മുടങ്ങുന്നതെന്ന് പട്ടികജാതി വികസന വകുപ്പധികൃതര്‍ പറയുന്നു. 14 ജില്ലകളിലായി പതിനായിരക്കണക്കിന് അപേക്ഷകളാണ് പട്ടികജാതി വികസനവകുപ്പിന്റെ ബ്ലോക്ക് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. പാലക്കാട് ജില്ലയില്‍ ലഭിച്ച 1666 അപേക്ഷകളില്‍ സഹായം വിതരണം ചെയ്തിട്ടില്ല. എട്ടുകോടിയിലധികം രൂപ ഈയിനത്തില്‍ പാലക്കാട്മാത്രം വിതരണം ചെയ്യാനുണ്ട്. സംസ്ഥാനതലത്തില്‍ 70കോടിയിലധികം രൂപയുടെ ധനസഹായം വിതരണം ചെയ്യാനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പ്രശ്നം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് മന്ത്രി പങ്കെടുത്ത വകുപ്പുതല യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി പട്ടികജാതിവിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായമായി നല്‍കുന്നത് 30,000രൂപയാണ്. പട്ടികജാതി വികസനവകുപ്പ് 50,000 രൂപയാണ് സഹായധനം നല്‍കുന്നത്. വകുപ്പ് മുഖേനയുള്ള സഹായത്തിന് അപേക്ഷകര്‍ കൂടുതലുണ്ട്. ബ്ലോക്ക് പഞ്ചായത്തില്‍ നല്‍കുന്ന അപേക്ഷ ജില്ലാ പട്ടികജാതി വികസന വകുപ്പിന് കൈമാറി അനുമതിലഭിച്ചാല്‍ ധനസഹായം വിതരണം ചെയ്യുകയാണ് പതിവ്. അപേക്ഷ നല്‍കി രണ്ടു മാസത്തിനകം സഹായം ലഭിക്കേണ്ടതാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പിന്നോക്കവിഭാഗ ക്ഷേമവകുപ്പിന് 1,800കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 800 കോടി രൂപ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും 1000 കോടി രൂപ പട്ടികജാതി വികസനവകുപ്പിനുമാണ് അനുവദിച്ചിട്ടുള്ളത്. സ്കോളര്‍ഷിപ്പുകള്‍, ചികിത്സാസഹായങ്ങള്‍, ഉപകരണവിതരണം, മറ്റ് ധനസഹായങ്ങള്‍ എന്നിവയ്ക്കാണ് തുക വിനിയോഗിക്കുക. ഇത്രയും തുക ബജറ്റില്‍ നീക്കി വച്ചിട്ടും വിവാഹധനസഹായം വിതരണം ചെയ്യാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. വിവാഹധനസഹായത്തുക യഥാസമയം വിതരണം ചെയ്യാത്തതിനാല്‍ ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്നില്ല. പട്ടികജാതി വികസനവകുപ്പ് മന്ത്രിയടക്കമുള്ളവര്‍ക്ക് നിവദേനം നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് വിവിധ പട്ടികജാതി സംഘടനകള്‍ പറഞ്ഞു. പരിഹാരനടപടി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് സംഘാടകര്‍.

deshabhimani

No comments:

Post a Comment