Saturday, October 19, 2013

ലീഗല്‍ മെട്രോളജി സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായി അളവുതൂക്കം പരിശോധിക്കുന്ന ലീഗല്‍ മെട്രോളജി വിഭാഗം സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഗവണ്‍മെന്റ് അപ്രൂവ്ഡ് ടെസ്റ്റ് സെന്റര്‍ എന്ന പേരിലാണ് സ്വകാര്യ ഏജന്‍സിക്ക് നീക്കം നടത്തുന്നത്. സാധാരണ ജനങ്ങള്‍ വാങ്ങുന്ന റേഷന്‍സാധനങ്ങള്‍മുതല്‍ ജ്വല്ലറികള്‍, എണ്ണക്കമ്പനികളിലെ സംഭരണികള്‍ എന്നിവയുടെ സാമ്പിളുകളുടെ അളവു പരിശോധനകളാണ് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തുന്നത്. മോട്ടോര്‍വാഹന വകുപ്പിന്റെ കീഴിലാക്കേണ്ട പുക മലിനീകരണ പരിശോധനാകേന്ദ്രം സ്വകാര്യവല്‍ക്കരിച്ചപോലെയാണ് ലീഗല്‍ മെട്രോളജിയെ മാറ്റുന്നത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം വന്നതായി ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍ പറഞ്ഞു. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയമാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്.

സംസ്ഥാനത്തെ ലീഗല്‍ മെട്രോളജി വകുപ്പില്‍ 550 ജീവനക്കാരാണുള്ളത്. ഇനി ഇവരുടെ ജോലി കേവലം പരിശോധനയില്‍ ഒതുങ്ങും. സീല്‍ചെയ്യാനും ഫീസ് ഈടാക്കാനുമുള്ള അധികാരം സ്വകാര്യ ഏജന്‍സികള്‍ക്കാവും. റേഷന്‍കടകള്‍, പലച്ചരക്കു വ്യാപാരികള്‍ എന്നിവര്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, കോള്‍ ത്രാസ്, കൗണ്ടര്‍ മെഷീന്‍ എന്നിവയുടെ പരിശോധനയ്ക്ക് 200 മുതല്‍ 400 രൂപവരെയാണ് ലീഗല്‍ മെട്രോളജി പ്രതിവര്‍ഷം ഫീസ് വാങ്ങുന്നത്. ഇപ്പോള്‍ കടകളില്‍ അധികവും ഇലക്ട്രോണിക്സ് ത്രാസാണ്. പഴയതരം ത്രാസുകള്‍ കുറവാണ്. ഓട്ടോറിക്ഷകളുടെ മീറ്റര്‍ സീല്‍ചെയ്യുന്നതിന് 100 രൂപയാണ് ഫീസ് ഈടാക്കുന്നത്. പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളാണ് ഇത്തരത്തില്‍ മീറ്റര്‍ സീല്‍ചെയ്യുന്നതിനായി താലൂക്ക് അസി. കണ്‍ട്രോളര്‍ ഓഫീസുകളിലെത്തുന്നത്. എല്ലാ താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ ആസ്ഥാനത്തുമാണ് ലീഗല്‍ മെട്രോളജി ഓഫീസുകളുള്ളത്. തിരുവനന്തപുരത്ത് കണ്‍ട്രോളറുടെ ഓഫീസുമുണ്ട്. ജ്വല്ലറികളില്‍ ഉപയോഗിക്കുന്ന സാധാരണ ത്രാസും ഇലക്ട്രോണിക്സ് ത്രാസും പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഇവര്‍തന്നെ. ഇതിന് 1000 രൂപയാണ് ഫീസ്.

ബിപിസിഎല്‍, ഐഒസി, എച്ച്ഒസി തുടങ്ങിയ കമ്പനികളുടെ സംഭരണി പരിശോധനയ്ക്ക് 1000 രൂപയാണ് ഫീസ്. 2012 ആഗസ്ത് 17 മുതല്‍ 5000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. 1000 ലിറ്ററിനു മുകളിലുള്ള ടാങ്കിനാണ് 5000 രൂപ വാങ്ങുന്നത്. ടാങ്കര്‍ലോറികളില്‍ കൊണ്ടുപോകുന്ന ഇന്ധനങ്ങളുടെ പരിശോധനയ്ക്ക് 2000 രൂപമുതല്‍ 3000 രൂപവരെ വാങ്ങിയിരുന്ന ഫീസും സര്‍ക്കാരിന്റെ വരുമാനമാര്‍ഗങ്ങളിലൊന്നായിരുന്നു. കൂടാതെ വിവിധ സ്ഥാപനങ്ങളിലെത്തി വേ ബ്രിഡ്ജുകളുടെ തൂക്കവും പരിശോധിച്ചിരുന്നു. ഇതെല്ലാമാണ് ഇപ്പോള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നത്. സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുമ്പോഴത്തെ ഫീസും ഇപ്പോള്‍ കൃത്യമായി പറയുന്നില്ല. പരിശോധനാ കാലാവധി ഒരുമാസമായി ചുരുക്കാനും ആലോചനയുള്ളതായി അധികൃതര്‍ പറഞ്ഞു. അളവുതൂക്കങ്ങളുടെ ഉപകരണങ്ങള്‍ കേടായാല്‍ അവയുടെ അറ്റകുറ്റപ്പണി നടത്തുന്നത് സര്‍ക്കാര്‍ ലൈസന്‍സുള്ള ഏജന്‍സികളാണ്. സംസ്ഥാനത്ത് 5000 പേര്‍ക്കാണ് ലൈസന്‍സുള്ളത്. എന്നാല്‍ ഇനി സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുന്ന അറ്റകുറ്റപ്പണിയും ഈ ഏജന്‍സികളെത്തന്നെ (ഗവണ്‍മെന്റ് അപ്രൂവ്ഡ് ടെസ്റ്റ് സെന്റര്‍) ഏല്‍പ്പിക്കാനാണ് നീക്കം.
(വി ടി ശിവന്‍)

deshabhimani

No comments:

Post a Comment