Sunday, October 13, 2013

ശിവഗംഗയില്‍ ചിദംബരത്തിന്റെ ബാങ്ക് ശാഖാ വിപ്ലവം

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ധനമന്ത്രി പി ചിദംബരത്തിന്റെ മണ്ഡലമായ തമിഴ്നാട്ടിലെ ശിവഗംഗയില്‍ "ബാങ്ക് ശാഖാ വിപ്ലവം". ഓരോ ദിവസവും പൊതുമേഖലാ ബാങ്കുകളുടെ ഒന്നോ രണ്ടോ ശാഖവീതമാണ് ശിവഗംഗയില്‍ തുറക്കുന്നത്. എല്ലാ പുതിയ ശാഖയുടെയും ഉദ്ഘാടകന്‍ ചിദംബരംതന്നെ. ഓരോ ഉദ്ഘാടനത്തോടനുബന്ധിച്ചും വായ്പാമേളകളും മറ്റും സംഘടിപ്പിക്കുന്നുമുണ്ട്. 2009ല്‍ ശിവഗംഗയില്‍ കഷ്ടിച്ചു രക്ഷപ്പെട്ട ചിദംബരം ഇക്കുറി "ബാങ്ക് വിപ്ലവത്തിലൂടെ" വിജയം നേടാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ ശനിയാഴ്ച ജന്മസ്ഥലമായ കാനാടുകാതനില്‍ ഇന്ത്യന്‍ ബാങ്കിന്റെ 2132-ാമത് ശാഖ ഉദ്ഘാടനംചെയ്ത് സംസാരിക്കവെ ചിദംബരം വികാരാധീനനായി. ചിദംബരത്തിന്റെ ഭാര്യയുടെ മുത്തച്ഛന്‍ അണ്ണാമലൈ ചെട്ടിയാര്‍ ഇന്ത്യന്‍ ബാങ്കിന്റെ സ്ഥാപകരിലൊരാളാണ്. അദ്ദേഹം സ്ഥാപകനായിരുന്നെങ്കിലും ഇപ്പോള്‍മാത്രമാണ് ബാങ്ക് ശാഖ ജന്മനാട്ടില്‍ തുറക്കുന്നതെന്ന് ചിദംബരം പറഞ്ഞു. താന്‍ ജനിച്ചുവളര്‍ന്ന സ്ഥലത്ത് ബാങ്ക് ശാഖ തുറക്കാനാകുന്നതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ട്- ചിദംബരം പറഞ്ഞു. ഒരു കോടിയുടെ വായ്പയും ചിദംബരം വിതരണംചെയ്തു. ഞായറാഴ്ച വിജയ ബാങ്കിന്റെ 1459-ാമത് ശാഖ തായമംഗലത്ത് ചിദംബരം ഉദ്ഘാടനംചെയ്തു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, സിന്‍ഡിക്കറ്റ്, യൂക്കോ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങി ഒട്ടനവധി ബാങ്കുകളുടെ ശാഖകളുംരണ്ടുമാസ കാലയളവില്‍ ചിദംബരം ശിവഗംഗയില്‍ തുറന്നു. സിന്‍ഡിക്കറ്റ് ബാങ്കിന്റെ 3044-ാമത് ശാഖയാണ് പുതുക്കോട്ടയില്‍ ഉദ്ഘാടനംചെയ്തത്. ഇതോടൊപ്പം സിന്‍ഡിക്കറ്റ് ബാങ്കിന്റെ മറ്റ് 28 ശാഖയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പുതുക്കോട്ടയില്‍ത്തന്നെ ഐഒബിയുടെ 3001-ാമത് ശാഖയും ചിദംബരം തുറന്നു.

സെപ്തംബര്‍ 14ന് മാത്രം അഞ്ച് ബാങ്ക് ശാഖയാണ് ഉദ്ഘാടനംചെയ്തത്. ബാങ്കിങ് മേഖലയുടെ സ്വകാര്യവല്‍ക്കരണശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചിദംബരം ശിവഗംഗയില്‍ ബാങ്ക് ദേശസാല്‍ക്കരണത്തെക്കുറിച്ചാണ് വാചാലനാകുന്നത്. ദേശസാല്‍ക്കരണമാണ് ദരിദ്രജനവിഭാഗങ്ങള്‍ക്കും പിന്നോക്കക്കാര്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കിയതെന്ന് ചിദംബരം പറഞ്ഞു. ഓരോ ശാഖയുടെയും ഉദ്ഘാടനവേദിയില്‍ നൂറുപേര്‍ക്കെങ്കിലും ചിദംബരം കാര്‍ഷിക- വിദ്യാഭ്യാസ വായ്പകള്‍ വിതരണംചെയ്യുന്നുമുണ്ട്. വിവിധ കേന്ദ്രവകുപ്പുകളെ സ്വാധീനിച്ച് കേന്ദ്രസ്ഥാപനങ്ങളും ചിദംബരം തിരക്കിട്ട് സ്വന്തം മണ്ഡലത്തിലേക്ക് എത്തിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച മാട്ടുപ്പെട്ടിയില്‍ സ്പൈസസ് പാര്‍ക്ക് ഉദ്ഘാടനംചെയ്തു. തമിഴ്നാട്ടിലെ ആദ്യ സ്പൈസസ് പാര്‍ക്കാണ് വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനംചെയ്തത്. നാഷണല്‍ ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്റെ യൂണിറ്റിനും ശിവഗംഗയിലെ കളയര്‍കോവിലില്‍ തുടക്കമായിട്ടുണ്ട്.

deshabhimani

No comments:

Post a Comment