Tuesday, October 15, 2013

കള്ളനും പൊലീസും "കമ്പനി"കൂടി; തോക്ക് കള്ളന്‍ കട്ടു

കോഴിക്കോട്: മന്ത്രിക്ക് എസ്കോര്‍ട്ട് പോയി മടങ്ങുന്ന പൊലീസുകാരന്‍ തീവണ്ടിയില്‍ മദ്യപിക്കാന്‍ കൂട്ടിന് കണ്ടെത്തിയത് പിടികിട്ടാപുള്ളിയെ. "കമ്പനി"ക്കൊടുവില്‍ സര്‍വീസ് പിസ്റ്റളുമായി മുങ്ങിയ കള്ളന്‍ പിന്നീട് പൊലീസ് പിടിയിലുമായി. ഇരുപതോളം മോഷണക്കേസുകളിലെ പ്രതി പേരാവൂര്‍ സ്വദേശി കുന്നുമ്മല്‍ റഫീക്കാ(42)ണ് സര്‍വീസ് പിസ്റ്റളും തിരയുമടങ്ങിയ ബാഗുമായി കോഴിക്കോട്ട് പിടിയിലായത്.

ഞായറാഴ്ച രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മദ്യപിച്ച് ബഹളംവച്ച റഫീക്കിനെ പിടികൂടിയപ്പോഴാണ്് കള്ളന്റെയും പൊലീസിന്റെയും "കമ്പനി" പുറംലോകം അറിഞ്ഞത്. കൃഷിമന്ത്രി കെ പി മോഹനന് എസ്കോര്‍ട്ടായി എത്തിയ തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ രഘുവിന്റെതാണ് റിവോള്‍വര്‍. രഘുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു.

പ്രതിയുടെ ബാഗില്‍ നിന്നും പിസ്റ്റളും അഞ്ച് തിരയും പൊലീസ് കണ്ടെത്തി. മന്ത്രി മോഹനന്റെ അകമ്പടിക്കായി തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടെത്തിയ ശേഷം ഞായറാഴ്ച രാത്രി മലബാര്‍ എക്സ്പ്രസില്‍ മടങ്ങുകയായിരുന്നു രഘു. കാഞ്ഞങ്ങാട്ടുനിന്നാണ് റഫീക്ക് കയറിയത്. ഇരുവരും പരിചയപ്പെട്ടതോടെ ഒരുമിച്ച് മദ്യപിച്ചു. യാത്ര പറഞ്ഞ് കോഴിക്കോട്ടിറങ്ങിയപ്പോള്‍ ബാഗുകള്‍ പരസ്പരം മാറിപ്പോയതാണെന്നാണ് റഫീക്ക് പറയുന്നത്. മാനന്തവാടി തവിഞ്ഞാല്‍ തട്ടുങ്കല്‍ കണ്ടത്തില്‍ ഹൗസില്‍ മത്തായിയാണ് താനെന്നാണ് റഫീക്ക് പൊലീസിനോട് ആദ്യം പറഞ്ഞത്. ഇയാളുടെ ചിത്രം ദൃശ്യമാധ്യമങ്ങളില്‍ വന്നതോടെ പേരാവൂര്‍ പൊലീസ് തിരിച്ചറിഞ്ഞ് വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചു. ട്രെയിനില്‍ പൊലീസുകാരനൊപ്പം മദ്യപിച്ചതായി റഫീക്ക് സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഏതെങ്കിലും പൊലീസുകാരന് സര്‍വീസ് പിസ്റ്റള്‍ നഷ്ടമായിട്ടുണ്ടോയെന്ന് അന്വേഷണമായി. ഒടുവിലാണ് രഘുവിന്റെ സര്‍വീസ് പിസ്റ്റള്‍ കാണാതായതായി വിവരം ലഭിച്ചത്.

deshabhimano

No comments:

Post a Comment