Monday, October 21, 2013

ഡെപ്യൂട്ടേഷന്‍ ഒഴിവാക്കാന്‍ സിവില്‍ സപ്ലൈസില്‍ വന്‍ പിരിവ്

സപ്ലൈകോയിലേക്കുള്ള ഡെപ്യൂട്ടേഷന്‍ ഒഴിവാക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പില്‍ വന്‍ പിരിവ്. ഇതോടെ, അഞ്ചുവര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കിയവരും വിരമിക്കാന്‍ ഒരുവര്‍ഷത്തില്‍ താഴെ കാലാവധിയുള്ളവരും മാതൃസ്ഥാപനത്തിലേക്ക് മടങ്ങാന്‍ കഴിയാതെ സപ്ലൈകോയില്‍ കുടുങ്ങി. സിവില്‍ സപ്ലൈസ് വകുപ്പില്‍നിന്ന് സപ്ലൈകോയിലേക്ക് ഡെപ്യൂട്ടേഷനില്‍ എത്തിയ 18 സപ്ലൈ ഓഫീസര്‍മാര്‍ക്കാണ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി ആറുമാസം പിന്നിട്ടിട്ടും മടക്കയാത്ര മുടങ്ങിയത്. ഇതില്‍ 15 സപ്ലൈ ഓഫീസര്‍മാര്‍ 54 വയസ്സ് പിന്നിട്ടവരാണ്. അവസാനവര്‍ഷം മാതൃസ്ഥാപനത്തില്‍ ജോലിചെയ്യാന്‍ അവസരം നല്‍കണമെന്ന ചട്ടവും ലംഘിക്കപ്പെടുന്നു.

മുപ്പത്തഞ്ച് റേഷനിങ് ഇന്‍സ്പെക്ടര്‍മാരും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി സിവില്‍ സപ്ലൈസ് വകുപ്പിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍, ഇവര്‍ക്കെല്ലാം പകരം സപ്ലൈകോയിലേക്ക് പോകേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി ഡെപ്യൂട്ടേഷന്‍ ഒഴിവാക്കാന്‍ ലേലംവിളി ആരംഭിച്ചതോടെയാണ് നടപടികള്‍ മുടങ്ങിയത്. സപ്ലൈകോയുടെ കീഴിലുള്ള 96 മാവേലി മെഡിക്കല്‍ സ്റ്റോറുകളില്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് തസ്തികയിലേക്ക്, താല്‍ക്കാലികനിയമനം നേടിയ ഫാര്‍മസിസ്റ്റുകളെ നിയമിക്കാനുള്ള നീക്കവും നടക്കുന്നു. സിവില്‍ സപ്ലൈസ് വകുപ്പില്‍നിന്ന് ഡെപ്യൂട്ടേനില്‍ എത്തിയവരും സപ്ലൈകോ നേരിട്ട് നിയമിച്ചവരുമാണ് നിലവില്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് തസ്തികയിലുള്ളത്. ഇവരെ പുനര്‍വിന്യസിച്ച് താല്‍ക്കാലിക ഫാര്‍മസിസ്റ്റുകള്‍ക്ക് ചുമതല നല്‍കാനാണ് പദ്ധതി. ഇത് തരപ്പെടുത്തിക്കൊടുക്കാന്‍ ഇടനിലക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫാര്‍മസിസ്റ്റ് തസ്തിക പിഎസ്സിക്ക് വിട്ടുള്ള തീരുമാനം നിലനില്‍ക്കെയാണ് ഈ നടപടി.

deshabhimani

No comments:

Post a Comment