Sunday, October 13, 2013

ചീക്കല്ലൂരില്‍ വിമാനതാവളം: സര്‍വ കക്ഷി യോഗം പ്രഹസനമായി

കല്‍പ്പറ്റ: ജനകീയ പ്രതിഷേധം ഭയന്ന് എം പിയും എംഎല്‍എമാരും യോഗത്തിനെത്തിയില്ല.ചീക്കല്ലൂരില്‍ വിമാനതാവളം സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളുടെ ആശങ്ക ദുരീകരിക്കാന്‍ കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗം പ്രഹസനമായി. ഏവിയേഷന്‍ സെക്രട്ടരി യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹവും എത്തിയില്ല. ബന്ധപ്പെട്ടവരുടെ അസാന്നിധ്യത്തില്‍ യോഗം നടത്തരുതെന്ന് ആവശ്യവുമായി രാഷ്ട്രീയ -സംഘടനപ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ യോഗം പ്രക്ഷുബ്ധമായി. ബന്ധപ്പെട്ട അധികൃതര്‍ പങ്കെടുക്കാത്തതിനാല്‍ യോഗം മാറ്റിവെക്കണമെന്ന് സിപിഐം ജില്ല സെക്രട്ടരി സി കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.

 മന്ത്രിക്കും എം പിയും എംഎല്‍എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കുമെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. ആറന്മുള വിമാനതാവളത്തിനെതിരെ പ്രതിഷേധിക്കുകയും ഹരിത എംഎല്‍എ എന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന എം വി ശ്രേയാംസ്കുമാര്‍ സ്വന്തം മണ്ഡലത്തില്‍, നെല്‍പാടങ്ങളും കൃഷി ഭൂമിയും നികത്തി എയര്‍പോര്‍ട് സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ വി ശശി, വൈസ്പ്രസിഡണ്ട് എ ദേവകി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സ ചാക്കോ,പനമരം പഞ്ചായത്ത് പ്രസിഡണ്ട് അസ്മത്ത് തുടങ്ങിയവര്‍ മാത്രമാണ് യോഗത്തിനെത്തിയത്. എം പി സ്ഥലത്തുണ്ടായിട്ടും എത്തിയില്ല.

വിമാനതാവളം സ്ഥാപിക്കുന്നതിനുള്ള ടെക്നോ ഫീസിബിലിറ്റി പഠനം നടത്താന്‍ സര്‍കാര്‍ കെഎസ്ഐഡിസിയെയാണ് ചുമതലപ്പെടുത്തിയത്. കെഎസ്ഐടിസി ആഗോള ടെണ്ടര്‍ വിളിച്ച് നൈറ്റ് ഫ്രാങ്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എയര്‍പോര്‍ട് പ്ലാനേഴ്സ് എന്നീ കമ്പനികളെ ചുമതലപ്പെടുത്തി. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ കമ്പനികള്‍ക്ക് സര്‍വേ നടത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് മത്സ്യബന്ധ തുറമുഖ, എക്സൈ് മന്ത്രി കെ ബാബുവിന്റെ അധ്യക്ഷതയില്‍ സെപതംബര്‍ 11ന് തിരുവനന്തപുരത്ത് യോഗം വിളിച്ച് ചേര്‍ത്തത്. ഈ യോഗത്തില്‍ മന്ത്രി പി കെ ജയലക്ഷ്മി, എംഐ ഷാനവാസ് എംപി, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ വി ശശി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സ ചാക്കോ,വൈസ്പ്രസിഡണ്ട് വി കെ അബ്ദുള്‍ഗഫൂര്‍,പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ അസ്മത്ത്,കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി തോമസ് എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുതിരുന്നു.

വയനാട് ജില്ലയുടെ വികസനത്തിന് വിമാനതാവള പദ്ധതി അനുയോജ്യമാണെന്നാണ് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ഏകസ്വരത്തില്‍ അറിയിച്ചത്. പ്രദേശത്ത് അധികമാളുകള്‍ താമസിക്കുന്നില്ലെന്നും ജില്ലയിലെ ടൂറിസം മേഖലക്കും വാണിജ്യ മേഖലക്കും വിമാനതാവളം അനുഗ്രഹമാകുമെന്നാണ് എം ഐ ഷാനവാസ് എം പി അഭിപ്രായപ്പെട്ടത്. പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മറ്റ് അടിയന്തിര സാഹചര്യങ്ങളില്‍ സഹായം എത്തിക്കുന്നതിനും എയര്‍പോര്‍ട് ഉപകരിക്കുമെന്നും ഷാനവാസ് പറഞ്ഞു. പദ്ധതിക്ക് എത്ര ഭൂമി വേണമെന്നും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് എത്ര തുക നഷ്ട പരിഹാരം അനുവദിക്കുമെന്നും അറിയണമെന്നുമാണ് എം പി യോഗത്തില്‍ ആവശ്യപ്പെട്ടത്.

ജനപ്രതിനിധികള്‍ വിമാനതാവളത്തിന് പച്ചക്കൊടി കാണിച്ചതോടയാണ് ഏവിയേഷന്‍ സെക്രട്ടരിയുടെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 11ന് യോഗം വിളിച്ച് ചേര്‍ക്കാന്‍ മന്ത്രി കെ ബാബു നിര്‍ദേശിച്ചത്.എല്ലാ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടേയും സംഘടനകളുടേയും യോഗം വിളിച്ച് ചേര്‍ത്ത് ആശങ്ക ദുരീകരിക്കാനും സര്‍വേ പുനരാരംഭിക്കാനുമാണ് യോഗം ചേര്‍ന്നത്. എന്നാല്‍ വിമാനതാവളത്തിനെതിരെ പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്ന വിവരമറിഞ്ഞാണ് മന്ത്രിയും എംപിയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. തുടര്‍ന്ന് വിവിധ ജനപ്രതിനിധികളുടെ ആവശ്യപ്രകാരമാണ് എഡിഎം എന്‍ ഡി മാത്യു യോഗം മറ്റൊരു ദിവസത്തിലേക്ക മാറ്റിയതായി അറിയിക്കുകയായിരുന്നു.പ്രദേശവാസികളുടെ വികാരം മാനിക്കാതെ വിമാനതാവളത്തിനെ അംഗീകരിക്കുന്ന ജനപ്രതിനിധികളുടെ നിലപാട് വിമര്‍ശന വിധേയമാകുന്നുണ്ട്.

deshabhimani

No comments:

Post a Comment