Monday, October 21, 2013

കല്‍ക്കരി: സിബിഐ സുപ്രീംകോടതിയില്‍ നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കല്‍ക്കരി കുംഭകോണ കേസില്‍ അന്വേഷണപുരോഗതി വിവരിച്ചുള്ള സ്ഥിതിവിവര റിപ്പോര്‍ട്ട് സിബിഐ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. പ്രമുഖ വ്യവസായി കുമാര്‍മംഗലം ബിര്‍ലയ്ക്കെതിരെയും കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരഖിനെതിരെയും കേസെടുത്തതിന്റെ വിശദീകരണം റിപ്പോര്‍ട്ടിലുണ്ടാകും. ബിര്‍ലയ്ക്കെതിരായ എഫ്ഐആറില്‍ പരാമര്‍ശിക്കുന്ന "ബന്ധപ്പെട്ട അധികാരകേന്ദ്ര"ത്തെ (പ്രധാനമന്ത്രി കാര്യാലയം) കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരണമുണ്ടാകുമോയെന്ന് വ്യക്തമല്ല.

ബിര്‍ലയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ തെറ്റില്ലെന്ന പ്രധാനമന്ത്രിയുടെ ന്യായീകരണം വലിയ രാഷ്ട്രീയവിവാദമായി വളരുകയാണ്. ബിര്‍ലയുള്‍പ്പെടെ സിബിഐ പ്രതിചേര്‍ത്ത വ്യക്തികളെയും കമ്പനിയെയും ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തുവന്നത് അന്വേഷണ ഏജന്‍സിയെ സമ്മര്‍ദത്തിലാക്കാനാണെന്ന് വ്യക്തം. ചൊവ്വാഴ്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയെന്നതും ശ്രദ്ധേയം.

കല്‍ക്കരി കുംഭകോണ കേസില്‍ സിബിഐ എത്രയുംവേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഒന്നിനെയും ഭയപ്പെടാതെയും സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടാതെയുമാകണം അന്വേഷണം. സുപ്രീംകോടതി ശരിയായ രീതിയില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും വേണം. കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കണം. പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ പ്രതിപക്ഷസമ്മര്‍ദത്താല്‍ പ്രധാനമന്ത്രി തയ്യാറായി. എന്നാല്‍, പ്രസ്താവന തൃപ്തികരമല്ല. അന്വേഷണവുമായി സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കണം- യെച്ചൂരി പറഞ്ഞു.

എന്തുകൊണ്ടാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്നിനെ കുറിച്ച് മാത്രം പ്രധാനമന്ത്രി പ്രതികരിച്ചതെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ ആരാഞ്ഞു. കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് ആകെ 14 കേസ് സിബിഐ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് ഒരു കേസില്‍ മാത്രം പ്രധാനമന്ത്രി പ്രതികരണം നടത്തി. മറ്റ് കേസുകളുടെ കാര്യത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്- ജാവദേക്കര്‍ പറഞ്ഞു.

കല്‍ക്കരി കേസില്‍ ഒക്ടോബര്‍ 18 വരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളായിരിക്കും സുപ്രീംകോടതിയില്‍ സിബിഐ ഫയല്‍ ചെയ്യുന്ന സ്ഥിതിവിവര റിപ്പോര്‍ട്ടിലുണ്ടാകുക. ബിര്‍ലയുടെ കമ്പനിയായ ഹിന്‍ഡാല്‍ക്കോയ്ക്ക് അന്നത്തെ കല്‍ക്കരി സെക്രട്ടറി പരഖ് അനധികൃതമായി ഒഡിഷയില്‍ കല്‍ക്കരി പ്പാടം അനുവദിച്ചെന്ന് ആരോപിച്ചുള്ളതാണ് സിബിഐയുടെ അവസാനത്തെ കേസ്. ഇതില്‍ പ്രധാനമന്ത്രി കാര്യാലയത്തെ കുറിച്ച് പറയേണ്ട ഭാഗങ്ങളില്‍ ബന്ധപ്പെട്ട അധികാരകേന്ദ്രമെന്ന പ്രയോഗമാണ് നടത്തിയത്. എഫ്ഐആറിന്റെ കരടില്‍ പ്രധാനമന്ത്രി കാര്യാലയമെന്ന് തന്നെയായിരുന്നു പ്രയോഗമെങ്കിലും ഉന്നതങ്ങളിലെ ഇടപെടലിനെ തുടര്‍ന്ന് തിരുത്തി.

കല്‍ക്കരി സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച പരഖ് ഡയറക്ടറായി ജോലിയില്‍ പ്രവേശിച്ച കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതും വിവാദമായി. 2005 ഡിസംബറിലാണ് പരഖ് വിരമിച്ചത്. 2007 ഫെബ്രുവരിയില്‍ നവ്ഭാരത് പവര്‍ ലിമിറ്റഡില്‍ ഡയറക്ടറായി. ഇതിന് തൊട്ടുപിന്നാലെ നവ്ഭാരത് ലിമിറ്റഡ് കല്‍ക്കരിപ്പാടത്തിന് അപേക്ഷിക്കുകയും 2008ല്‍ അനുവദിച്ചുകിട്ടുകയും ചെയ്തു. കല്‍ക്കരിപ്പാടം ലഭിച്ചശേഷം നവ്ഭാരത് ലിമിറ്റഡ് തങ്ങളുടെ ഓഹരികളെല്ലാം എസ്സാര്‍ കമ്പനിക്ക് വിറ്റു. ഈ ഇടപാടുകളെ കുറിച്ചും സിബിഐ അന്വേഷിക്കുന്നുണ്ട്. വിരമിച്ചശേഷം മറ്റ് രണ്ട് കമ്പനികളില്‍ കൂടി പരഖ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.

deshabhimani

No comments:

Post a Comment