Saturday, October 19, 2013

ഡിവൈഎസ്പിയുടെ ഫോണ്‍ വിവരങ്ങള്‍ ലഭ്യമാണോയെന്ന് കോടതി

ടി പി ചന്ദ്രശേഖരന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി എ പി ഷൗക്കത്തലിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ വിശദാംശങ്ങള്‍ ലഭ്യമാണോ എന്നറിയിക്കണമെന്ന് ഹൈക്കോടതി. ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസര്‍ക്കാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ നിര്‍ദേശം. ഷൗക്കത്തലിയുടെ മൊബൈല്‍ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം നിരസിച്ച വിചാരണക്കോടതിയുടെ നടപടി ചോദ്യംചെയ്ത് കേസിലെ പ്രതിയായ ലംബു പ്രദീപന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.

കേസില്‍ ബിഎസ്എന്‍എല്ലിനെ കക്ഷിചേര്‍ത്താണ് കോടതി നടപടി. അന്വേഷണ ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് ആപല്‍ക്കരമാണെന്ന് സ്പെഷ്യല്‍ പ്രേകസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ സമാനരീതിയിലുള്ള കൊലപാതകങ്ങള്‍ക്ക് ഇത് കാരണമാവുമെന്നും സ്പെഷ്യല്‍ പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണത്തിലെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരാന്‍ ഡിവൈഎസ്പിയുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ തെളിവായി പരിശോധിക്കേണ്ടതുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതില്ലെന്നും ടവര്‍ ലൊക്കേഷനും സമയവും മാത്രം പരിശോധിച്ചാല്‍ മതിയെന്നും കോടതി നിരീക്ഷിച്ചു. ഇതിനായി ബിഎസ്എന്‍എല്ലിനെ കക്ഷിചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2012 മെയ് 15ലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ലഭ്യമാണോയെന്ന് അറിയില്ലെന്ന് ബിഎസ്എന്‍എല്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശപ്രകാരം മൊബൈല്‍ ടവര്‍ വിവരങ്ങള്‍ ഒരുവര്‍ഷത്തേക്ക് മാത്രമേ സൂക്ഷിച്ചുവയ്ക്കാറുള്ളൂ എന്നും ബിഎസ്എന്‍എല്‍ അഭിഭാഷകന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദീകരണ പത്രിക സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment