Wednesday, October 23, 2013

"ആത്മ"യിലും ജില്ലതോറും ജോയിന്റ് ഡയറക്ടര്‍ തസ്തിക

കണ്ണൂര്‍: ജില്ലാ കൃഷി ഓഫീസിന് പിന്നാലെ "ആത്മ"യിലും ജോയിന്റ് ഡയറക്ടര്‍ പദവി സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ്. കാര്‍ഷിക വളര്‍ച്ചനിരക്കില്‍ കേരളം മൂക്കുകുത്തുമ്പോഴാണ് ഈ ധൂര്‍ത്ത്. വാഹനങ്ങള്‍ അടക്കമുള്ള സൗകര്യങ്ങളുമായി വിലസുന്ന ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് ഈ തീരുമാനം ഉപകരിക്കുക. കനത്ത ശമ്പളമുള്ള ജോയിന്റ് ഡയറക്ടര്‍ പദവി സൃഷ്ടിച്ച് കഴിഞ്ഞ ഒന്നിനാണ് ഉത്തരവ് ഇറക്കിയത്. ക്ഷീരവികസനം, കോഴിവളര്‍ത്തല്‍, മൃഗസംരക്ഷണം, മത്സ്യോല്‍പാദനം തുടങ്ങി വിവിധ വകുപ്പുകളുടെ കീഴിലെ പദ്ധതികളെ ഏകോപിപ്പിക്കാനാണ് ആത്മ (അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി) രൂപീകരിച്ചത്. കേന്ദ്രസര്‍ക്കാരാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ വിലയിരുത്തുന്നതും "ആത്മ"യുടെ ചുമതലയാണ്. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള പ്രൊജക്ട് മാനേജര്‍ക്കാണ് മുഖ്യ ചുമതല. ഈ പദവിക്ക് മുകളിലായാണ് ജോയിന്റ് ഡയറക്ടറെ അവരോധിക്കുന്നത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് തത്തുല്യമായ പദവിയാണ് ഇത്. കുറഞ്ഞത് 80,000 രൂപ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. സീനിയോറിട്ടി അനുസരിച്ച് വര്‍ധനയുണ്ടാകും. "ആത്മ"യിലെ ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റും നിലവില്‍ കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്്. സമീപഭാവിയില്‍ ഏജന്‍സി നടത്തിപ്പ് സംസ്ഥാനത്തിന് കൈമാറും. ഇതോടെ ബാധ്യത കൃഷിവകുപ്പിനാകും. കേരളത്തില്‍ കാര്‍ഷികമേഖല വന്‍ മുരടിപ്പിലേക്ക് നീങ്ങുകയാണ്. 1980-90 കാലഘട്ടത്തില്‍ 5.25 ലക്ഷം ഹെക്ടറായിരുന്നു നെല്‍കൃഷി. 2010-ല്‍ ഇത് രണ്ടു ലക്ഷം ഹെക്ടറായി. മറ്റു വിളകളുടെ നിലയും ശോചനീയമാണ്. കര്‍ഷകരുമായി നേരിട്ട് ബന്ധപ്പെടുന്ന കൃഷി അസിസ്റ്റന്റുമാരുടെ തസ്തിക പുനര്‍വിന്യസിക്കുകയോ പുതിയ ആളുകളെ നിയമിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഉന്നത തസ്തിക സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ ഫാമുകളിലെ നൂറോളം സീനിയര്‍ ഓഫീസര്‍മാര്‍ക്ക് അഗ്രികള്‍ച്ചറല്‍ ഡയറക്ടര്‍മാരായി അടുത്തിടെ സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഉന്നത പദവി വഹിക്കുന്നവരുടെ നീണ്ടനിരയാണ് കൃഷിവകുപ്പില്‍. തിരുവനന്തപുരം കൃഷി ഡയറക്ടറേറ്റില്‍ ഡയറക്ടര്‍ക്കു പുറമെ നാല് അഡീഷണല്‍ ഡയറക്ടര്‍മാരും അഞ്ച് ജോയിന്റ് ഡയറക്ടര്‍മാരുമുണ്ട്. അഞ്ച് ഡെപ്യൂട്ടി ഡയറക്ടര്‍മാരുമുണ്ട്. വിവിധ പദ്ധതികളുടെ ചുമതലയുമായി പ്രത്യേകം ഡയറക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. 14 ജില്ലകളിലും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരുണ്ട്. ഇവിടങ്ങളില്‍ ആറു മുതല്‍ എട്ടുവരെ ഡെപ്യൂട്ടി ഡയറക്ടര്‍മാരുമുണ്ട്. ജില്ലാ ഓഫീസുകളിലായി 28 ടെക്നിക്കല്‍ അസിസ്റ്റന്റുമാരും പ്രവര്‍ത്തിക്കുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ മുതലുള്ളവര്‍ക്ക് വകുപ്പ് വാഹനവും അനുവദിക്കും.
(സതീഷ്ഗോപി)

deshabhimani

No comments:

Post a Comment